കൊച്ചി: കാറുകൾ പോയത് എം.സി. റോഡിലൂടെ പൃഥ്വിരാജ് ലംബോർഗിനിയിലും ദുൽഖർ പോർഷെയിലും. ബൈക്കിൽ പോയ രണ്ട് യുവാക്കൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായി. ഇതോടെ ഓവർ സ്പീഡ് ചർച്ചകൾ എത്തി. ഈ കാർ ഓട്ടത്തിലെ വിവാദത്തെ കുറിച്ച് ഒടുവിൽ പൃഥ്വിരാജ് തന്നെ മനസ്സ് തുറക്കുകയാണ്.

അന്നത്തെ യാത്രയെക്കുറിച്ച് പൃഥ്വിരാജ് വെളിപ്പടുത്തിയത് ഇങ്ങനെ: ഞാനും ചാലുവും (ദുൽഖർ )എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്. അത് ഞങ്ങളുടെ ആരാധകരാരോ ആണ് മൊബൈലിൽ ഷൂട്ട് ചെയ്തത്. സ്പീഡ് കൂടുതലായിരുന്നോ എന്ന് ആർ.ടി.ഓഫീസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഓവർ സ്പീഡല്ലായിരുന്നെന്നും ഞങ്ങൾ നല്ല കുട്ടികളായാണ് പോയതെന്നും അവർക്ക് പരിശോധനയിൽ മനസിലായി. ഒരു കള്ളച്ചിരിയോടെ പൃഥ്വി പറഞ്ഞുസ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെ നടൻ സുരാജ് വെഞ്ഞാറമൂടാണ് ദൃശ്യങ്ങൾ സഹിതം ഇക്കാര്യം പൃഥ്വിയോട് ചോദിച്ചത്.

ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാ എന്ന പൃഥ്വിരാജിന്റെ തമാശ രൂപേണയുള്ള ചോദ്യത്തിന് അതേ നാണയത്തിലായിരുന്നു സുരാജിന്റെ മറുപടി. 'ലാലേട്ടന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിച്ചതുപോലെ ഡ്രൈവിങ് ലൈസൻസ് സിനിമ കഴിഞ്ഞതോടെ തനിക്കും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പദവി ലഭിച്ചു.'എന്നായിരുന്നു സുരാജിന്റെ മറുപടി. ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ പൃഥി രാജ് അഭിനയിച്ചത് സിനിമാ സൂപ്പർതാരമായിട്ടായിരുന്നു. പൃഥ്വിയും സുരാജും തമ്മിലെ പ്രശ്‌നങ്ങലായിരുന്നു ഡ്രൈവിങ് ലൈസൻസ് കൈകാര്യം ചെയ്തത്. അങ്ങനെ ഡ്രൈവിങിൽ പൃഥ്വിയെ കൊണ്ട് സുരാജ് മറുപടി പറയിച്ചു.

ആഡംബര കാറുകളിൽ താരങ്ങൾ മത്സരയോട്ടം നടത്തിയതായി തെളിവുകളില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. പൃഥ്വിരാജിന്റെ ലെബോർഗിനിയും ദുൽഖർ സൽമാന്റെ പോർഷെയും എറണാകുളം കോട്ടയം റൂട്ടിൽ മത്സരയോട്ടം നടത്തി എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് അധികൃതർ വ്യക്തമാക്കിയത്. റോഡിന് വശങ്ങളിലുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സാധാരണ വേഗത്തിൽ പോകുന്ന ദൃശ്യങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനാൽ താരങ്ങൾക്കെതിരെ നടപടിയുണ്ടാകില്ല.

മറുനാടൻ മലയാളി വാർത്തയെ തുടർന്ന് കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം തോമസിന്റെ നേതൃത്വത്തിലാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ റോഡുകളിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ പരിശോധിച്ചത്. പാലാ റോഡിലെ കൊട്ടാരമറ്റം, കുമ്മന്നൂർ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ കാർ കടന്നു പോകുന്ന സമയം കണക്കാക്കിയാണ് വേഗപരിധി ലംഘിച്ചിട്ടില്ല എന്ന് അനുമാനിച്ചത്. കൊട്ടാരമറ്റത്ത് കാറുകൾ കടന്നു പോയപ്പോൾ സമയം വൈകുന്നേരം 6.05. അവിടെ നിന്നും കാറുകൾ കുമ്മന്നൂർ എത്തിയപ്പോൾ സമയം 6.14. കാറുകൾ 9 മിനിട്ടെടുത്താണ് 6 കിലോമീറ്റർ ദൂരം സഞ്ചരിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പിൽ രണ്ടു സ്ഥലങ്ങൾ തമ്മിലുള്ള ദൂരം കടന്നു പോകാൻ 9 മിനിട്ടാണ് കാണിക്കുന്നത്. ഇങ്ങനെയാണ് കാറുകൾ വേഗ പരിധി ലംഘിച്ചിട്ടില്ലാ എന്ന് കണ്ടെത്തിയത്.

അതേ സമയം മാസങ്ങളായി കാറുകൾ നിരത്തിലിറക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഞായറാഴ്ച കാറുകളുമായി താരങ്ങൾ യാത്ര നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ദുൽഖർ സൽമാന്റെ കോട്ടയത്തെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ദുൽഖർ കോട്ടയത്തേക്ക് പോകുന്നു എന്നറിഞ്ഞപ്പോൾ കാറുമായി മറ്റുള്ളവരും കൂടുകയായിരുന്നു. ആഡംബരക്കാറുകൾ ഏറെ നാൾ ഉപയോഗിക്കാതിരുന്നാൽ സാങ്കേതിക തകരാറുകൾ ഉണ്ടാകും. ലോക്ക്ഡൗണായതിനാൽ ദൂരയാത്ര പോകാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് കോട്ടയത്തേക്ക് മൂന്ന് കാറുകളും ഒന്നിച്ച് കൊണ്ടു പോയത്.

വേഗ പരിധി ലംഘിച്ചിട്ടില്ലാ എന്ന് പറഞ്ഞത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്ത സ്ഥലങ്ങളിൽ വേഗ പരിധി ലംഘിച്ചിട്ടുണ്ടോ എന്ന് അറിയില്ല എന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോം ജെ തോമസ് പറഞ്ഞു. കണ്ടെത്തിയ ദൃശ്യങ്ങളിലും മൊബൈൽ ഫോൺ ദൃശ്യങ്ങളിലും കാറുകളുടെ വേഗത സാധാരണ നിലയിലാണെന്ന് മനസ്സിലാക്കാം. തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഉറപ്പായും നിയമ നടപടി ഉണ്ടാകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഇത്തരം വാഹനങ്ങളുടെത് ഒരു പ്രത്യേക തരം ശബ്ദമാണ്. ആക്‌സിലേറ്റർ കൊടുക്കുമ്പോൾ ഉയർന്ന ശബ്ദം കേൾക്കുമ്പോൾ അമിത വേഗതയാണെന്ന് ചിലപ്പോൾ തെറ്റിദ്ധരിച്ചാവാം ചിലർ ആരോപണമുന്നയിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 19 ന് വൈകുന്നേരമാണ് പാലാ-ഏറ്റുമാനൂർ-കൊച്ചി റൂട്ടിൽ താരങ്ങൾ കാറുകളിൽ നിരത്തിലിറങ്ങിയത്. പൃഥ്വിരാജിന്റെ ലംബോർഗിനിയും ദുൽഖർ സൽമാന്റെ പോർഷെയും ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദിന്റെ ലംബോർഗിനിയും മത്സരയോട്ടം നടത്തിയതായുള്ള ആരോപണം ഉയർന്നത്. നടനും ഡി.ജെ.യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായി വീഡിയോയിൽ കാണാം. ബൈക്ക് യാത്രക്കാരായ യുവാക്കൾ പതർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.

താരങ്ങൾ കാർ യാത്ര നടത്തിയ റോഡിൽ സ്പീഡ് റഡാർ ക്യാമറകൾ ഇല്ലാതിരുന്നതിനാൽ അമിത വേഗതയാണോ എന്ന് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.