തിരുവനന്തപുരം: മെഗാ സ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന ഒരു സിനിമ, അത്തരമൊരു സിനിമയ്ക്കായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം ഏറെയായി.

ആരാധകരെപ്പോലെ തന്നെ അത്തരമൊരു ചിത്രത്തിനായി ഏറെ നാളായി താനും കാത്തിരിപ്പിലാണെന്നാണ് ദുൽഖർ ഇപ്പോൾ പറയുന്നത്. അത്തരത്തിലൊരു സിനിമ താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉടനൊന്നും അത് സംഭവിക്കാൻ സാധ്യതയില്ലെന്നും ദുൽഖർ പറയുന്നു.

'ഞാൻ ഇടയ്ക്ക് വാപ്പച്ചിയോട് പോയി ചോദിക്കാറുണ്ട്. വാപ്പച്ചിയുടെ ഏതെങ്കിലും ഒരു സിനിമയിൽ ഞാൻ ചുമ്മാ ഒന്ന് വന്ന് പോയ്‌ക്കോട്ടെ എന്ന്' 'എനിക്ക് നിന്റെയൊന്നും സഹായം വേണ്ട' എന്നായിരിക്കും വാപ്പച്ചിയുടെ മറുപടി, ദുൽഖർ പറയുന്നു.

എന്തെങ്കിലും എഴുതുന്ന ശീലം ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് സോഷ്യൽ മീഡിയയിൽ ചെയ്യുന്ന പോസ്റ്റുകൾ മാത്രമേ ഇപ്പോൾ എഴുതാറുള്ളൂ എന്നായിരുന്നു ദുൽഖറിന്റെ മറുപടി. അത് ഞാൻ സ്വന്തമായിട്ട് തന്നെ ചെയ്യുന്നതാണ്. മറ്റാരേയും ഞാനതിന് സമ്മതിക്കില്ല. എഴുതാൻ ഇഷ്ടമാണ്. ഒരു പേനയും കടലാസുമെടുത്ത് വെച്ച് മൂഡ് തോന്നുമ്പോൾ എഴുതുന്ന രീതിയൊന്നുമല്ല. എഴുതേണ്ട ആവശ്യം വരുമ്പോൾ ഞാൻ തന്നെ എഴുതും. എന്റെയാ എഴുത്തുകൾ കണ്ട് പലരും ചോദിക്കാറുണ്ട്' എഴുതിക്കൂടെ' എന്ന്, ദുൽഖർ പറയുന്നു.

എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ സ്വന്തം കഥയിലേ സിനിമ ചെയ്യൂവെന്ന് ദുൽഖർ പണ്ടൊരിക്കൽ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് സംവിധാനമൊക്കെ ഉടനേ നടക്കുമോ എന്ന് തനിക്കറിയില്ലെന്നായിരുന്നു ദുൽഖറിന്റെ മറുപടി.

ഒരേ സമയം ഒരുപാട് കാര്യങ്ങൾ ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമകളായാലും അന്യഭാഷാ സിനിമകളായാലും നിർമ്മാണമായാലും വിതരണമായാലുമൊക്കെ എല്ലാം ചെയ്യുമ്പോൾ ഭംഗിയായിരിക്കണമെന്ന ആഗ്രഹമുണ്ടെനിക്ക്. എപ്പോഴെങ്കിലും ഞാനും ഒരു സിനിമ സംവിധാനം ചെയ്‌തെന്നു വരാമെന്നും ദുൽഖർ പറയുന്നു.