ഭാര്യ അമാലിന് ജന്മദിനാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. അമാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദുൽഖറിന്റെ ഹൃദ്യമായ ആശംസ. പാറപോലെ തനിക്കൊപ്പം നിൽക്കുന്നതിനു അമാലിനു നന്ദി പറയുന്നതായി ദുൽഖർ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു.

"എറെ സന്തോഷത്തോടെ ജന്മദിനാശംസകൾ അറിയിക്കുകയാണ് എന്റെ ആം !! ഈ ലോക്ക്‌ഡൗൺ കാലത്ത് സംഭവിച്ച ഏറ്റവും സന്തോഷകരമായ കാര്യം നമുക്ക് പരസ്‌പരം ചെലവഴിക്കാൻ ഏറെ സമയം കിട്ടി എന്നതാണ്. പ്രത്യേകിച്ച് നീയും ഞാനും മറിയവുമൊപ്പം. ജീവിതത്തിലെ ഏറെ വിലമതിക്കുന്ന സമയം. നമ്മളൊന്നിച്ചുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ മുതൽ മറിയത്തിന് വേണ്ടി കെട്ടുകഥകളിലെ വേഷം കെട്ടിയതു വരെ ഏറെ സ്‌പെഷ്യലാണ്. എനിക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്നതിനും എനിക്ക് മറിയത്തെ നൽകിയതിനും നിനക്ക് നന്ദി. ഒരിക്കൽ കൂടി ജന്മദിനാശംസകൾ നേരുന്നു" ദുൽഖർ കുറിച്ചു.

അമാലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കു വച്ചാണ് താരം ആശംസകൾ നേർന്നത്. താരത്തിന്റെ ആരാധകരും അമാലിന്റെ പിറന്നാളിനെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. 2011 ഡിസംബർ 22 നായിരുന്നു ദുൽഖറും അമാൽ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാൽ ആർകിടെക്ടാണ്. വീട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

അതേസമയം, സിനിമ മേഖലയിൽ നിന്ന് പൃഥ്വിരാജും നസ്രിയയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ അമാലിന് ജന്മദിനാശംസകൾ​ നേർന്നിട്ടുണ്ട്. ജന്മദിനാശംസകൾ അമാൽ എന്നാണ് പൃഥ്വി കുറിച്ചത്. ‘ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു അമാ' എന്ന് നസ്രിയയും കുറിച്ചു.