കൊച്ചി: സമൂഹമാധ്യമത്തിലെ പുത്തൻ താരോദയമായ ക്ലബ് ഹൗസിലെ വ്യാജന്മാരെപ്പറ്റി മുന്നറിയിപ്പുമായി നടൻ ദുൽഖർ സൽമാൻ.തന്റെ പേരിൽ ക്ലബ് ഹൗസിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകൾ ചൂണ്ടിക്കാട്ടിയാണ് ക്ലബ് ഹൗസിലെ വ്യാജന്മാരെക്കുറിച്ച് താരം മുന്നറിയിപ്പ് നൽകിയത്. വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ടും പങ്കുവെച്ച് ഫേസ്‌ബുക്കിലുടെയായിരുന്നു ദുൽഖറിന്റെ പ്രതികരണം.താൻ ക്ലബ്ഹൗസിലെ ഉപയോക്താവ് അല്ലെന്നും തന്റെ പേരിൽ ആൾമാറാട്ടം നടത്തരുതെന്നും ദുൽഖർ പറയുന്നു.

'ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. എന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്. അത് ശരിയായ രീതി അല്ല!', എന്നാണ് ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചത്. ഒപ്പം തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ ഏതാനും സ്‌ക്രീൻ ഷോട്ടുകളും താരം പങ്കുവച്ചു.

ഈ ലോക്ഡൗൺ കാലത്ത് ക്ലബ്ഹൗസ് എന്ന ആപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉണ്ടാക്കുന്നത്. ശബ്ദം മാധ്യമമായ ഈ സോഷ്യൽ മീഡിയ കഴിഞ്ഞവർഷം മാർച്ചിലാണ് ഐഒഎസ് പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയതെങ്കിൽ ഈ വർഷം മെയ് 21ന് ആൻഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് ഏറെ ജനപ്രീതി ലഭിച്ചത്. പോൾ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ഈ പ്ലാറ്റ്‌ഫോമിന് രൂപം നൽകിയത്

ആപ്പ് വന്നപ്പോൾ മുതൽ തന്നെ ആശങ്കയുണ്ടാക്കിയതായിരുന്നു ശബ്ദംകൊണ്ടുള്ള ആൾമാറാട്ടം. ആൾമാറാട്ടം, ശബ്ദതട്ടിപ്പുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ക്ലബ് ഹൗസിൽ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും ഇതിനോടകം വിദഗ്ദ്ധർ നൽകിക്കഴിഞ്ഞു.നേരത്തെ ഇന്ത്യയിൽ ഈ ആപ്പ് വാർത്തകളിൽ ആദ്യം ഇടം പിടിച്ചത് വിവാദത്തോടെയാണ്. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിച്ച പ്രശാന്ത് കിഷോറിന്റെ ചില ഓഡിയോ ക്ലിപ്പുകൾ വിവാദമായിരുന്നു. ഈ വിവാദം സുരക്ഷിതത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നിലവിൽ ക്ലബ്ഹൗസിൽ ഒരു ചർച്ച വേദി 'റൂം' ഉണ്ടാക്കിയാൽ അത് തീർത്തും ലൈവാണ്. അതിൽ പറയുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്യാൻ സാധ്യമല്ല. ക്ലബ്ഹൗസും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്, ഉപഭോക്താക്കളുടെ വിവരങ്ങൾ സംസാരങ്ങൾ എന്നിവ റെക്കോർഡ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ശേഖരിച്ച് വെക്കുന്നില്ല എന്നാണ് പറയുന്നത്, ഭാവിയിൽ ശേഖരിച്ചേക്കാം എന്നും ഇവർ പറയുന്നുണ്ട്.

നിലവിൽ റൂമിലെ സംസാരം അവസാനിച്ച ശേഷം കുറ്റകമായ ഉള്ളടക്കങ്ങളൊന്നും ഇല്ലെങ്കിൽ റെക്കോർഡും റൂമും വോയിസുകളും ഡിലീറ്റ് ആകും. ഡാറ്റകൾ എവിടേയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷെ ഭാവിയിലെ നിയമപ്രശ്നങ്ങൾക്ക് അനുസരിച്ച് ചിലപ്പോൾ കമ്പനി നിലപാട് മാറ്റിയേക്കാം.