കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ പാർട്ടി നിലപാട് കടുപ്പിക്കുമ്പോൾ നേതാക്കൾ ഉൾപ്പടെ ഉള്ളവരുടെ ഓർമ്മയിലെത്തുന്നത് ക്വട്ടേഷൻ സംഘം പാർട്ടിക്ക് കൊടുത്ത പണി.ഡിവൈഎഫ്‌ഐയുടെ പ്രചരണജാഥയ്ക്കിടെയായിരുന്നു ഫ്യൂസ് ഊരിക്കൊണ്ട് ക്വട്ടേഷൻ സംഘം നേതാക്കളെയടക്കം ഞെട്ടിച്ചത്.

സ്വർണക്കള്ളക്കടത്തിൽ കർശന നിലപാടുമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐയെ പരസ്യമായി വെല്ലുവിളിച്ച സംഭവം മാസങ്ങൾക്ക് മുമ്പാണ് കൂത്തുപറമ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.ക്വട്ടേഷൻ, കള്ളക്കടത്ത് സംഘങ്ങൾക്ക് എതിരേ ഡിവൈഎഫ്ഐ. നടത്തിയ ജില്ലാതല പ്രചാരണജാഥയ്ക്കിടെയായിരുന്നു സംഘം പണികൊടുത്തത്. ക്വട്ടേഷൻ സംഘം വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. തുടർന്ന്‌മൊബൈൽ ഫോൺ വെളിച്ചത്തിലാണ് അന്ന് നേതാക്കൾക്ക് സംസാരിക്കേണ്ടി വന്നത്.

ക്വട്ടേഷൻ സംഘങ്ങളുടെയും കൊള്ളപ്പണക്കാരുടെയും സ്വാധീനമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുത്തായിരുന്നു പ്രചാരണ ജാഥ സഘടിപ്പിച്ചത്.കണ്ണൂർ, കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, മട്ടന്നൂർ എന്നീ അഞ്ചുബ്ലോക്കുകളിലാണ് കള്ളപ്പണക്കാർക്കും ക്വട്ടേഷൻ സംഘത്തിനുമെതിരേ ഡിവൈഎഫ്ഐ. പ്രചാരണ ജാഥ നടത്തിയത്. കൂത്തപറമ്പിലെ ജാഥയുടെ സമാപനത്തിൽ പ്രസംഗിക്കാനായി നേതാക്കളെത്തുമ്പോഴാണ് ക്വട്ടേഷൻ സംഘം ഫ്യൂസ് ഊരി പ്രദേശം മുഴുവൻ ഇരുട്ടിലാക്കിയത്. തുടർന്ന് നേതാക്കൾ കത്തിച്ചുപിടിച്ച മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം നടത്തി പരിപാടി അവസാനിപ്പിക്കുകായിരുന്നു.

അതേസമയം ഇത്തരം സംഘങ്ങൾക്ക് പാർട്ടിക്കുള്ളിലെ സ്വാധീനത്തിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെന്നും പറയപ്പെടുന്നു.ഫ്യൂസ് ഊരി പരസ്യമായി തങ്ങളുടെ പ്രതിഷേധം അറിയിച്ച ക്വട്ടേഷൻ സംഘത്തിന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നതിനുള്ള സൂചന കൂടിയായിട്ടാണ് സംഭവത്തെ വിലയിരുത്തിയത്. കണ്ണൂരിൽ ഈ സംഘങ്ങൾക്കുള്ള സ്വാധീനശക്തികൂടി വെളിവാക്കുന്നതായിരുന്നു ഫ്യൂസ് ഊരിക്കൊണ്ടുള്ള പ്രതിഷേധം.