പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന് ശുഭ്ര പതാക ഉയർന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ കെ പി ഉദയഭാനു പതാക ഉയർത്തി. പതാക കൊടിമര ദീപശിഖാ ജാഥകളെ സ്വീകരിക്കാൻ ഉച്ചയോടെ തന്നെ ആയിരങ്ങളെത്തി.

വൈകിട്ട് ആറിന് ശേഷമാണ് പത്തനംതിട്ട നഗരാതിർത്തിയിൽ ജാഥകൾ സംഗമിച്ചത്. അപ്പോഴും കാത്തു നിന്നവരുടെ ആവേശത്തിന് തെല്ലും കുറവില്ല. ബാന്റ്, ചെണ്ട മേളങ്ങളുടെ രാജകീയ അകമ്പടിയോടെ ആയിരകണക്കിന് ഇരുചക്രവാഹനങ്ങൾ അനുധാവനം ചെയ്ത ജാഥകൾ പൊതുസമ്മേളന നഗറിലെത്തിയപ്പോൾ ആവേശം ആകാശത്തോളമായി.

പതാക സംഘാടക സമിതിയുടെ ജനറൽ കൺവീനർ പി ബി സതീഷ് കുമാറും, കൊടിമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാമും, ദീപശിഖ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സംഗേഷ് ജി നായരും ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, പി ബി ഹർഷകുമാർ, ടി ഡി ബൈജു, പി ആർ പ്രസാദ്, ആർ സനൽകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം, പ്രസിഡന്റ് എം സി അനീഷ് കുമാർ എന്നിവർ സന്നിഹിതരായി.