കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കെ.ജെ മാക്സി എംഎ‍ൽഎ ഓഫീസിന് മുന്നിൽ കൂട്ടംകൂടി നിന്നവരുടെ ചിത്രങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത് ചിത്രങ്ങൾ നശിപ്പിച്ചു. മംഗളം കൊച്ചി ഓഫീസിലെ ഫോട്ടോഗ്രാഫർ മഹേഷ് പ്രഭുവിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് അവകാശപ്പെട്ടെത്തിയ യുവാക്കൾ കയ്യേറ്റം ചെയ്ത് അതിക്രമം നടത്തിയത്.

ഇന്ന് രാവിലൊണ് സംഭവം. എംഎൽഎയുടെ ഓഫിസിനു മുന്നിൽ 500ൽ അധികം സ്ത്രീകൾ കൂട്ടം കൂടി നിൽക്കുന്നതു കണ്ടാണ് ഓഫിസിലേയ്ക്കു വരുന്ന വഴി വാഹനം നിർത്തി ചിത്രം പകർത്തിയത്. ഇതു കണ്ട് എംഎൽഎയുടെ ഓഫിസിൽ നിന്ന് ഇറങ്ങി വന്ന കണ്ടാൽ അറിയാവുന്ന മൂന്നു പേർ പടം ഡലീറ്റ് ചെയ്യാതെ ഇവിടെ നിന്നു പോകാനാവില്ലെന്നു ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്യുകയും നിർബന്ധിച്ചു ഡലീറ്റ് ചെയ്യിക്കുകയുമായിരുന്നു. നിങ്ങൾ ചോദിച്ചിട്ടു പടം എടുക്കണമെന്നു പറഞ്ഞായിരുന്നു ഭീഷണി. ഇവിടെ നിൽക്കേണ്ടെന്നും വേഗം പൊയ്ക്കൊള്ളാൻ ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് പ്രസ് ക്ലബിൽ അറിയിച്ചിട്ടുണ്ടെന്നും പൊലീസിൽ പരാതി നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മഹേഷ് പറഞ്ഞു.

രണ്ട് ദിവസമായി എംഎ‍ൽഎയുടെ ഓഫീസിന് മുന്നിൽ വലിയ ആൾക്കൂട്ടമാണെന്ന് സമീപവാസികളായ ചിലർ മഹേഷിനെ വിളിച്ചു പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നും കൊച്ചി ഓഫീസിലേക്ക് പോകും വഴി തോപ്പും പടിക്ക് സമീപമുള്ള കഴുത്ത് മുട്ട് ജങ്ഷനിലെ എംഎ‍ൽഎ ഓപീസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം അനിയന്ത്രിതമായി ആളുകൾ കൂടി നിൽക്കുന്നത് കണ്ട് ചിത്രങ്ങൾ പകർത്തുകയായിരുന്നു. ചിത്രങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ ഓഫീസിൽ നിന്നും ചാടിയിറങ്ങിവന്ന് മഹേഷിനോട് തട്ടിക്കയറുകയായിരുന്നു. മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ ഐ.ഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഐ.ഡികാർഡ് കണ്ടെങ്കിലും ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാതെ പോകാനൊക്കില്ലെന്ന് പറഞ്ഞ് യുവാക്കൾ വാഹനം തടഞ്ഞു. ഇതോടെ ക്യാമറയിൽ നിന്നും ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു.

അതേ സമയം സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്ന് കെ.ജെ. മാക്സി എംഎൽഎ പ്രതികരിച്ചു. കൊല്ലം രവിപിള്ള ഫൗണ്ടേഷന്റെ സ്വകാര്യ ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് എംഎൽഎയുടെ കത്തുവാങ്ങാൻ എത്തിയവരായിരുന്നു സ്ത്രീകൾ. ഇവരെ ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിക്കുന്നതിനും പ്രയാസമുണ്ട്. അതിനായി യുവാക്കൾ അവിടെയുണ്ടായിരുന്നു. ചിത്രങ്ങൾ പകർത്തിയതാരാണെന്ന് അറിയാൻ വേണ്ടി അവർ ചോദ്യം ചെയ്തതാണ്. പക്ഷേ മഹേഷിനു സംഭവിച്ചത് പാടില്ലാത്തതായിരുന്നു. ഇതു സംബന്ധിച്ച് മഹേഷിനെ വിളിച്ചു സംസാരിക്കുമെന്നും എംഎൽഎ അറിയിച്ചു.