കണ്ണൂർ: യൂട്യൂബ് വ്‌ലോഗർമാരായ ഇബുൾ ജെറ്റ് സഹോദരങ്ങളുടെ കേസിൽ അതിശക്തമായ നടപടികൾ എടുക്കാൻ സർക്കാർത തീരുമാനം. നിയമം ലംഘിക്കാൻ ആരേയും അനുവദിക്കില്ലെന്നതാണ് നിലപാട്. ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തതും ഇതിന്റെ ഭാഗമാണ്.

സോഷ്യൽ മീഡിയ ഇഫക്ടിലെ നിയമ ലംഘനങ്ങൾ അനുവദിക്കേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം. യൂട്ഊബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് രാവിലെ മുതൽ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്ത് കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ തടിച്ചുകൂടിയത്. ഇവർക്കെതിരെ എല്ലാം കേസെടുക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. വീഡിയോ ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതിഷേധത്തിന് എത്തിയവരെ കണ്ടെത്തും.

സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്‌ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ വന്നു. ഇവർക്കെതിരെ എല്ലാം നടപടി വരും. ഇത്തരം ആവേശകമ്മറ്റിലെ നിയന്ത്രിക്കാനാണ് പൊലീസ് തീരുമാനം.

നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവരെയും അത്തരത്തിൽ തുടങ്ങിയ വാട്‌സാപ് ഗ്രൂപ്പുകളെയും ഫാൻ പേജുകളെയുമാണ് സൈബർ സെൽ നിരീക്ഷിക്കുന്നത്. യൂട്യൂബറെങ്കിലും നിയമ ലംഘനങ്ങളിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി ആന്റണി രാജുവും പറഞ്ഞു. കണ്ണൂർ ആർടിഒയുടെ പരാതിയിലാണ് ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. നികുതി അടച്ചില്ല, അനുമതിയില്ലാതെ രൂപകൽപനയിൽ മാറ്റം വരുത്തി, കാഴ്ച മറയ്ക്കുന്ന രീതിയിൽ സ്റ്റിക്കറുകൾ പതിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ ദിവസം ഇവരുടെ വാഹനം ആർടിഒ പിടിച്ചെടുത്തിരുന്നു. എന്നാൽ, കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു വ്‌ലോഗർമാരുടെ പ്രതികരണം.

വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്‌ലോഗർമാർതന്നെ പോസ്റ്റ് ചെയ്ത വിഡിയോയിൽനിന്നാണ് ഇവർ കണ്ണൂരിലെ ഓഫിസിൽ എത്തുന്ന വിവരവും സമയവും ആരാധകർ അറിഞ്ഞത്. ഇത് ബോധപൂർവ്വമായ ഗൂഢാലോചനയാണ്. പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിനുള്ള പരോക്ഷമായ ആഹ്വാനം. മുൻകൂട്ടി തയ്യാറാക്കിയ തിരിക്കഥയാണ് അരങ്ങേറിയതെന്നും പൊലീസ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കർശനമായ നടപടികൾ.

സിവിൽ സ്റ്റേഷൻ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിർത്തിയിരുന്നത്. ഇവിടെയെത്തി ഇബുൾ ജെറ്റ് സഹോദരന്മാർ വാഹനത്തിനൊപ്പം ആരാധകർ സെൽഫിയെടുക്കുന്നുണ്ടായിരുന്നു. മറ്റു ചിലർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചിലർ വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിനുള്ളിൽ വ്‌ലോഗർമാർ ഉദ്യോഗസ്ഥരുമായി തർക്കിക്കാനും ലൈവ് വിഡിയോ ചിത്രീകരിക്കാനും തുടങ്ങിയതോടെയാണ് കാര്യങ്ങൾ പൊടുന്നനെ മാറിയത്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ താരമാകാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. ലൈവ് വിഡിയോ പുറത്തുവന്നതോടെ കൂടുതൽപേർ ഇവിടേക്ക് എത്തി. ഓഫിസിലെ കംപ്യൂട്ടറുകളിലൊന്നിന്റെ മോണിറ്റർ യൂട്ഊബർമാരുടെ കൈ തട്ടി വീണു പൊട്ടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിൽ പരാതിപ്പെട്ടു. ശേഷം തൊട്ടടുത്ത ടൗൺ സ്റ്റേഷനിൽനിന്ന് എസ്‌ഐ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി. വ്‌ലോഗർമാരെ കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് മർദിക്കുന്നുവെന്ന് ആരോപിച്ച് ഇരുവരും പൊട്ടിക്കരയുകയും വൈകാരിക രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ടൗൺ സ്റ്റേഷനിൽ എത്തിച്ചതോടെ ആരാധകർ പൊലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ തമ്പടിച്ചു.

ഇതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് ഇടപെട്ടു. പൊലീസിനു നേരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരിൽ 17 പേരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.