കണ്ണൂർ: ഇ ബുൾ ജെറ്റ് വ്ളോഗർ സഹോദരന്മാർക്കെതിരെ മോട്ടോർ വാഹനവകുപ്പിന്റെ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി തലശേരി അഡീഷനൽ സി.ജെ. എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ചെക്ക് റിപ്പോർട്ട് പ്രകാരമുള്ള പിഴതുകയായ 42000 രൂപ ഇതുവരെ അടയ്ക്കാത്ത സാഹചര്യത്തിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

വാദം കേട്ട ശേഷമുള്ള കോടതിയുടെ തീർപ്പിന് അനുസരിച്ചാകും ഇവർ ഇനി പിഴതുക അടയ്ക്കേണ്ടത്്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് ബുൾ ജെറ്റ് സഹോദരങ്ങളായ എബിനും ലിബിനും കഴിഞ്ഞ ദിവസം മോട്ടോർവാഹനവകുപ്പ് നോട്ടീസ് നൽകിയിരുന്നു.

ഇരിട്ടി ആർ.ടി. ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് കരിക്കോട്ടക്കരിയിൽ ഇവരുടെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചത്. ഒരാഴ്‌ച്ചയ്ക്കകം ഇവർ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഇതിനിടെ ഇ ബുൾജെറ്റ് വ്ളോഗർമാർക്ക് പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യം അനുവദിച്ചതിനെതിരെ പൊലിസ് കോടതിയിൽ ഹരജി നൽകാനും തീരുമാനിച്ചിട്ടുണ്ട്.