കണ്ണൂർ: തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സാമൂഹമാധ്യമങ്ങളിൽ പി ജയരാജന്റെ ഫാൻപേജുകൾ ഉയർത്തിയ പ്രതിഷേങ്ങളെ തള്ളി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ. പിജെ ആർമി പോലുള്ള സംഘടനകളൊന്നുമില്ലെന്നും വെറുതെ ഓരോ പേരുമിട്ട് സാമൂഹ്യമാധ്യമങ്ങളിൽ പേര് ദുരുപയോഗപ്പടുത്താൻ ഓരോരുത്തർ ഇറങ്ങിയിരിക്കുകയാണെന്നും ഇപി ജയരാജൻ ആരോപിച്ചു. പി ജയരാജൻ തന്നെ പി ജെ ആർമ്മിയെ തള്ളിപ്പറഞ്ഞു രംഗത്തുവന്നതിന് പിന്നാലെയാണ് ഇ പി ജയരാജനും രംഗത്തെത്തിയത്.

'ഒരു ആർമിയും ഇല്ല. ഒരു പട്ടാളവുമില്ല ഇവിടെ. വെറുതെ ഒരോ പേരും കൊടുത്ത് നവമാധ്യമരംഗത്ത് പേര് കളങ്കപ്പെടുത്താൻ ഓരോരുത്തർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. അതെല്ലാം അവസാനിപ്പിക്കാൻ ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ട്,' ഇപി ജയരാജൻ പറഞ്ഞു.

അതേസമയം സോഷ്യൽമീഡിയയിലെ പിജെ ആർമി എന്ന ഗ്രൂപ്പുമായി തനിക്കൊരു ബന്ധവുമില്ലെന്ന് പി ജയരാജൻ ആവർത്തിച്ചിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അവർ പാർട്ടിക്കെതിരെ പ്രചരണം നടത്തുന്നതെന്നും ഇത് തുടർന്നാൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പി ജയരാജൻ വ്യക്തമാക്കി. ഒരു പാർട്ടി പ്രവർത്തകനെന്ന നിലക്ക് ഏത് ചുമതല നൽകണമെന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ലെന്നും ജയരാജൻ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് ഇത്തവണയും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു പിജെ ആർമി എന്ന ഫേസ്‌ബുക്ക് പേജിൽ പോസ്റ്റുകൾ വന്നത്. ഒതുക്കാനാണ് തീരുമാനമെങ്കിൽ വില നൽകേണ്ടി വരുമെന്നാണയിരുന്നു പോസ്റ്റുകളിലെ മുന്നറിയിപ്പ്.