ന്യൂഡൽഹി: ഗെയിൽ (ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ സുപ്രധാന തസ്തികയിൽ ഇരിക്കുന്ന വ്യക്തിയാണ് കഴിഞ്ഞ ദിവസം കൈക്കൂലി കേസിൽ അറസ്റ്റിലായത്. സ്ഥാപനത്തിന്റെ മാർക്കറ്റിങ് ഡയറക്ടറും മലയാളാളിയുമായ ഇഎസ് രംഗനാഥനെ സ്വകാര്യ കമ്പനികളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് സിബിഐ അറസ്റ്റു ചെയ്തത്. ഗെയിലിന്റെ പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ സ്വകാര്യ കമ്പനികൾക്കു വിലകുറച്ചു നൽകുന്നതിന് അരക്കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്.

കേസിൽഗുരുഗ്രാമിൽ താമസിക്കുന്ന മറ്റൊരു മലയാളിയായ എൻ. രാമകൃഷ്ണൻ നായരും അറസ്റ്റിലായി. രംഗനാഥനു വേണ്ടി കൈക്കൂലി പണം കൈപ്പറ്റിയതു രാമകൃഷ്ണനാണെന്നു സിബിഐ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശിയ രംഗനാഥൻ ദേശീയ തലത്തിലെ അറിയപ്പെടുന്ന ബ്യൂറോ ക്രാറ്റുകളിൽ ഒരാളാണ്. കേരളത്തിൽ ഒരിക്കലും പൂർത്തിയാക്കാന് സാധിക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കു ചുക്കാൻ പിടിച്ചവരിലൊരാളാണു ഇദ്ദേഹം.

കേരളത്തിലെ ഗെയിൽ പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ സാധിച്ചത് അടക്കം ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ രംഗനാഥന്റെ അറസ്റ്റ് കേരളക്കരയെയും ഞെട്ടിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഓഫിസിലും നോയിഡയിലെ വീട്ടിലുമായി നടന്ന റെയ്ഡിൽ 1.29 കോടിയോളം രൂപയും 1.25 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്നു തന്നെ എത്രത്തോളം അഴിമതിക്കാരനാണ് അദ്ദേഹമെന്ന് വ്യക്തമാകും.

ഡൽഹിയിലും മുംബൈയിലും ഉൾപ്പെടെ 8 ഇടത്ത് സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ കയ്യിൽ നിന്ന് ഒന്നരക്കോടിയിൽപരം രൂപയും പിടിച്ചെടുത്തു. 9 പേരാണു പ്രതികൾ. ഡൽഹി പീതംപുരയിലെ പവൻ ഗൗർ, വ്യവസായിയും ഡൽഹിയിലെ റിഷഭ് പോളികെം എന്ന സ്വകാര്യ കമ്പനി ഡയറക്ടറുമായ രാജേഷ് കുമാർ എന്നിവരാണ് സ്വകാര്യ കമ്പനികൾക്കു വേണ്ടി ഇടനിലക്കാരായത്.

രഹസ്യവിവരത്തെ തുടർന്നു സിബിഐ ഒരുക്കിയ കെണിയിൽ ഗൗറും രാജേഷ് കുമാറുമാണ് ആദ്യം കുടുങ്ങിയത്. രംഗനാഥനു വേണ്ടി കൈപ്പറ്റിയതായി പറയുന്ന 10 ലക്ഷം രൂപയും പിടികൂടി. പിന്നാലെ, രാമകൃഷ്ണൻ നായർ, ആദിത്യ ബൻസൽ, സൗരഭ് ഗുപ്ത എന്നിങ്ങനെ 3 പേർ കൂടി പിടിയിലായി.

ഇടനിലക്കാർ കഴിഞ്ഞ ഡിസംബറിലാണു രംഗനാഥനെ നോയിഡയിലെ വീട്ടിലെത്തി കണ്ടതും ഇടപാടിനെക്കുറിച്ചു സംസാരിച്ചതും. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ ധാരണയിലെത്തി. തുടർന്ന് ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടിക്കാഴ്ച നടന്നു. ഡിസംബർ 17നു സ്വകാര്യ കമ്പനികളിൽ നിന്നു കോഴപ്പണം കൈപ്പറ്റിയ ഇടപാടുകാർ രംഗനാഥനെ ബന്ധപ്പെട്ടു. അദ്ദേഹം നിർദേശിച്ചതനുസരിച്ചു രാമകൃഷ്ണനാണു 40 ലക്ഷം രൂപ കൈപ്പറ്റിയത്. ഡിസംബർ 20നു കരാർ അനുവദിക്കാൻ ഇടനിലക്കാർ രംഗനാഥനെ ബന്ധപ്പെട്ടപ്പോൾ മുംബൈയിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഒപ്പിടാമെന്ന് അറിയിച്ചു. സമാനഇടപാടുകൾക്കാണു ഗുപ്ത, ബൻസൽ എന്നിവരെ ഇടനിലക്കാർ ബന്ധിപ്പിച്ചതെന്നും സിബിഐ വ്യക്തമാക്കുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ ഗൂഢാലോചന, അഴിമതി തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്താണു സിബിഐ കേസെടുത്തത്. അറസ്റ്റിലായ 6 പ്രതികളെയും കോടതി 6 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. മികവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്വയംഭരണാധികാരങ്ങളോടെ, മഹാരത്‌ന വിഭാഗത്തിൽപെടുത്തിയ പൊതുമേഖലാ സ്ഥാപനമാണു ഗെയ്ൽ.