കൊച്ചി: കൊച്ചി മെട്രോയുടെ ശിൽപ്പി ഇ ശ്രീധരൻ വീണ്ടും അത്ഭുതം കാണിച്ചു. പാലാരിവട്ടം മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കി നാളെ സർക്കാറിന് കൈമാറും. മുമ്പ് പറഞ്ഞിതിൽ നിന്നും നേരത്തെ അതിവേഗത്തിലാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. പാലാരിവട്ടം മേൽപ്പാലം പുനർ നിർമ്മാണ ജോലി നാളെ പൂർത്തിയാകുമെന്ന് മെട്രോ മാൻ ഇ ശ്രീധരൻ വ്യക്തമാക്കി. നാളെയോ മറ്റന്നാളോ പാലം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് ഔദ്യോഗികമായി കൈമാറും. പാലം പൊതുജനങ്ങൾക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള സർക്കാരാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

പാലം പണി വളരെ പെട്ടെന്ന് പൂർത്തിയാക്കാനായതിൽ വളരെ സന്തോഷമുണ്ട്. ഡിഎംആർസി പുനർനിർമ്മാണ കരാർ ഏറ്റെടുത്തപ്പോൾ 9 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാമെന്നാണ് സർക്കാരിന് വാക്കു കൊടുത്തിരുന്നത്. എന്നാൽ ഊരാളുങ്കലിന് പണിയുടെ കോൺട്രാക്റ്റ് നൽകിയത് എട്ടുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ്. അഞ്ചുമാസം കൊണ്ട് അവർ പണി പൂർത്തിയാക്കി.

പണി ഇത്രവേഗം പൂർത്തിയാക്കിയതിന് ഊരാളുങ്കൽ സൊസൈറ്റിക്ക് നന്ദി പറയുന്നു. നാട്ടുകാർക്ക് ഈ പാലം എത്രയും വേഗം പണി പൂർത്തീകരിച്ച് ഉപയോഗപ്രദമാക്കണം എന്ന ഉറ്റ ഉദ്ദേശം മൂലമാണ് ഡിഎംആർസി പാലം പുനർ നിർമ്മാണം ഏറ്റെടുത്തത്. അല്ലാതെ പണം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെയല്ല എന്നും ഇ ശ്രീധരൻ പറഞ്ഞു.

നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും മികച്ച സഹകരണം ഉണ്ടായി. അതും വളരെ പെട്ടെന്ന് പാലം പണി പൂർത്തീകരിക്കാൻ സഹായമായി എന്നും ശ്രീധരൻ പറഞ്ഞു. പാലാരിവട്ടം പാലത്തിലെ ഭരപരിശോധന ഇന്നലെ പൂർത്തിയായിരുന്നു. ഇതേത്തുടർന്ന് പാലം പരിശോധിക്കാനെത്തിയതായിരുന്നു ഇ ശ്രീധരൻ.

രണ്ട് സ്പാനുകളിലായി നടത്തിയ പരിശോധനയാണ് ബുധനാഴ്ച അവസാനിച്ചത്. 24 മണിക്കൂർ നിരീക്ഷിച്ചശേഷം വെള്ളിയാഴ്ച റിപ്പോർട്ട് ആർബിഡിസികെയ്ക്കും (റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഓഫ് കേരള) സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറിയയത്.

ഇരുപത്തേഴിനാണ് ഭാരപരിശോധന ആരംഭിച്ചത്. പാലത്തിന്റെ 35, 22 മീറ്റർ നീളമുള്ള സ്പാനുകളിലാണ് ഭാരപരിശോധന നടന്നത്. ആദ്യം 35 മീറ്റർ സ്പാനിൽ പരിശോധന പൂർത്തിയായി. ഇത് വിജയിച്ചതിനുപിന്നാലെ 22 മീറ്റർ സ്പാനിലും പരിശോധന നടത്തി. ബലക്കുറവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. സർക്കാർ അനുമതിയോടെ ഈ ആഴ്ചതന്നെ പാലാരിവട്ടം പാലം തുറന്നുനൽകാനാകും. വഴിവിളക്കുകൾ സ്ഥാപിച്ചുകഴിഞ്ഞു. റീ ടാറിങ് ജോലികൾ ഏറെക്കുറെ പൂർത്തിയായി. പുനർനിർമ്മാണജോലികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ജൂൺവരെ സമയം നൽകിയിരുന്നെങ്കിലും മൂന്നുമാസംമുമ്പേ പണി തീർക്കാനായി.