പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ തന്റെ കാൽ കഴുകിയതിനെ ന്യായീകരിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരൻ. കാൽ കഴുകുന്നതും വന്ദിക്കുന്നതും സ്ഥാനാർത്ഥിയോടുള്ള ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിനിടെ ഇ. ശ്രീധരനെ പ്രവർത്തകർ കാൽകഴുകി സ്വീകരിച്ചിരുന്നു. ചിലയിടങ്ങളിൽ പ്രവർത്തകർ അദ്ദേഹത്തിന്റെ കാൽതൊട്ടു വന്ദിക്കുകയും ചെയ്തു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണം തേടിയ ചാനൽ പ്രതിനിധിയോടാണ് ഇ ശ്രീധരൻ പ്രതികരിച്ചത്.

കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ആണ്. സംഭവം വിവാദം ആക്കുന്നവർക്ക് സംസ്‌കാരം ഇല്ലെന്ന് പറയേണ്ടിവരുമെന്നും ശ്രീധരൻ. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ സ്വീകരിക്കുന്നു. സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയില്ല തന്റെ പ്രവർത്തനം. എതിരാളികളെ കുറ്റം പറയാറില്ല. സനാദന ധർമ്മത്തിന്റെ ഭാഗം അല്ല അതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ പ്രചരിപ്പിച്ച് 'കാലു പിടിത്തം' ചർച്ചയാക്കി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗമാണ് രംഗത്തുവന്നത്. വോട്ടർമാർ ശ്രീധരന്റെ കാലു തൊട്ടുവണങ്ങുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മാലയിട്ട് സ്വീകരിക്കപ്പെട്ട ഇ ശ്രീധരനെ മുട്ടുകുത്തി വണങ്ങിയാണ് ഒരു വോട്ടർ സ്വീകരിച്ചത്. ഒരാൾ ഇദ്ദേഹത്തിന്റെ കാലു കഴുകിയാണ് സ്വീകരിച്ചത്. സ്ത്രീകളുൾപ്പെടെ ഇ ശ്രീധരനെ കാൽതൊട്ടു വണങ്ങുന്നത് ചിത്രങ്ങളിൽ കാണാം. ഇതിനെയാണ് പരിഹാസ രൂപേണ ചിലർ ചർച്ചയാക്കിയത്.

പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ജാതീയതയും സവർണമനോഭാവവുമാണ് സ്ഥാനാർത്ഥിയെ കാൽതൊട്ട് വണങ്ങുന്ന ചിത്രങ്ങളിൽ പ്രതിഫലിക്കുന്നതെന്നും വിമർശനം ഉയരുന്നു. എന്നാൽ പാലക്കാട്ടെ അഗ്രഹാരങ്ങളിലുള്ളവർക്ക വീട്ടിലെത്തുന്ന മുതിർന്ന അംഗത്തെ ആദരിക്കുന്ന ചടങ്ങ് പതിവുള്ളതാണ്. ആചാര്യ വന്ദനമെന്നും ഗുരുവന്ദനമെന്നും എല്ലാം ഇതിനെ അവർ വിളിക്കുന്നു. ആദരിക്കേണ്ടവർ വീട്ടിലെത്തുമ്പോൾ ഈശ്വര തുല്യരായി കണ്ട് നടത്തുന്ന ചടങ്ങുകൾ. പാലക്കാട്ടെ അഗ്രഹാരങ്ങളിൽ താമസിക്കുന്നവർക്ക് ഇത് ജീവിത രീതിയുടെ ഭാഗമാണ്.

അതിഥി ദേവോ ഭവ' എന്നതാണ് ഭാരതീയ വീക്ഷണം. മുന്നറിയിപ്പില്ലാതെ വരുന്ന അതിഥി ഈശ്വരനെപ്പോലെ പൂജനീയനാണ് എന്ന് പുരാണങ്ങൾ സൂചിപ്പിക്കുന്നു. അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച് സൽക്കരിക്കണമെന്നും ഗൃഹത്തിൽ നിന്നും നിരാശനായി മടക്കി അയയ്ക്കരുതെന്നും വിശ്വസിക്കുന്നവരാണ് പാലക്കാട്ടെ അഗ്രഹാരങ്ങളിലുള്ളവർ. തമിഴ് സംസ്‌കാരത്തിന്റെ തുടർച്ചയായും ഇത് വിശേഷിപ്പിക്കപ്പെടാം. അതുകൊണ്ട് തന്നെ ശ്രീധരനെ പോലെ പണ്ഡിതനും ബഹുമാനിക്കപ്പെടേണ്ട വ്യക്തിയുമായി ആൾ വീട്ടിലെത്തുമ്പോൾ ഇത്തരം ചടങ്ങുകൾ സ്വാഭാവികമാണെന്ന് ബിജെപിക്കാർ പറയുന്നു. ഈ ആചാരത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം.

വിദ്ഗധന്മാർ ബിജെപിയിൽ എത്തിയാൽ ബിജെപിക്കാരുടെ സ്വഭാവം വരുമെന്ന കളിയാക്കൽ പ്രസ്താവന മുഖ്യമന്ത്രി നടത്തിയിരുന്നു. ഇതിനെല്ലാം ഒപ്പമാണ് കാലുകഴുകലും കളിയക്കാൻ സംഘപരിവാർ വിരുദ്ധർ ആയുധമാക്കുന്നത്. മെട്രോ ഇൻ റിവേഴ്സ് ഗിയർ എന്ന തലവാചകവുമായും കളിയക്കാൽ നടക്കുന്നുണ്ട്. നായരെ ഇപ്പോൾ കാലു തൊട്ട് വന്ദിച്ചേക്ക്... മുഖ്യമന്ത്രിയായാൽ അവസരം കിട്ടില്ലെന്ന ട്രോളും സോഷ്യൽ മീഡിയയിൽ എത്തുന്നു. ആ മുണ്ട് ഒക്കെ ഒതുക്കിപ്പിടിച്ച് നിന്നു കൊടുക്കുന്ന വിനയം കാണാതെ പോകരുത്! എന്ന പരിഹാസവും ഉണ്ട്. ആചാരമായതു കൊണ്ടാണ് ശ്രീധരൻ മുണ്ട് ഒതുക്കി പിടിച്ച് ഈ ചടങ്ങിന് നിൽക്കുന്നതെന്ന വസ്തുതയെ മറച്ചു വച്ചാണ് ഈ കളിയാക്കലുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് അച്യൂതാനന്ദന്റെ കാൽതൊട്ട് യുവതി വന്ദിക്കുന്ന ചിത്രവും ഇതിനൊപ്പം ചർച്ചയാകുന്നുണ്ട്.

ശ്രീധരന് ഏർപ്പെടുത്തുന്ന സ്വീകരണങ്ങളിൽ മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെ കാൽ കഴുകി സ്വീകരിക്കുന്നതാണ്. മുട്ടുകുത്തി വണങ്ങുന്നതും കാൽ തൊട്ട് തൊഴുന്നതും നമസ്‌ക്കരിക്കുന്നതുമായ ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പാലക്കാട്ടെ അഗ്രഹാരങ്ങളിലെ ആചാരമാണ് ഇത് എന്നും വ്യക്തമാണ്. എന്നാൽ മാംസം കഴിക്കുന്നവരെ തനിക്ക് ഇഷ്ടമല്ലെന്ന ഇ. ശ്രീധരന്റെ പ്രസ്തവാനയുൾപ്പെട്ട ചർച്ചയാക്കിയാണ് സവർണ്ണത ഇതിലേക്ക് കൊണ്ടു വരുന്നത്. ഇതിനെ പ്രതിരോധിക്കാൻ അതിശക്തമായ പ്രചരണത്തിന് ബിജെപിയും തയ്യാറെടുക്കും. പാലാക്കട്ട് അഗ്രഹാരങ്ങളുടെ വോട്ട് ശ്രീധരനിലേക്ക് എത്തിക്കാൻ ഈ തെറ്റായ പ്രചരണത്തിന് കഴിയുമെന്ന വിലയിരുത്തലും പരിവാറുകാർക്കുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും ഇ. ശ്രീധരൻ പറഞ്ഞിരുന്നു.