മലപ്പുറം: എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നത് സംബന്ധിച്ച് പാർട്ടി എടുത്തത് ശരിയായ തീരുമാനമെന്ന് ഇ.ടി മുഹമ്മദ് ബഷീർ. വിഷയത്തിൽ കൂടുതൽ ചർച്ചകളിലേക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. രണ്ട് കാരണങ്ങൾ കൊണ്ടാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിത നേതൃത്വം കടുത്ത അച്ചടക്ക ലംഘനം നടത്തി. നിലവിലെ ഹരിത കമ്മറ്റിയുടെ കാലാവധിയും അവസാനിച്ചതാണെന്നും ഇ.ടി വ്യക്തമാക്കി.

മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത കമ്മറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം ഹരിത നേതാക്കൾ തുടർച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം അറിയിച്ചു.

എംഎസ്എഫ് നേതാക്കളുടെയും ഹരിതയുടെയും കൂടുതൽ വിശദീകരണങ്ങൾ യോഗം ചർച്ച ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എംപി, എംപി അബ്ദുസമദ് സമദാനി അടക്കമുള്ള മുതിർന്ന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.

പി കെ നാവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിൽ ഉറച്ചായിരുന്നു ഹരിത നേതാക്കൾ. ലീഗ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കും വിധം വനിതാ കമ്മീഷൻ പരാതിയെ ഉപയോഗിക്കാനാണ് ഹരിതയുടെ നീക്കം. പരാതി പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് നേതാക്കളെ പ്രധാനമായും ചൊടിപ്പിച്ചത്.