കോട്ടയം: മഴ കെടുതിക്കൊപ്പം ഇടുക്കിക്ക് ഭീതിയായി ഭൂചനവും. കഴിഞ്ഞ ദിവസം ഇടുക്കിയിൽ രണ്ടിടത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 6.45ഓടെയാണ് ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. കെഎസ്ഇബിയുടെ സിസ്‌മോഗ്രാമിൽ 1.2 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം കോട്ടയമാണ്. കോട്ടയത്തും കുലുക്കമുണ്ടായി. കോട്ടയം ജില്ലയിലെ പാമ്പാടിയിലും പരിസരപ്രദേശത്തും ശനിയാഴ്ച വൈകിട്ട് 6.30നു ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഭൂമിക്കടിയിൽനിന്നു ചെറിയ മുഴക്കം കേട്ടു. തുടർന്നു 2-3 സെക്കൻഡ് വിറയലും ഉണ്ടായി.

പാമ്പാടി, പങ്ങട, കോത്തല, ളാക്കാട്ടൂർ, പൂതക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ കുലുക്കം അനുഭവപ്പെട്ടു. വീടുകളും വീട്ടുപകരണങ്ങളും കുലുങ്ങി. കോട്ടയത്തിന് നാലു കിലോമീറ്റർ തെക്കായി വൈകിട്ട് ആറരയോടെയായിരുന്നു റിക്ടർ സ്‌കെയിലിൽ ഏകദേശം 2.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനം. തുടർന്ന് ഏഴുമണിയോടെ റിക്ടർ സ്‌കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനവും അനുഭവപ്പെട്ടു. രണ്ടു ചലനങ്ങളും ഏകദേശം 10 കിലോമീറ്റർ ആഴത്തിൽ നിന്നാണ് പുറപ്പെട്ടിരിക്കുന്നത്. വിദേശത്തും മറ്റുമുള്ള സ്വകാര്യ കമ്പനികളുടെ നിരീക്ഷണ സംവിധാനങ്ങൾ പുറത്തുവിട്ട വിവരമാണിത്. നാട്ടകത്തിനും പള്ളത്തിനും മധ്യേയാവാം ആദ്യ ചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക വിവരം.

സൗത്ത് പാമ്പാടിക്കും നെടുംകുന്നത്തിനും മധ്യേയാണ് രണ്ടാമത്തെ ചലനത്തിന്റെ കേന്ദ്രം. ഇതേപ്പറ്റി ആധികാരിക വിവരം നൽകേണ്ടതു തിരുവനന്തപുരത്തെ എൻസെസ്(നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്) എന്ന ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രമാണ്. പ്രഭവകേന്ദ്രവും ഭൂകമ്പത്തിന്റെ തീവ്രതയും മറ്റും ഇന്നേ വ്യക്തമാകൂ. പീച്ചിയിലെ ഭൂകമ്പമാപിനിയിൽ ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലൂടെ ഭൂകമ്പ ഭ്രംശരേഖകൾ കടന്നുപോകുന്നുണ്ട്.

അതേസമയം ഇടുക്കി അണക്കെട്ടിനോടു ചേർന്നുള്ള കെഎസ്ഇബിയുടെ ഡാം സുരക്ഷാ ഗവേഷണ വിഭാഗത്തിന്റെ ഭൂകമ്പ മാപിനിയിൽ വൈകിട്ട് ആറരയോടെ 1.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി കേന്ദ്രങ്ങൾ സൂചിപ്പിച്ചു. ന്യൂഡൽഹിയിലെ സീസ്‌മോളജി വിഭാഗം ഇത്തരം ചലനങ്ങളെ നിരീക്ഷിക്കാറുണ്ടെങ്കിലും ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചില്ലെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. റിക്ടർ സ്‌കെയിലിൽ 3 വരെയുള്ള ചലനങ്ങളെ സാധാരണ മൈക്രോ ട്രെമറുകളെന്ന ചെറു ചലനങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. ഇവ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കാറില്ല.

എന്നാൽ 3.5 നു മുകളിലേക്കു പോകുന്നതോടെ ഭൂചലനങ്ങൾ അപകടകാരികളായി മാറാം. 2000 ഡിസംബർ 12 ന് ഈരാറ്റുപേട്ടയിൽ അനുഭവപ്പെട്ട ഭൂചനലം റിക്ടർ സ്‌കെയിലിൽ 4.9 തീവ്രയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ഇന്നലെയുണ്ടായ ഭൂചലനത്തെ ഗൗരവത്തോടെ കാണുന്നത്. അതുകൊണ്ട് തന്നെ ഇരട്ട ഭൂചലനത്തിന്റെ കാരണങ്ങൾ ശാസ്ത്ര ലോകം പഠിക്കുകയും ചെയ്യും.