കൊച്ചി: സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിൽ രണ്ട് വൈദികരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. എറണാകുളം- അങ്കമാലി അതിരൂപത മുൻ മോൺസിഞ്ഞോർ ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ, മുൻ പ്രോക്യൂറേറ്റർ ഫാദർ ജോഷി പുതുവ എന്നിവരെയാണ് ചോദ്യം ചെയ്ത്. ഇരുവരും എറണാകുളത്ത് ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനായി എത്തി.

കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. നേരെത്ത ഇ.ഡി പരാതിക്കാരനായ ആലുവ ചൊവ്വര സ്വദേശി പാപ്പച്ചന്റെ മൊഴിയെടുത്തിട്ടുണ്ട്. പലരും വാങ്ങിയ ഭൂമിക്ക് പണമെത്തിയത് ഒരേ കേന്ദ്രത്തിൽ നിന്നാണെന്ന് മൊഴി നൽകാനെത്തിയ പാപ്പച്ചൻ മാധ്യമങ്ങളോട് അന്ന് പറഞ്ഞിരുന്നു. ഭൂമി ഇടപാടിന് ഇടനില നിന്നവരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്.

വിവാദമായ ഭൂമി വിൽപനയിൽ ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്നായിരുന്നു ഇ.ഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.

വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ റവന്യൂ സംഘം ഹൈക്കോടതി നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അതിരൂപതയുടെ ഉടമസ്ഥതയിൽ എറണാകുളം വാഴക്കാല വില്ലേജിലുണ്ടായിരുന്ന 99.5 സെന്റ് ഭൂമിയുടെ സെറ്റിൽമെന്റ്് പ്രമാണവുമായി ബന്ധപ്പെട്ടാണ് ലാൻഡ് റവന്യു കമീഷണർ റിപ്പോർട്ട് നൽകിയത്.