ചെന്നൈ: തെരഞ്ഞെടുപ്പു ഗോദയിലേക്ക് നീങ്ങവേ ബിജെപിയെ ഞെട്ടിച്ച് അണ്ണാ ഡിഎംകെയുടെ നീക്കം. തമിഴ്‌നാട്ടിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തുവർക്ക് എതിരായ കേസുകൾ പിൻവലിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പൊലീസിനെ അക്രമിച്ച കേസുകൾ ഒഴികെ ബാക്കിയെല്ലാം പിൻവലിക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചവരുടെ കേസുകളും പിൻവലിക്കും.

തെങ്കാശിയിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പൊതുജനങ്ങളുടെ നന്മയെക്കരുതിയാണ് കേസുകൾ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടംകുളം ആണവനിലയത്തിൽ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിൻവലിക്കുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ആയിരക്കണക്കിന് കേസുകൾ റദ്ദാക്കപ്പെടും. പാർലമെന്റിൽ സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്ത പാർട്ടിയാണ് എൻഡിഎ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ. സിഎഎ സമരങ്ങളേയും അണ്ണാ ഡിഎംകെ നേതാക്കൾ തള്ളിപ്പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മുസ്ലിം വോട്ടുകളെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് എടപ്പാടി പളനിസ്വാമിയുടെ നീക്കംയ. തമിഴക രാഷ്ട്രീയത്തിലേക്ക് ഒവൈസി അടക്കം എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് സർക്കാറും കളം മാറ്റത്തിന് ഒരുങ്ങഉന്നത്. അതികായരായ കരുണാനിധിയും ജയലളിതയും ഇല്ലാതെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. നിലവിൽ ഡിഎംകെ സഖ്യത്തിനൊപ്പമാണ് മുസ്ലിംവോട്ടുകൾ. ഇതിലേക്കാണ് പളനിസ്വാമി കണ്ണുവെനക്കുന്നത്.

ഡിഎംകെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നില്ലെങ്കിൽ തമിഴ്‌നാട്ടിൽ 30 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമിൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ഒവൈസിയുംഅറിയിച്ചു.