എടപ്പാൾ: പഞ്ചലോഹ വിഗ്രഹം ഒളിപ്പിക്കാൻ ഒരു സ്ഥലം വേണമെന്ന കൂട്ടുകാരുടെ ചതിയിൽ ഇർഷാദിന് പോയത് സ്വന്തം ജീവിതം. പണമുണ്ടാക്കാനുള്ള മോഹമാണ് ഇവിടെ ഇർഷാദിന് വില്ലനായത്. കൂട്ടുകാരെ വിശ്വസിച്ച ഇർഷാദ് അവർ കുഴിച്ച കുഴിയിൽ വീണു. സിസിടിവി ഒഴിവാക്കിയുള്ള യാത്ര. ആഭിചാര ക്രിയകൾക്ക് വേണ്ടി ചാക്കും കയറും മറ്റും ഇർഷാദിന്റെ സാന്നിധ്യത്തിൽ വാങ്ങി. യഥാർത്ഥത്തിൽ അത് ഇർഷാദിനെ കൊന്ന് കെട്ടിത്താക്കാനായിരുന്നു. അങ്ങനെ കൂട്ടുകാരുടെ ക്രൂരതയിൽ ഇർഷാദ് ഇരയായി.

അടുത്ത കൂട്ടുകാരായിരുന്നു മൂവരും. സുഭാഷും എബിനും ഇർഷാദിനോട് ആവശ്യപ്പെട്ടിരുന്നു. മലപ്പുറം പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണർ സുഭാഷിനും എബിനും കാണിച്ചുകൊടുക്കുമ്പോഴും ആ കിണർ തന്റെ കുഴിമാടമാകുമെന്ന് ഇർഷാദിന് അറിയില്ലായിരുന്നു. വളപ്പിൽ ഇർഷാദ് ഹനീഫ (25)യുടെ മൃതദേഹം ആറര മാസത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. 15 കോലോളം ആഴമുള്ള കിണറ്റിൽനിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങൾ കയറ്റിയൊഴിവാക്കിയാണ് മൃതദേഹം പുറത്തെടുത്തത്. ഇതോടെ പ്രതികൾ എല്ലാ അർത്ഥത്തിലും കുടുങ്ങി.

ഇർഷാദ് കൊല്ലപ്പെട്ട കേസിൽ സുഹൃത്തുക്കളായ സുഭാഷ്, എബിൻ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. മൃതദേഹം എടപ്പാൾ പൂക്കരത്തറ സെന്ററിലെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന് പ്രതികൾ മൊഴി നൽകിയതിനെ തുടർന്നാണ് തെരച്ചിൽ അങ്ങോട്ട് മാറ്റിയത്. മാലിന്യം മൂടിയ കിണറിൽ ഇർഷാദിനെ കൊന്നു തള്ളിയാൽ ആ വിവരം ഒരിക്കലും പുറംലോകത്തെത്തിലെന്നായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. മൃതദേഹം കിട്ടിയില്ലെങ്കിൽ പ്രതികൾ രക്ഷപ്പെടുമായിരുന്നു. ശരീരം കണ്ടെത്തിയതോടെ ഇതും പൊലീസിന് പൊളിക്കാനായി.

കൊല്ലപ്പെട്ട ഇർഷാദും പ്രതികളായ സുഭാഷും എബിനും തമ്മിൽ പല സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. മൊബൈൽ ഫോണും ലാപ്ടോപ്പുമടക്കം ഇലക്ട്രോണിക് ഉപകരണങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി കച്ചവടം നടത്തിയിരുന്ന ഇർഷാദിനെ പഞ്ചലോഹ വിഗ്രഹമെന്ന പേരിൽ തട്ടിപ്പ് വിഗ്രഹം കാണിച്ചാണ് സുഭാഷ് വലയിലാക്കിയത്. പാലക്കാട് കുമരനെല്ലൂർ ക്ഷേത്രത്തിലെ പൂജാരി കൂടിയായ സുഭാഷ് വിഗ്രഹം നൽകാമെന്ന് കരാറുറപ്പിച്ച് അഞ്ച് ലക്ഷം കൈക്കലാക്കി. സുഭാഷും എബിനും ചേർന്ന് ആറുലക്ഷത്തോളം രൂപ പലഘട്ടങ്ങളിലായി ഇർഷാദിൽനിന്ന് കൈപ്പറ്റിയിരുന്നു. കൂടാതെ കൊല്ലാൻ കൊണ്ടുപോകുമ്പോൾ ഒന്നരലക്ഷവും. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ടി വരുമെന്ന ചിന്തയാണ് ഇർഷാദിനെ കൊലപ്പെടുത്താൻ പ്രതികളെ പ്രേരിപ്പിച്ചത്.

ഇർഷാദ് പണം തിരിച്ചുചോദിക്കാൻ തുടങ്ങിയതോടെ സുഹൃത്തിനെ എങ്ങനെ ഇല്ലാതാക്കാമെന്നായി സുഭാഷിന്റെയും എബിന്റെയും ചിന്ത. ഇർഷാദിനെ കൊന്ന് തള്ളാൻ പ്രതികൾ ഒരു സ്ഥലം അന്വേഷിച്ചു. ഒടുവിൽ ആ സ്ഥലം കണ്ടെത്താൻ ഇർഷാദിന്റെ സഹായം തന്നെ തേടി. വിഗ്രഹം ഒളിപ്പിക്കാൻ ഒരു സ്ഥലം വേണമെന്ന് പറഞ്ഞാണ് പ്രതികൾ ഇർഷാദിനെ സമീപിച്ചത്. വിഗ്രഹം ഒളിപ്പിക്കാൻ പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണർ ഇർഷാദ് പ്രതികൾക്ക് കാണിച്ചുകൊടുത്തു. അതിന് മുമ്പ് ചില ആഭിചാര ക്രിയകൾ വേണമെന്നും പറഞ്ഞു. ഇതിന് വേണ്ടിയെന്ന് തെറ്റിധരിപ്പിച്ച് സുഹൃത്തുക്കൾ ചാക്കും മറ്റും കരുതി.

വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇർഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടർന്ന് ക്ലോറോഫോം നൽകി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തൽ. വട്ടംകുളം സ്വദേശികളാണ് പ്രതികൾ. ജൂൺ 11നാണ് ഇർഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇർഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാർക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു. പ്രതികൾ നടത്തിയ പണമിടപാടുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.