തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയാക്കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. 24000 തെർമൽ സ്‌കാനറുകൾ സ്‌കൂളുകൾക്ക് നൽകിയെന്നും സോപ്പ് ബക്കറ്റ് വാങ്ങാൻ 2.85 കോടി രൂപ സ്‌കൂളുകൾക്ക് അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.

ആദ്യ രണ്ടാഴ്‌ച്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കും. പ്രവേശനോത്സവത്തോടെയാണ് നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നത്. സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്‌കൂളിൽ രാവിലെ 8.30 ന് നടക്കുമെന്നും മന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.

സ്‌കൂൾ അറ്റക്കൂറ്റപണിക്കായി 10 ലക്ഷം വീതം നൽകും. 2282 അദ്ധ്യാപകർ ഇനിയും വാക്‌സിന് എടുത്തിട്ടില്ല. അവരും ഉടൻ വാക്‌സിന് സ്വീകരിക്കണം. പലരും ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി. വാക്‌സിൻ എടുക്കാത്ത അദ്ധ്യാപകർ തല്ക്കാലം സ്‌കൂളിൽ എത്തരുതെന്ന് മന്ത്രി നിർദ്ദേശിച്ചു.

104 സ്‌കൂളുകളിൽ ഇനിയും ശുചീകരണം നടത്താനുണ്ട്. 1474 സ്‌കൂൾ ബസ്സുകൾ ശരിയാക്കാനും ഉണ്ടെന്നും ഇത് ഉടൻ തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് ഡോസ് വാക്‌സിന് എടുക്കാത്ത രക്ഷിതാക്കളുടെ മക്കളെ സ്‌കൂളിൽ അയക്കേണ്ട എന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.