തിരുവനന്തപുരം: വിലവർദ്ധനവിന് സാഹചര്യമൊരുക്കുന്ന തരത്തിലാണ് ധനമന്ത്രി കെ എം മാണിയുടെ നികുതി നിർദ്ദേശങ്ങൾ. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് ഓരോ രൂപ വീതം കൂടുന്നത് വിലവർദ്ധനവിനുള്ള സാഹചര്യം ഒരുക്കും.

സ്വന്തം പാർപ്പിടമില്ലാത്തവർക്ക് വീട് വച്ചു നൽകുന്നതിന് തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇന്ധന വിലയിൽ ഒരു ശതമാനം അധിക നികുതി ഏർപ്പെടുത്തിയത്. അരി, അരി ഉൽപന്നങ്ങൾക്ക് വില ഉയരും. അരി, അരി ഉൽപന്നങ്ങൾ, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും, മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് 5 ശതമാനവും നികുതി. 110 കോടി രൂപയുടെ അധികവരുമാനം ഇതിൽ നിന്നും പ്രതീക്ഷിക്കുന്നു.
വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനം നികുതി ഏർപ്പെടുത്തി. ഇതിലൂടെ 50 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ബജറ്റിൽ ധനമന്ത്രി വിശദീകരിക്കുന്നുണ്ട്. പഞ്ചസാരയ്ക്കും രണ്ട് ശതമാനം നികുതി കൂട്ടിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങൾക്കും വില ഉയരും. ഒരു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ആറിൽ നിന്ന് 8 ശതമാനമായി ഉയർത്തി. രണ്ടു ലക്ഷം രൂപ വരെയുള്ളവയുടെ നികുതി 8ൽനിന്ന് പത്തായും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളുടെ നികുതി 20 ശതമാനാമായും വർദ്ധിപ്പിച്ചു. വിദേശത്ത് നിർമ്മിച്ച് സംസ്ഥാനത്ത് സർവീസ് നടത്തുന്ന വാഹനങ്ങളുടെ നികുതിയും ഉയർത്തി. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും കൂട്ടാനുള്ള നിർദ്ദേശവുമുണ്ട്. വ്യക്തികളുടെ പ്ലാന്റേഷൻ നികുതി വേണ്ടെന്ന് വ്ച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി പരിഗണിച്ചാണ് ഇത്.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന മേൽത്തരം ലക്ഷ്വറി വാഹനങ്ങളിൽ നിന്നും ഒരു മാസത്തേയ്ക്ക് 10,000 രൂപ എന്ന നിരക്കിലും ഒരു മാസത്തിനു മുകളിൽ ഉള്ള ഓരോ മാസത്തേയ്ക്കും 5000 രൂപ നിരക്കിലും നികുതി ഏർപ്പെടുത്തും. ഇതിലൂടെ സർക്കാരിനു വരുംവർഷം ഒരുകോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. പുകയിലെ ഉൽപ്പനങ്ങളുടെ സ്വീകാര്യത കുറയ്ക്കാനായുള്ള നീക്കവും ഉണ്ട്. ഇതിന്റെ ഭാഗമായി ബീഡിക്ക് 14.5ശതമാനം നികുതി കൂട്ടി. നൈലോൺ കയർ, പോളിസ്റ്റർ കയർ, പോളിസ്റ്റർ ട്വയിൻ എന്നിയുടെ നികുതി ഇളവ് മത്സ്യമേഖലയ്ക്ക ്മാത്രമായി ചുരുക്കി.

ചൂല്, ബ്രഷ്, മോപ്‌സ് എന്നിവയ്ക്ക് 5 ശതമാനം നികുതി കൂട്ടി. കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി കൂട്ടി. പരിസ്ഥിതി സംരക്ഷണമെന്ന നിർദ്ദേശവുമായി പ്ലാസ്റ്റിക്ക് വസ്തുക്കൾക്കും നികുതി കൂടിയിട്ടുണ്ട്. ചലച്ചിത്രങ്ങളുടെ പകർപ്പവകാശ കൈമാറ്റത്തിന്മേലുള്ള മൂല്യവർദ്ധിതനികുതി സമ്പ്രദായം പുനഃസ്ഥാപിച്ചു. ബീഡിക്ക് മേൽ 14.5 ശതമാനം അധിക നികുതി ഏർപ്പെടുത്തി. നൈലോൺ കയർ, പോളിസ്റ്റർ കയർ, പോളിസ്റ്റർ ട്വയിൻ എന്നിവയ്ക്കുള്ള നികുതിയൊഴിവിന്റെ ആനുകൂല്യം മത്സ്യഫെഡ്, തീരമൈത്രി, സഹകരണസംഘങ്ങൾ എന്നിവ വഴി വിൽക്കുന്നവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ്. അല്ലാത്തവയുടെ നികുതി 5 ശതമാനമായിരിക്കും.

മൂല്യവർദ്ധിത നികുതിനിയമം, ആഡംബര നികുതി നിയമം എന്നിവയിൻ കീഴിലെ രജിസ്‌ട്രേഷൻ ഫീസ്, റിന്യൂവൽ ഫീസ് എന്നിവ വർധിപ്പിച്ചു. ഡിസ്‌പോസബിൾ പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും,ഡിസ്‌പോസബിൾ സ്‌റ്റൈറോഫോം കപ്പുകളും പ്ലേറ്റുകളും, തെർമോകോൾ/സ്‌റ്റൈറോഫോം ഷീറ്റുകൾ,പ്രിന്റഡ് ഫ്‌ലക്‌സുകൾ എന്നിവയുടെ നികുതിനിരക്ക് 20 ശതമാനമായി വർധിപ്പിച്ചു.

ചില വസ്തുക്കളുടെ നികുതി ഒഴിവാക്കി. റബർതടിയെ പൂർണ്ണമായും നികുതിവിമുക്തമാക്കി. റബ്ബർ തടി അന്യസംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് നിലവിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യമായ നിയമ ഭേദഗതി വരുത്തും. ദ്രവീകൃത പ്രകൃതിവാതകത്തെ (എൽ.എൻ.ജി) ഒരു വർഷത്തേയ്ക്ക് മൂല്യവർദ്ധിതനികുതിയിൽ നിന്നും ഒഴിവാക്കി. ഉപയോഗിച്ച പ്ലാസ്റ്റിക്,ഇലക്ട്രോണിക് മാലിന്യങ്ങൾ, പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുന്നതിനുള്ള പ്ലാന്റ് എന്നിവയെ നികുതിവിമുക്തമാക്കി.പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത്ഉൽപാദിപ്പിക്കുന്ന പൈറോളിസിസ് ഓയിലിനെ, അത്ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ നടത്തുന്ന വിൽപനയ്ക്ക് നികുതി ഒഴിവാക്കി. ഗ്ലാസ്സ്‌ഫൈബർ റീഇൻഫോഴ്‌സ്ഡ് ജിപ്‌സം ഉപയോഗിച്ച് നിർമ്മിക്കുന്ന ഫാബ്രിക്കേറ്റഡ് വാൾ പാനലുകളെ നികുതിവിമുക്തമാക്കി.

പ്രതിരോധ വകുപ്പിനായുള്ള ഇലക്ടോണിക് ഉൽപ്പനങ്ങൾക്ക് 5 ശതമാനം നികുതി ഇളവുണ്ട്. ടി.വി, ഫ്രിഡ്ജ് അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ വില കുറയും.