കെയ്റോ: സൂയസ് കനാലിൽ ഭീമൻ ചരക്കുക്കപ്പൽ എവർഗിവൺ കുടുങ്ങിയതിനെ തുടർന്ന് ജലഗതാഗതം ഒരാഴ്ചയോളം സംഭിച്ച സംഭവത്തിൽ നൂറ് കോടി അമേരിക്കൻ ഡോളർ (ഏകദേശം 73,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്.

ട്രാൻസിറ്റ് ഫീസുമായി ബന്ധപ്പെട്ട നഷ്ടം, ഡ്രെഡ്ജിങ്, രക്ഷാപ്രവർത്തനത്തിനിടയിൽ ഉണ്ടായ നാശനഷ്ടങ്ങൾ, ഉപകരണങ്ങളുടെ വില, മനുഷ്യ അധ്വാനം എന്നിവ കണക്കാക്കിയുള്ള ഏകദേശ തുകയാണിതെന്ന് സൂയസ് കനാൽ അഥോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒസാമ റാബി പറഞ്ഞു.

എന്നാൽ ആരിൽനിന്നാണ് നഷ്ടപരിഹാരം ഈടാക്കുക എന്ന കാര്യത്തിൽ സൂയസ് കനാൽ അഥോറിറ്റി അധ്യക്ഷൻ വ്യക്തത വരുത്തിയിട്ടില്ല. ഇത് രാജ്യത്തിന്റെ അവകാശമാണെന്ന് പറഞ്ഞ ഒസാമ റാബി സംഭവം ഈജിപ്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയെന്നും പറഞ്ഞു.

കപ്പലിനെ നീക്കാനായി ഡ്രെഡ്ജറുകൾ, ടഗ്‌ബോട്ടുകൾ എന്നിവ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പൽ പൂർണമായും നീക്കാനായത്. സൂയസ് കനാൽ അധികൃതർ, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവർ സംയുക്തമായാണ് കപ്പൽ നീക്കാനുള്ള ശ്രമങ്ങളിലേർപ്പെട്ടത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പൽ രക്ഷാപ്രവർത്തനമായി മാറി ഏവർ ഗിവണിനെ നീക്കാനുള്ള ശ്രമം.

എവർ ഗ്രീൻ എന്ന തായ്വാൻ കമ്പനിയുടേതാണ് എവർഗിവൺ എന്ന കപ്പൽ. നേരത്ത, കപ്പലിലെ ചരക്ക്, വൈകുന്നതിൽ ഉത്തരവാദിത്വമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

കപ്പൽ കനാലിൽ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയിൽ കൂടിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു. 370ഓളം കപ്പലുകൾ കനാലിന്റെ ഇരുഭാഗത്തും കുടങ്ങി. ഇവയിൽ പലതും തെക്കേ ആഫ്രിക്കൻ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ഒരാഴ്ചത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം തിങ്കളാഴ്ചയാണ് കപ്പൽ രക്ഷപെടുത്തിയത്.

ചൈനയിൽ നിന്ന് നെതർലൻഡിലെ റോട്ടർഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. കപ്പലിന് നാല് ഫുട്‌ബോൾ ഫീൽഡിനേക്കാളും നീളമുണ്ട് (400 മീറ്റർ). 193 കി.മീ നീളമുള്ള സൂയസ് കനാലിന് കുറുകെയാണ് ചൊവ്വാഴ്ച മുതൽ ചരക്കുക്കപ്പൽ കുടുങ്ങിയത്. ഇതോടെ കനാലിന് ഇരുഭാഗത്തുനിന്നുമുള്ള കപ്പൽ ഗതാഗതം പൂർണമായും സ്തംഭിക്കുകയായിരുന്നു. കപ്പലിലുള്ള 25 ക്രൂ അംഗങ്ങളും ഇന്ത്യാക്കാരാണ്.