ബംഗളുരു: ദേശീയ പരിസ്ഥിതി ആഘാതപഠനം അന്തിമ വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്ത് കർണ്ണാടക ഹൈക്കോടതി ഉത്തരവ്. കേന്ദ്ര സർക്കാർ തീരുമാനം പരിശോധിക്കാൻ ജുഡീഷ്വൽ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ സ്റ്റേ. ഏറെ എതിർപ്പുകൾ ഉയർന്ന നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്താൻ ഒരുങ്ങുന്നില്ലെന്ന സൂചനകൾ നിലനിൽക്കേയാണ് നിർണായകമായ കോടതി വിധി വന്നിരിക്കുന്നത്.

പരിസ്ഥിതി നിയമത്തിന്റെയും സുപ്രീംകോടതി വിധികളുടെയും ലംഘനമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു പരിസ്ഥിതി ട്രസ്റ്റാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനം വിശദമായി പരിശോധിക്കാൻ സുപ്രീംകോടതിയിലേയോ, ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിമാരുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കണമെന്നും അതിന് ശേഷമേ അന്തിമ വിജ്ഞാപനം ഇറക്കാൻ പാടുള്ളു എന്നായിരുന്നു എന്നുമായിരുന്നു ആവശ്യം.

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ച കർണാടക ഹൈക്കോടതി കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ അന്തിമ വിജ്ഞാപനം ഇറക്കരുതെന്ന് ഉത്തരവിട്ടു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ കർണാടക ഹൈക്കോടതി കേസിൽ വിശദമായി വാദം കേൾക്കും. ഡിസംബറിന് മുമ്പ് അന്തിമ വിജ്ഞാപനം പുറത്തിറക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്ക് കർണാടക ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാണ്. പ്രാദേശിക ഭാഷകളിൽ കരട് വിജ്ഞാപനം പുറത്തിറക്കാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് നേരത്തെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. അത് തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയെ തന്നെ സമീപിക്കാനായിരുന്നു കേന്ദ്രത്തോട് നിർദ്ദേശിച്ചത്. ആ കേസുകളും ഡൽഹി, കർണാടക ഹൈക്കോടതികളിലുണ്ട്. തത്വത്തിൽ പരിസ്ഥിതി ആഘാത പഠനം അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നീക്കത്തിന് വലിയ നിയമക്കുരുകളാണ് കേന്ദ്രത്തിന് മുന്നിലുള്ളത്.

വരുന്നത് അപകടകരമായ മാറ്റങ്ങൾ

അനിയന്ത്രിതമായ വികസന പദ്ധതികളുണ്ടാക്കിയേക്കാവുന്ന പരിസ്ഥിതി നാശത്തിന്റെ തോത് കുറയ്ക്കുകയോ ആവശ്യമെങ്കിൽ പദ്ധതി തന്നെ നിർത്തലാക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ (1986) ഭാഗമായി പരിസ്ഥിതി ആഘാത പഠന (Environment Impact Assessment-EIA) വിജ്ഞാപനം 1994 ൽ ഇന്ത്യയിൽ നിലവിൽ വരുന്നത്. 1992ൽ ഐക്യരാഷ്ട്രസഭ റിയോ ഡി ജനീറോയിൽ വച്ച് നടത്തിയ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിൽ ഇന്ത്യ ഒപ്പ് വെച്ച റിയോ ഉടമ്പടിയിൽ (Rio-Declaration) പരിസ്ഥിതി സംരക്ഷണത്തിനായി വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. വികസന പദ്ധതികളുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ ജന പങ്കാളിത്തത്തോടെ വിലയിരുത്തി പദ്ധതി നടത്തിപ്പിന് അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണ് വിജ്ഞാപനത്തിൽ വേണ്ടത്.

പരിഷ്‌കരിച്ച പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2006 ലും (EIA2006) അവയിലെ പല വ്യവസ്ഥകളും പുതുക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം 2020 (Draft EIA-2020) ലും പുറത്തിറങ്ങി. വികസന പദ്ധതികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി 2006 നും 2020 നും ഇടയിൽ പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുന്ന ധാരാളം നിയമഭേദഗതികൾപരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ 2020 മാർച്ച് 23 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ പല വ്യവസ്ഥകളും EIA നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ മാറ്റി മറിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് അവശ്യം വേണ്ട ജനാധിപത്യ പ്രക്രിയയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുന്നു. പദ്ധതികളുടെ വിഭാഗീകരണത്തിലും മുൻകൂർ പരിസ്ഥിതി അനുമതി പ്രക്രിയയിലും വികസന പ്രക്രിയയിൽ പങ്കാളികൾ ആവാനുള്ള ജനങ്ങളുടെ അവകാശത്തിലും അപകടകരമായ മാറ്റങ്ങളാണ് കരട് വിജ്ഞാപനം മുന്നോട്ട് വയ്ക്കുന്നത്.

സാങ്കേതിക വശങ്ങൾ ഇങ്ങനെയാണ്

2006 ലെ വിജ്ഞാപനത്തിൽ വികസനപദ്ധതികളെ പ്രധാനമായും എ ബി വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ആധുനികവത്കരണ, വിപുലീകരണ പദ്ധതികളുൾപ്പടെയുള്ള എ വിഭാഗം പദ്ധതികൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ബി വിഭാഗം പദ്ധതികൾ സംസ്ഥാന ഇഐഎ അഥോറിറ്റിയിൽ നിന്നും മുൻകൂർ പാരിസ്ഥിതിക അനുമതി വാങ്ങണമെന്ന് 2006 ലെ വിജ്ഞാപനം നിഷ്‌കർഷിച്ചിരുന്നു. കേന്ദ്ര/ സംസ്ഥാന തലങ്ങളിലുള്ള വിദഗ്ധ സമിതിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പരിസ്ഥിതി മന്ത്രാലയം/സംസ്ഥാന അഥോറിറ്റി പാരിസ്ഥിതിക അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യും. ഇതിൽ ബി വിഭാഗത്തിൽ പെടുന്ന പദ്ധതികളെ പരിസ്ഥിതി ആഘാത പഠനം വേണ്ടതെങ്കിൽ ബി വൺ എന്നും അല്ലെങ്കിൽ ബി ടു എന്നും രണ്ടായി തിരിച്ചിരുന്നു.

2020 ലെ കരട് വിജ്ഞാപനത്തിലും വികസന പദ്ധതികളെ കേന്ദ്ര സംസ്ഥാന തലങ്ങളിലായി A, B1, B2 എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടിട്ടുണ്ട്. A, B1 വിഭാഗങ്ങളിൽ പെട്ട വികസന പദ്ധതികൾക്കുള്ള മുൻകൂർ പാരിസ്ഥിതിക അനുമതി പ്രക്രിയ ആറ് ഘട്ടങ്ങളിലായാണ് നടക്കുക - 1) വിഷയ പഠനം 2) ഇഐഎ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കൽ 3) അഭിപ്രായ ശേഖരണവും പൊതുതെളിവെടുപ്പും 4) ഇഐഎ റിപ്പോർട്ട് തയാറാക്കൽ 5) വിലയിരുത്തൽ 6) മുൻകൂർ പാരിസ്ഥിതിക അനുമതി നൽകുകയോ റദ്ദാക്കുകയോ ചെയ്യൽ. എന്നാൽ A, B1 വിഭാഗങ്ങളിൽ പ്രാരംഭ ശേഷിയേക്കാൾ 50 ശതമാനത്തിൽ കുറവ് വികാസം മാത്രം ആവശ്യമായ വിപുലീകരണ പദ്ധതികളെ കരട് വിജ്ഞാപനത്തിൽ പാരിസ്ഥിതിക അനുമതി തേടുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. കൂടാതെ B2 പദ്ധതികൾക്കുള്ള പ്രവർത്തനാനുമതി മുൻകൂർ പാരിസ്ഥിതിക അനുമതിയെന്നും മുൻകൂർ പാരിസ്ഥിതിക അനുവാദമെന്നും (Prior Environmental Permission) എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ അർത്ഥം (അനുമതി, അനുവാദം) ഒന്ന് തന്നെയെങ്കിലും മുൻകൂർ പാരിസ്ഥിതിക അനുവാദം മാത്രം വേണ്ടി വരുന്ന B2 പദ്ധതികൾക്ക് ഇഐഎ റിപ്പോർട്ടുകളോ വിദഗ്ധ സമിതിയുടെ വിലയിരുത്തലോ ആവശ്യമില്ല. സംസ്ഥാന റെഗുലേറ്ററി അഥോറിറ്റിയിൽ നിന്നും നേരിട്ടുള്ള അപേക്ഷയിൽ പ്രവർത്തനാനുമതി ലഭ്യമാക്കാവുന്നതാണ്. പദ്ധതിക്ക് വേണ്ടിയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണ രേഖ (Environment Management Plan) ഹാജരാക്കിയാൽ മാത്രം മതിയാകും. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതുമായ പദ്ധതികളെ (Defence projects & projects of strategic importance) A, B1, B2 എന്നിവയിൽ പെടാത്ത ഒരു പ്രത്യേക വിഭാഗമായി തന്നെ പുതിയ വിജ്ഞാപനത്തിൽ പരിഗണിച്ചിരിക്കുന്നു.

തെളിയുന്നത് കമ്പോള യുക്തി

കരട് വിജ്ഞാപനത്തിൽ പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും നടപ്പിലാക്കേണ്ട പദ്ധതികളുടെ എണ്ണവും തരവും ഗണ്യമായി കുറച്ചിരിക്കുന്നു. ജലസേചനം ആധുനികവത്കരിക്കാനുള്ള പദ്ധതികൾ, പ്രഖ്യാപിത വ്യവസായ എസ്റ്റേറ്റുകൾക്കുള്ളിൽ (Notified Industrial Estates) പ്രവർത്തിക്കുന്ന ലോഹ, കീടനാശിനി, പെയിന്റ്, പെട്രോളിയം ഉത്പന്നങ്ങൾ മുതലായവ നിർമ്മിക്കുന്ന വ്യവസായ പദ്ധതികൾ, അതിർത്തി പ്രദേശങ്ങളിലുള്ള ദേശീയ പാത, എക്സ്‌പ്രസ് പാത, പൈപ്പ് ലൈൻ പദ്ധതികൾ, കെട്ടിട നിർമ്മാണ പദ്ധതികൾ, പ്രാദേശിക വികസന പദ്ധതികൾ, മേൽപ്പാലം, ഉപരിതല പാത, ഫ്ളൈ ഓവർ പദ്ധതികൾ, കടൽ തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അപ്പുറമുള്ള പദ്ധതികൾ എന്നിവയ്ക്ക് പൊതു തെളിവെടുപ്പുകൾ വേണ്ടെന്ന് പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. വിപുലീകരണപദ്ധതികളുടെ കാര്യമെടുത്താൽ പ്രാരംഭ ശേഷിയേക്കാൾ 50 ശതമാനമെങ്കിലും അധികം വികാസം ആവശ്യമായ A, B1 വിഭാഗങ്ങളിലുള്ള പദ്ധതികൾക്ക് മാത്രമേ പൊതു തെളിവെടുപ്പുകൾ ആവശ്യമുള്ളു എന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇതിനെല്ലാം പുറമെ B2 വിഭാഗത്തിൽ പെടുന്ന എല്ലാ പദ്ധതികൾക്കും ആഘാത പഠനവും പൊതു തെളിവെടുപ്പുകളും വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയിരിക്കുന്നു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതുമായ പദ്ധതികളിലും പൊതുതെളിവെടുപ്പുകൾ ഒഴിവാക്കിയിരിക്കുന്നു. ഈപദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളാന്നും തന്നെ പൊതു സമൂഹത്തിനുമുന്നിൽ വയ്‌ക്കേണ്ടതില്ലെന്നും വിജ്ഞാപനത്തിലുണ്ട്. ഒരു പദ്ധതിയെ തന്ത്ര പ്രധാനമെന്ന് വിലയിരുത്താനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാവുന്നതിലൂടെ ഭാവിയിൽ പല വികസന പദ്ധതികളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി പൊതുസമൂഹത്തിന്റെ അംഗീകാരം ഇല്ലാതെ തന്നെ നടപ്പിലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഭൂമിയുടെ പാരിസ്ഥിതിക മൂല്യത്തേയോ വൈവിധ്യത്തേയോ അവയിൽ പുലരുന്ന ജനവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിയുക്തിയല്ല മറിച്ച് സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ കമ്പോളയുക്തിയാണ് നിലവിൽ പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങൾക്കാധാരമെന്ന് പരിസ്ഥിതി നിയമ നിർമ്മാണത്തിലെ വൈരുദ്ധ്യങ്ങൾ തെളിയിക്കുന്നു. സാമൂഹിക, പാരിസ്ഥിതിക മേഖലകളിൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങൾക്കനുസൃതമായിട്ടാണ് പദ്ധതികളുടെ വിഭാഗീകരണം എന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എങ്കിലും വികസന പദ്ധതിയുടെ ശേഷി, ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജ്ഞാപനത്തിൽ പദ്ധതിയുടെ വിഭാഗീകരണം പ്രധാനമായും നടന്നിരിക്കുന്നത്. കരട് വിജ്ഞാപനത്തിൽ ഭൂമിക്ക് ഏകതാനമായ (homogeneous) ആയ ഒരു അസ്തിത്വമാണ് കൽപ്പിച്ച് കൊടുക്കപ്പെട്ടിട്ടുള്ളത്. കൃഷിനിലങ്ങൾ, തണ്ണീർത്തടങ്ങൾ, വനമേഖലകൾ, ജലസ്രോതസ്സുകൾ, തീരപ്രദേശങ്ങൾ, മലമ്പ്രദേശങ്ങൾ എന്നിങ്ങനെ പ്രകൃതം കൊണ്ടും പാരിസ്ഥിതിക സാമൂഹിക പ്രാധാന്യം കൊണ്ടും വ്യത്യസ്തമാണ് വികസന പദ്ധതികൾക്ക് വേണ്ടി ഏറ്റെടുക്കപ്പെടുന്ന ഭൂമി. ഭൂമിയുടെ പാരിസ്ഥിതിക മൂല്യത്തേയോ വൈവിധ്യത്തേയോ അവയിൽ പുലരുന്ന ജനവിഭാഗങ്ങളേയോ അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിയുക്തിയല്ല (Environmental Rationality) മറിച്ച് സാമ്പത്തിക ലാഭത്തിലധിഷ്ഠിതമായ കമ്പോളയുക്തിയാണ് (Economic/Market Rationality) നിലവിൽ പരിസ്ഥിതി സംബന്ധമായ തീരുമാനങ്ങൾക്കാധാരമെന്ന് പരിസ്ഥിതി നിയമ നിർമ്മാണത്തിലെ വൈരുദ്ധ്യങ്ങൾ തെളിയിക്കുന്നു. പാരിസ്ഥിതിക പഠനവും പൊതു തെളിവെടുപ്പും ഒഴിവാക്കുന്നതിലെ പരിസ്ഥിതി ഉത്തരവാദിത്തമില്ലായ്മയും ജനാധിപത്യനിരാസവും വെളിവാക്കുന്ന ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്.