എലത്തൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം പുരോഗമിക്കുമ്പോഴും യുഡിഎഫിൽ കീറാമുട്ടിയായി നിൽക്കുന്ന എലത്തൂർ മണ്ഡലത്തിൽ പ്രശ്‌നപരിഹാര നീക്കങ്ങൾ ഊർജിതം. മണ്ഡലത്തിൽ വേരുകളില്ലാത്ത എൻസികെക്ക് തങ്ങളുമായി യാതൊരു ചർച്ചകളുമില്ലാതെ സീറ്റ് നൽകി എന്നാണ് കോൺഗ്രസ് പ്രാദേശിക ഘടകത്തിന്റെ പരാതി. എൻസികെ ക്ക് സീറ്റ് നൽകരുതെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എം.കെ.രാഘവൻ എംപി.

എലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം കെ രാഘവൻ ആരോപിച്ചിരുന്നു. എലത്തൂരിലെ പ്രശ്നത്തിൽ കോൺഗ്രസ് ഇടപെടാൻ വൈകിയെന്നും എം കെ രാഘവൻ പറഞ്ഞു.

എലത്തൂരിലെ കോൺഗ്രസ് നേതൃത്വവും അണികളും ഒരുപോലെ അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സ്ഥാനാർത്ഥി വേണമെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ്. അവിടെ ആളും അർത്ഥവുമില്ലാത്ത ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി വന്നു കഴിഞ്ഞാലുണ്ടാകുന്ന കാര്യം കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. സ്വാഭാവികമായും എലത്തൂരിന്റെ ഇന്നത്തെ അവസ്ഥയിൽ യുഡിഎഫിന്റെ നല്ലൊരു സ്ഥാനാർത്ഥി വന്നാൽ ജയസാധ്യത ഉണ്ടെന്നാണ് അവിടുത്തെ പ്രാദേശികമായുള്ള വികാരമെന്നും എം കെ രാഘവൻ അഭിപ്രായപ്പെട്ടിരുന്നു.

മണ്ഡലത്തിൽ എൻസികെ പ്രചാരണം തുടരുമ്പോഴും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് വോട്ട് ചോർച്ചയ്ക്ക് ഇടയാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രചാരണത്തിൽ നിന്നും കോൺഗ്രസ് പ്രാദേശിക നേതൃത്വം വിട്ടുനിന്നാൽ മണ്ഡലത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തൽ.

വിട്ടുവീഴ്ചയില്ലാത്ത സാഹചര്യത്തിൽ പ്രശ്‌നപരിഹാരത്തിനായി എല്ലാ മാർഗങ്ങളും തേടുകയാണ് നേതൃത്വം. മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഭാരതീയ നാഷണൽ ജനതാദളിന് സീറ്റ് നൽകുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്.

അങ്ങനെയങ്കിൽ നിലവിലുള്ള പ്രതിഷേധം ദുർബലമാകുമെന്നാണ് കരുതുന്നത്. എലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേളന്നൂർ പഞ്ചായത്തിൽ ഭാരതീയ നാഷണൽ ജനതാദളിന്റെ രണ്ടംഗങ്ങളുടെ സഹായത്തോടെയാണ് യുഡിഎഫ് ഭരിക്കുന്നത്.

എന്നാൽ ഇത്തരത്തിലുള്ള ഫോർമുലകളക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രാദേശികഘടകത്തത്തിന്റെ വികാരം കെപിസിസി ഉൾക്കൊള്ളുമെന്ന് എം.കെ രാഘവൻ എംപി പ്രതികരിച്ചു. എന്നാൽ സീറ്റ് എൻസികെ ക്ക് തന്നെയെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും വിട്ടുവീഴ്ചയുമില്ലെന്നും സ്ഥാനാർത്ഥി സുൾഫിക്കർ മയൂരി പ്രതികരിച്ചു. സുൾഫിക്കർ മയൂരി മണ്ഡലത്തിൽ പ്രചാരണം തുടരുകയാണ്.

എലത്തൂർ സീറ്റിൽ എൻ സി കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പനും വ്യക്തമാക്കി. യു ഡി എഫ് നൽകിയ സീറ്റാണ് അത്. അവിടെ തന്നെ മത്സരിക്കും. സ്ഥാനാർത്ഥിയായ സുൽഫികർ മയൂരിയെ എം കെ രാഘവൻ അംഗീകരിക്കേണ്ടതില്ലെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

എലത്തൂർ സീറ്റിൽ നിന്നും പിന്മാറില്ല. പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രശ്ന പരിഹാരത്തിനായി യു.ഡി.എഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എലത്തൂരിൽ യു ഡി എഫിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികൾ ഉണ്ടാവില്ല. മറ്റു ഘടകകക്ഷികൾ പത്രിക നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

രാഘവന് എന്തിനാണ് വൈരാഗ്യം എന്നറിയില്ലെന്ന് സുൽഫിക്കർ മയൂരി പറഞ്ഞിരുന്നു . എല്ലാ സീറ്റുകളിലും കോൺഗ്രസിന് മത്സരിക്കാനാകില്ല. മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ മുന്നണി മര്യാദ പാലിക്കണം. എം.കെ.രാഘവനും കോഴികോടെത്തി മത്സരിച്ച ആളാണ്. അദ്ദേഹവും വരത്തനാണ്. മണ്ഡലത്തിലെ 80 ശതമാനം കോൺഗ്രസ് പ്രവർത്തകരും തനിക്കൊപ്പമുണ്ട് എന്നും സുൽഫിക്കർ മയൂരി പറഞ്ഞിരുന്നു.