കോഴിക്കോട്: എലത്തൂർ സീറ്റ് ഘടക കക്ഷിയായ എൻസികെയ്ക്ക് നൽകിയതിനെ ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കത്തിന് താത്കാലിക വിരാമം. യുഡിഎഫ് സംസ്ഥാനനേതൃത്വം ഇടപെട്ടതിന് പിന്നാലെ എം.കെ.രാഘവൻ എംപിയും സുൽഫിക്കർ മയൂരിയും മറ്റു പ്രാദേശിക കോൺഗ്രസ് നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് സമവായം ഉണ്ടായത്.സ്ഥാനാർത്ഥി സുൽഫിക്കർ മയൂരിക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചു.

മണ്ഡലത്തിൽ പ്രചാരണം ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി. അതിനിടെ മണ്ഡലത്തിലെ പ്രചാരണത്തിന് സുൽഫിക്കർ മയൂരി തുടക്കം കുറിച്ചു. എന്നാൽ സുൽഫിക്കർ മയൂരിക്ക് നൽകിയ പിന്തുണ ഉപാധികളോടെയാണെന്നും ഉപാധി പിന്നീട് വെളിപ്പെടുത്തുമെന്നും എം.കെ.രാഘവൻ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.

എലത്തൂർ സീറ്റിലെ തർക്കങ്ങൾ പരിഹരിച്ചുവെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മണ്ഡലത്തിൽ സുൽഫിക്കർ മയൂരി പ്രചാരണത്തിനു തുടക്കമിട്ടത്. എലത്തൂരിൽ തന്നെ മൽസരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നില്ലെന്നും പിണറായി വിജയനെതിരെ ധർമ്മടത്ത് മൽസരിക്കാനും തയാറായിരുന്നുവെന്നും സുൽഫിക്കർ മയൂരി പ്രതികരിച്ചിരുന്നു.

എലത്തൂർ സീറ്റ് മാണി സി. കാപ്പന്റെ എൻസികെയ്ക്ക് നൽകിയതിനെതിരെ എം.കെ. രാഘവൻ എംപി അടക്കമുള്ള നേതാക്കളും പ്രാദേശിക കോൺഗ്രസ് നേതൃത്വവും കടുത്ത എതിർപ്പുയർത്തിയിരുന്നു.

എൻസികെയുടെ സുൽഫീക്കർ മയൂരി തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയെന്നു മുന്നണി കൺവീനർ എം.എം. ഹസൻ അറിയിച്ചതോടെ പ്രശ്‌നം 'ഔദ്യോഗികമായി' പരിഹരിക്കപ്പെട്ടെങ്കിലും വോട്ട് ചോർച്ച ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

പ്രശ്‌നപരിഹാരത്തിനായി ഡിസിസിയിൽ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കളുടെ യോഗവും വിളിച്ചുചേർത്തിരുന്നു. എലത്തൂർ വിഷയത്തിൽ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. എം.എം. ഹസനു മറുപടി പറയാനില്ല. കെഎസ്‌യു മുതൽ രാഷ്ട്രീയത്തിലുള്ള തന്നെ എം.എം. ഹസനു ശരിക്ക് മനസ്സിലായിട്ടുണ്ടോ എന്നു സംശയമാണ്. നേതൃത്വമെടുത്ത തീരുമാനം തനിക്കും ബാധകമാണ്. എന്നാൽ താഴേത്തട്ടിലെ പ്രവർത്തകരുടെ വികാരത്തിനാണു താൻ പ്രാധാന്യം കൊടുക്കുന്നത്. എലത്തൂരിലെ പാർട്ടി പ്രവർത്തകർക്കൊപ്പം നിൽക്കാനേ തനിക്കു കഴിയൂ.

തന്റെ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ തന്റെ അഭിപ്രായം ആരും തേടിയിട്ടില്ല. പക്വമല്ലാത്ത തീരുമാനമാണെടുത്തതെന്ന് നേതൃത്വത്തിനു തിരിച്ചറിവുണ്ടായെങ്കിൽ അതു പിന്നീട് വിലയിരുത്തട്ടെ. മണ്ഡലത്തിന്റെ സാഹചര്യം പഠിച്ച് തീരുമാനമെടുക്കണമായിരുന്നു. അതിനു കഴിഞ്ഞിട്ടില്ല. അതിന്റെ ഉത്തരവാദിത്തം പൂർണമായും യുഡിഎഫ് നേതൃത്വത്തിനാണ്. താൻ മത്സരിച്ച മൂന്നു തവണയും യുഡിഎഫ് തോൽക്കുമെന്നായിരുന്നു സർവേ ഫലങ്ങൾ. അതു തള്ളിയാണ് താൻ ജയിച്ചതെന്നും എം.കെ. രാഘവൻ പ്രതികരിച്ചിരുന്നു.