കോതമംഗലം:തലേന്ന് തലയ്ക്കടിച്ച് കൊന്ന് കനാലിലിട്ട കൂട്ടുകാരന്റെ ജഡം നോക്കി കൊച്ചാപ്പി നിന്നത് ഒന്നുമറിയാത്തവനെപ്പോലെ. ജഡം കാണാൻ ആദ്യം എത്തിയവരുടെ കൂട്ടത്തിലും ഇടം പിടിച്ചു.മരണവിവരം അടുപ്പക്കാരെ അറിയിക്കാൻ മുൻപന്തിയിലുണ്ടായിരുതും ഈ കഠിനഹൃദയൻ തന്നെ.ചേലാട് നിരവത്തുകണ്ടത്തിൽ എൽദോസ് പോളി (42)നെ മഴുകൈയ്്ക്ക് അടച്ചുവീഴ്തി കൊലപ്പെടുത്തിയ ചെങ്കര മുടിയറ ഭാഗത്ത് പുത്തൻപുരയ്ക്കൽ ജോയിയുടെ മകൻ കൊച്ചാപ്പിയെന്ന എൽദോ കൊലയ്ക്കുശേഷം നാട്ടുകാർക്കുമുമ്പിൽ നടത്തിയ പ്രകടനത്തിന്റെ നേർക്കാഴ്ച ഇങ്ങിനെ.

10-ാം തീയതി രാത്രിയാണ് മുമ്പ് അടുത്തകൂട്ടുകാരൻ കൂടിയായിരുന്ന എൽദോസ് പോളിനെ കൊച്ചാപ്പി മഴുകൈയ്ക്ക് തലയ്ക്കടിച്ചുകൊലപ്പെടുത്തി,ജഡം പിതാവിന്റെ സഹായത്തോടെ പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈലെവൽ കനാൽ തീരത്തിട്ടത്.സംഭവത്തിൽ കൊച്ചാപ്പിയുടെ പിതാവ് ജോയി ,മാതാവ് മോളി എന്നിവരും അറസ്റ്റിലായി.മകന്റെ ക്രൂരകൃത്യം മറയ്ക്കാൻ ഇടപെട്ടതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെ കേസിൽ പ്രതിചേർത്തതെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ സൗഹൃദത്തിലായിരുന്ന അവസരത്തിൽ 3 ലക്ഷം രൂപ എൽദോ കടംവാങ്ങിയിരുന്നു.പലവട്ടം എൽദോസ് പോൾ ചോദിച്ചിട്ടും കൊച്ചാപ്പി പണം തിരച്ചുനൽകാൻ തയ്യാറായില്ല.10-ാം തീയതി രാത്രി 10 മണിക്കുശേഷം കൊച്ചാപ്പി എൽദോസിനെ വിള്ിച്ച് പണം നൽകാമെന്ന് അറിയിക്കുകയായിരുന്നു.വീട്ടിലെത്തി സംസാരിച്ചിരിക്കെ കൊച്ചാപ്പി എൽദോസിനെ മഴുക്കൈയ്ക്ക്അടിച്ചുവീഴ്‌ത്തുകയായിരുന്നു. ഉടൻ മരണവും സംഭവിച്ചു.എൽദോസിന്റെ മൊബൈലിലേയ്ക്കെത്തിയ അവസാന കോളിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കാൻ പൊലീസിന് തുണയായത്.എൽദോസിന്റെ മൊബൈലും തലയ്ക്കടിക്കാനുപയോഗിച്ച് മഴുക്കൈയും തീയിട്ട് നശിപ്പിച്ചു.ഇതിന് ആവശ്യമായ സഹായം ചെയ്തതിനാണ് മാതാവിനെയും പ്രതിചേർത്തിട്ടുള്ളത്.

എൽദോസിവീട്ടിൽ നിന്നും 250 മീറ്ററോളം അകലെയാണ് കൊലപാതകം നടന്ന പുതുക്കയിൽ ജോണിന്റെ വീട് സ്ഥിതിചെയ്യുന്നത്.ജോയിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.എൽദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ അറിഞ്ഞ്് നാട്ടുകരെ ഞെട്ടിച്ചിരിക്കുകയാണ്.അരുംകൊല ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലന്ന മട്ടിൽ ഇവർ എൽദോസിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് എത്തി,പൊലീസിന്റെ തെളിവെടുപ്പും മറ്റും വീക്ഷിച്ചിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.തെളിവ് നശിപ്പിച്ചതിനാൽ അന്വേഷണം തങ്ങളിലേയ്ക്കെത്തില്ലന്ന പ്രതീക്ഷയിലാണ് ജോയിയും കൂടുംബാംഗങ്ങളും ഒളിവിൽ പോകാതിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം.എൽദോസ് പോൾ ചോലാട് സ്റ്റുഡിയോ നടത്തിവരികയായിരുന്നു.