തിരുവനന്തപുരം: മീനമാസച്ചൂടിനെക്കാൾ തെരഞ്ഞെടുപ്പ് ആവേശമുണ്ട് വട്ടിയൂർക്കാവ് മണ്ഡലത്തിൽ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം. ബിജെപി സ്ഥാനാർത്ഥിയായി വി വി രാജേഷും കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ നായരും എത്തുന്നു. എന്നാൽ, എത്ര കടുത്ത മത്സരമുണ്ടെങ്കിലും കൂളാണ് തലസ്ഥാനത്തിന്റെ മുൻ മേയർ ബ്രോ പി കെ പ്രശാന്ത്. തിരുവനന്തപുരത്തുകാരുടെ മേയർബ്രോയിൽ നിന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ മേയർ ബ്രോയാണ് അദ്ദേഹമിപ്പോൾ. അതുകൊണ്ട് എതിരാളികൾ ആയാലും പ്രശാന്ത് ബ്രോയ്ക്ക് കുലുക്കമില്ല.

വി കെ പ്രശാന്തിന് വോട്ടഭ്യർഥിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ചുവരെഴുത്തുകൾ തകൃതിയായി നടക്കുന്നു. ഉറപ്പാണ് എൽഡിഎഫ് എന്ന വാചകത്തിന് പിന്നാലെ വട്ടിയൂർക്കാവിലെ സീറ്റ് ഉറപ്പിച്ച മനുഷ്യനാണ് എംഎൽഎയും പഴയ മേയർ ബ്രോയും ആയ വി കെ പ്രശാന്ത്. മണ്ഡലത്തിൽ പേരെടുത്ത് വിളിക്കാവുന്ന സൗഹൃദങ്ങൾ. ഒപ്പം പ്രവർത്തിക്കാൻ ഒരു പറ്റം യുവജനങ്ങൾ. ഇവരാണ് ശരിക്കും പ്രശാന്തിന്റെ കരുത്ത്. താൻ നടത്തിയ വികസന പ്രവർത്തനങ്ങൾ മുതൽ സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് പ്രശാന്ത് വോട്ട് തേടുന്നത്.

ഒപ്പം തന്റെ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ യൂത്ത് ബ്രിഗേഡിനെപ്പോലുള്ള യുവാക്കളുടെ സേനയെ രംഗത്തിറക്കിയതും പ്രശാന്തിന്റെ നേട്ടമാണ്. താൻ ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്ന സ്വപ്നങ്ങളെക്കുറിച്ചാണ് പ്രശാന്തിന് ജനങ്ങളോട് പറയാനുള്ളത്. രാവിലെ കാണുന്നതിനായി മറുനാടൻ മലയാളിയിൽ നിന്ന് വിളിച്ചപ്പോൾ പ്രശാന്ത് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയിരുന്നു. പട്ടത്തെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓഫീസിൽ വച്ചാണ് മുൻ മേയർബ്രോയെ കണ്ടുമുട്ടിയത്.

മണ്ഡലത്തിൽ ആദ്യം തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന്റെ മുൻതൂക്കം പ്രശാന്ത് കൃത്യമായി വിനിയോഗിക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 7.30നാണ് ആദ്യ പ്രചാരണ യോഗം തീരുമാനിച്ചിരുന്നത്. അതിരാവിലെ ആറ് മണിക്ക് തന്നെ പ്രശാന്തിന്റെ വീട്ടിലേക്ക് പ്രവർത്തകരെത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് കിടന്നതെങ്കിലും അപ്പോഴേക്കും സ്ഥാനാർത്ഥിയും തയ്യാറായി. പ്രഭാതഭക്ഷണം കഴിച്ചെന്ന് വരുത്തി പ്രവർത്തകർക്കൊപ്പം പുറത്തേക്ക്. കൃത്യം 7.30ന് തന്നെ ആദ്യ പ്രചാരണ സ്ഥലത്തെത്തി. ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം. അപ്പോഴേക്കും പ്രശാന്തേ എന്ന വിളിയുമായി പരിചയക്കാരിൽ പലരുമെത്തി. എല്ലാവരോടും കുശലപ്രശ്‌നം നടത്തി അടുത്ത പ്രചാരണസ്ഥലത്തേക്ക്.

കോവിഡ് മാനദണ്ഡങ്ങളുള്ളതിനാൽ ചുരുക്കം പ്രവർത്തകർ മാത്രമാണ് സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നത്. അവരോടൊപ്പം ബൈക്കിലും ഓട്ടോറിക്ഷയിലുമൊക്ക സഞ്ചരിച്ചാണ് വോട്ടുപിടുത്തം. പ്രവർത്തകർ ചൂടിൽ വലയുമ്പോൾ താനായിട്ട് കാറിൽ യാത്ര ചെയ്യേണ്ടെന്നാണ് സ്ഥാനാർത്ഥിയുടെ തീരുമാനം. കുന്നുകുഴിയിൽ നിന്ന് നേരെ പട്ടത്തേക്ക്. വീടുകളിൽ ചെന്ന് പരിചയം പുതുക്കി വോട്ടുറപ്പിക്കൽ. കുന്നുകുഴിയിൽ നിന്നുള്ള പട്ടം റോഡ് നന്നാക്കിയത് എംഎൽഎയാണെന്ന് നാട്ടുകാരുടെ സാക്ഷ്യം. ഇതിനിടയിൽ കനാൽ വൃത്തിയാക്കുന്ന പണി നേരിട്ട് കാണാനും എംഎൽഎ എത്തി.

എംഎൽഎ ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് കനാൽ വൃത്തിയാക്കൽ പുരോഗമിക്കുന്നത്. ഉടൻ തന്നെ ഇത് പൂർത്തിയാക്കുമെന്നും പ്രശാന്ത് നാട്ടുകാർക്ക് ഉറപ്പ് നൽകി. ഇതിനിടയിൽ പ്രശാന്ത് രൂപീകരിച്ച യൂത്ത് ബ്രിഗേഡിന്റെയും ഹരിത സേനയുടെയും അംഗങ്ങൾ കാണാനെത്തി. വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും എംഎൽഎ ചോദിച്ചറിഞ്ഞു. തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിൽ ഉച്ചഭക്ഷണം കഴിക്കുമ്പോൾ വളരെ വൈകിയിരുന്നു.

മറ്റ് വികസനപ്രവർത്തനങ്ങളും നടത്താൻ വട്ടിയൂർക്കാവിൽ തുടർച്ച നൽകണമെന്ന അഭ്യർത്ഥന. ഇവിടെനിന്ന് കേശവദാസപുരത്തേക്ക്. അവിടെയും പ്രശാന്തിനെക്കാത്ത് നിരവധി പ്രവർത്തകർ. ഇതിനിടെ നിരവധി വാർഡ് കൺവെൻഷനുകളിലും സ്ഥാനാർത്ഥി നേരിട്ട് പങ്കെടുത്തു. എല്ലായിടത്തും ആവേശോജ്ജ്വലമായ സ്വീകരണം. കേരളം പ്രളയത്തിൽ മുങ്ങിനിന്ന സമയത്ത് അവശ്യസാധനങ്ങൾ സംഭരിച്ച് ജനങ്ങൾക്കെത്തിച്ച അതേ ഊർജ്ജത്തോടെ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഓരോ കൺവെൻഷനിലും പ്രശാന്തിന്റെ പ്രസംഗം. ഒപ്പം പിണറായി സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങളും അക്കമിട്ട് നിരത്തി. വട്ടിയൂർക്കാവിനെ വികസനമണ്ഡലമാക്കുവാൻ വികസനത്തിന് ഒരു വോട്ട് എന്നതാണ് പ്രശാന്ത് മുന്നോട്ട് വെക്കുന്നത്. ഒപ്പം പ്രവർത്തകർക്കും യൂത്ത് ബ്രിഗേഡിനുമായി ഒരു വാക്ക്, ഉറപ്പാണ് എൽഡിഎഫ് ഉറപ്പാണ് വട്ടിയൂർക്കാവ്.