ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി അൽപ സമയത്തിനകം പ്രഖ്യാപിക്കും. പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉച്ചതിരിഞ്ഞ് 3.30-ന് ഇത് സംബന്ധിച്ച് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തിൽ. വിവിധ ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ നിയന്ത്രണങ്ങളും വോട്ടെടുപ്പ് പ്രക്രിയകളും ഇന്ന് കമ്മീഷൻ പ്രഖ്യാപിക്കും.

403 നിയമസഭാ മണ്ഡലങ്ങൾ ഉള്ള ഉത്തർപ്രദേശിൽ ആറു മുതൽ എട്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. പഞ്ചാബിൽ രണ്ടോ മൂന്നോ ഘട്ടങ്ങളും മണിപ്പൂരിൽ രണ്ട് ഘട്ടമായിട്ടും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് വിലയിരുത്തൽ. ഗോവയിലും ഉത്തരാഖണ്ഡലും ഒറ്റ ഘട്ടത്തിൽ തന്നെ വോട്ടെടുപ്പ് നടന്നേക്കും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഒരു പാർട്ടിയും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. അതേ സമയം പ്രചാരണങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വിവിധ പാർട്ടികൾ ആവശ്യപ്പെട്ടതായും കമ്മീഷൻ സർവകക്ഷി യോഗത്തിന് ശേഷം പറയുകയുണ്ടായി.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.