തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവുമുള്ള മാസ്‌ക് വിതരണം ചെയ്താൽ അതു തിരഞ്ഞെടുപ്പു ചെലവിൽ ഉൾപ്പെടുത്താൻ തീരുമാനം. വോട്ടെടുപ്പു ദിവസം ഇത്തരം മാസ്‌ക്കു ധരിച്ചു ബൂത്തിന്റെ പരിസരത്ത് വരാനും പാടില്ല.

സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവുമുള്ള തൊപ്പി, മാസ്‌ക്, മുഖംമൂടി തുടങ്ങിയവയെല്ലാം പ്രചാരണത്തിനായി ഉപയോഗിക്കാം. ഇങ്ങനെ ഉപയോഗിക്കുന്ന ഓരോന്നിനും തിരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ച തുക സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു പ്രചാരണ ചെലവായി കണക്കാക്കും.

സമൂഹമാധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളോ വ്യക്തിഹത്യയോ നടത്തിയാൽ കേസെടുക്കും. ജാതികളും സമുദായങ്ങളും തമ്മിൽ സംഘർഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കു 3 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.