കോഴിക്കോട്: കുറ്റ്യാടി റോഡിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ച് പതിനാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെയും ജയലക്ഷ്മിയുടേയും മകൾ അഹല്യ കൃഷ്ണയാണ് വാഹനാപകടത്തിൽ മരിച്ചത്.

ഇന്ന് രാവിലെ പതിനൊന്നരയോടെ കൂത്താളിക്കും രണ്ടേ ആറിനും ഇടയിലാണ് അപകടമുണ്ടായത്. അഹല്യ ഓടിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിന്നിൽ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് അഹല്യ തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ അഹല്യയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഇന്ദിര ഗാന്ധി അനുസ്മരണത്തിന്റെ ഒരുക്കങ്ങൾ കോഴിക്കോട് ഡിസിസിയിൽ നടത്തുന്നതിനിടെയാണ് സത്യൻ കടിയങ്ങാട് മകളുടെ വേർപാട് അറിയുന്നത്. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികിലൊതുക്കിയപ്പോൾ അഹല്യയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൂത്താളി രണ്ടേ രണ്ട് എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു.

കെപിസിസി സെക്രട്ടറിയായ സത്യൻ കടിയങ്ങാട് ഈ സമയം കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിലായിരുന്നു. ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മകളുടെ വിയോഗ വിവിരം അദ്ദേഹത്തെ സഹപ്രവർത്തകർ അറിയിക്കുന്നത്.

അഹല്യ കൃഷ്ണ പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ആദിത്യ കൃഷ്ണ സഹോദരനാണ്.