മട്ടന്നൂർ: കണ്ണൂർ ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നിയോജക മണ്ഡലമായ മട്ടന്നൂരിൽ അഞ്ചിടങ്ങളിൽ ഇ-വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് കെ. കെ ശൈലജ. നിയോജക മണ്ഡലം പരിധിയിലെ മട്ടന്നൂർ, ചാലോട്, പടിയൂർ, കണ്ണവം, ശിവപുരം എന്നീ കേന്ദ്രങ്ങളിലാണ് ചാർജ്ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

ഇവ യാഥാർഥ്യമാവുന്നതോടെ നിലവിൽ ഇലക്ട്രിക് വാഹന ഉപയോക്താൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമാവുകയും കൂടുതൽപേർ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങുന്നതോടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ മൂലമുള്ള പരിസ്ഥിതി മലനീകരണത്തിന്റെ തോതും കുറക്കാൻ കഴിയും എന്ന് കെ. കെ ശൈലജ പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും അനുദിനമുള്ള വിലക്കയറ്റം സാധാരണക്കാരായ വാഹന ഉടമകളുടെ ദൈനം ദിന ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ വർദ്ധനവ് പ്രകൃതിയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും പ്രചാരവും ഈ രണ്ട് പ്രതിസന്ധികളെയും പരിഹരിക്കാൻ വലിയൊരളവിൽ സഹായകമാവുമെന്നും കെ. കെ ശൈലജ അഭിപ്രായപ്പെട്ടു.