മേപ്പാടി: മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ നടപടിയുമായി അധികൃതർ. അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മേപ്പാടി സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരോട് ആവശ്യപ്പെട്ടു. അനുമതിയില്ലാതെ ടെന്റുകൾ ഇനി പ്രവർത്തിക്കാൻ പാടില്ല. ഇത്തരത്തിൽ വിനോദ സഞ്ചാരികളെ പാർപ്പിച്ചാൽ ഉടമയ്‌ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടർ അദീല അബ്ദുല്ല വ്യക്തമാക്കി.

അതേസമയം സ്ഥാപനത്തിന്റെ പ്രവർത്താനാനുമതി റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമനയും വ്യക്തമാക്കി. വന്യമൃഗശല്യമുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും ഉടമ അത് നിരസിച്ചതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വനത്തിന്റെ അതിർത്തിയോട് വളരെ അടുത്ത് കിടക്കുന്നതാണ് ഈ ഹോം സ്റ്റേ. ഏതാണ്ട് പത്ത് മീറ്റർ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. ഇന്നലെ ഇവിടെ 30 പേരുണ്ടായിരുന്നു. മേപ്പാടിയിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരെയാണ് ഹോം സ്റ്റേ. വന്യമൃഗങ്ങളുടെ ശല്യമില്ലെന്നാണ് ഹോം സ്റ്റേ അധികൃതരുടെ വാദം. എന്നാൽ പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പും ഈ വാദം നിഷേധിക്കുന്നു.

രൂക്ഷമായ വന്യമൃഗശല്യമുള്ള പ്രദേശത്തണ് ടെന്റു കെട്ടിയിരുന്നതെന്നാണ് വ്യക്തമാകുന്ന വിവരം. ഷഹാന താമസിച്ചിരുന്നത് താമസിച്ചിരുന്നത് ഹോം സ്റ്റേയോട് ചേർന്ന ടെന്റിലായിരുന്നു. ഹോം സ്റ്റേക്ക് മാത്രമായിരുന്നു ലൈസൻസ് ഉണ്ടായിരുന്നത്. ടെന്റുകൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ടെന്റുകൾക്ക് സർക്കാർ ലൈസൻസ് അനുവദിക്കാറില്ലെന്നാണ് ഇതിന് ഹോം സ്റ്റേ ഉടമ നൽകുന്ന മറുപടി. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ല.

വിനോദസഞ്ചാരികൾക്ക് താമസിക്കാൻ തയ്യാറാക്കിയ ടെന്റിന് സമീപത്തെ കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല. യുവതി ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്റ്റേ ഉടമ പറഞ്ഞു. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വീണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുവെന്നുമാണ് ഉടമയുടെ മൊഴി. യുവതി മരിച്ചത് ഹോം സ്റ്റേ ഉടമ പറയുന്ന സ്ഥലത്താണോയെന്ന് സംശയമുണ്ടെന്ന് വനംവകുപ്പും വ്യക്തമാക്കി.

ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: ലുഖ്മാൻ, ഹിലാൽ, ഡോ. ദിൽഷാദ് ഷഹാന. റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല.