തിരുവനന്തപുരം: 'വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും എന്ന് പറയുന്നതുപോലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു ആന ഹെൽമെറ്റ് എടുത്ത് അകത്താക്കുന്നതാണ് വൈറലായ ഈ വീഡിയോയിൽ കാണുന്നത്. ഗുവാഹത്തിയിലെ നാരംഗിയിൽ പ്രവർത്തിക്കുന്ന സൽഗാവ് ആർമി ക്യാമ്പിലാണ് സംഭവം നടക്കുന്നത്.

റോഡരുകിൽ പാർക്ക് ചെയ്ത ബൈക്കിന്റെ അടുത്തേയ്ക്ക് വരുന്ന ആനയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. കുറച്ച് സമയം ബൈക്കിനെ നോക്കിയ ശേഷം, തുമ്പിക്കൈകൊണ്ട് മിററിൽ തൂക്കിയിട്ട ഹെൽമറ്റ് ആന വലിച്ചെടുക്കുകയായിരുന്നു. ശേഷം അത് നേരെ വായ്ക്കകത്ത് വച്ച് ഒറ്റ നടത്തം.

 

ഹെൽമെറ്റ് ആന വിഴുങ്ങിയോ എന്നത് വ്യക്തമല്ല. 'എന്റെ ഹെൽമെറ്റ് പോയി' എന്ന് വിലപിക്കുന്ന ഒരാളുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം. എന്തായാലും വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകളും രംഗത്തെത്തി.