ന്യൂഡൽഹി: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വാദം തള്ളി. ഇഎംസിസിയെ കുറിച്ച് സംസ്ഥാന സർക്കാരിന് അറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാർലമെന്റിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. ഇഎംസിസിയുടെ വിശദാംശങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നു.

ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ കമ്പനിയെ കുറിച്ച് അന്വേഷിച്ചു. ന്യൂയോർക്കിലേത് വാടക കെട്ടിടത്തിലെ വിർച്വൽ ഓഫീസാണെന്ന് മനസിലാക്കിയെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചുവെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇഎംസിസിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് ആയിരുന്നു മന്ത്രി ഇ പി ജയരാജന്റെ നിലപാട്.

അമേരിക്കൻ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോൺസുലേറ്റ് മറുപടി നൽകിയിരുന്നെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതിനു ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരൻ പറഞ്ഞിരുന്നു.

കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് 2019 ഒക്ടോബർ മാസം 21ന് മറുപടി അയച്ചിരുന്നു. ഇഎംസിസിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിൽനിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയിൽ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റ് നൽകിയ മറുപടി.

ഈ വിവരങ്ങൾ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വെച്ച് ഇഎംസിസിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തിൽ പ്രവർത്തിക്കാത്ത, രജിസ്ട്രേഷൻ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇതെന്നും മുരളീധരൻ പറഞ്ഞിരുന്നു.

വിശ്വാസ്യതയുള്ള സ്ഥാപനമാണോ ഇഎംസിസി എന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെക്കുറിച്ച് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷിക്കുകയും മറുപടി നൽകുകയും ചെയ്തിരുന്നു. ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുള്ളതെന്നാണ് മുരളീധരൻ ഇന്ന് വ്യക്തമാക്കിയത്

ഇഎംസിസിസറസറ വിശ്വാസ്യതയില്ലെന്ന് കാണിച്ച് റിപ്പോർട്ട് നൽകിയിട്ടും കരാറിൽ ഒപ്പിട്ടു എങ്കിൽ അതിന് അർത്ഥം എന്താണെന്നും വി.മുരളീധരൻ ചോദിച്ചിരുന്നു. കരാറിന് പിന്നിൽ സർക്കാരിലെ ഉന്നതരുടെ അറിവോടും, അവർ നടത്തുന്ന ആസൂത്രിതമായ വെട്ടിപ്പിന്റെ ഭാഗവുമാണെന്ന് വ്യക്തമാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.