കൊല്ലം: കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഇംഎംസിസിയുടെ എംഡി ഷിജു വർഗ്ഗീസ് പൊലീസ് കസ്റ്റഡിയിൽ ആണെന്ന മന്ത്രി മേഴ്‌സി കുട്ടി അമ്മയുടെ വാദം തള്ളി പൊലീസ്. ഷിജു വർഗ്ഗീസിന്റെ മൊഴി എടുക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. ഷിജു വർഗ്ഗീസിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന.

ഇന്ന് വെളുപ്പിന് അഞ്ച് മണിക്ക് പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു ഷിജു വർഗ്ഗീസ്. തന്റെ വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞുവെന്നാണ് പരാതി. ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഇപ്പോൾ പൊലീസും പറയുന്നത്. ഷിജു വർഗ്ഗീസ് പൊലീസ് പിടിച്ചത് അറിയിച്ചത് മന്ത്രി മേഴ്‌സി കുട്ടി അമ്മയാണ്. കുണ്ടറയിൽ മേഴ്‌സി കുട്ടി അമ്മയ്‌ക്കെതിരെയാണ് ഷിജു വർഗ്ഗീസ് മത്സരിക്കുന്നത്. ആഴക്കടൽ വിവാദവുമായി ബന്ധപ്പെട്ടുയർന്ന കമ്പനിയാണ് ഇഎംസിസി. ഈ കരാർ റദ്ദ് ചെയ്തതിനെ തുടർന്നാണ് ഷിജു വർഗ്ഗീസിന്റെ മത്സരം.

ഷിജു വർഗ്ഗീസിനെ അറസ്റ്റ് ചെയ്തുവെന്ന സ്ഥിരീകരണം എത്തിയത് സ്ഥാനാർത്ഥിക്കെതിരെ ബോംബ് ഏറുണ്ടായെന്ന അഭ്യൂഹങ്ങൾക്കിടെയാണ്. ഷിജു വർഗ്ഗീസിനെ പിടികൂടിയത് പെട്രോളുമായി പോകുമ്പോഴെന്ന് മന്ത്രി പറയുന്നു. നടന്നത് തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമമെന്ന് സിപിഎം അറിയിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് സ്ഥിരീകരണം എത്തുന്നത്. ബൈക്കിൽ എത്തിയ ആൾ തന്റെ വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതെന്നാണ് ഷിജു വർഗ്ഗീസിന്റെ പരാതി. പൊലീസിനെ ഇത് അറിയിച്ചതും ഷിജു വർഗ്ഗീസാണ്.

ഇത് പൊലീസ് സ്ഥിരീകരിക്കുമ്പോൾ മന്ത്രി മേഴ്‌സികുട്ടിയമ്മയ്ക്ക് തിരിച്ചടിയാണ്. മന്ത്രി കള്ളം പറഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. ബ്രേക്കിങ് ന്യൂസുണ്ടെന്ന പറഞ്ഞാണ് ഷിജു വർഗ്ഗീസിനെ അറസ്റ്റ് ചെയ്തുവെന്ന് മന്ത്രി പ്രഖ്യാപിച്ചത്.