കൊളംബൊ: സമാനതകളില്ലാത്ത സാമ്പത്തിക പ്രസിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്കയിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ 69 വർഷത്തിനിടയ്ക്ക് രാജ്യം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ഇതിനെ തുടർന്ന് ഇന്ന് ശ്രീലങ്കയിൽ സ്‌കൂളുകളും വാണിജ്യസ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ അടച്ചുകൊണ്ട് വമ്പിച്ച ഹർത്താൽ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ നടന്നു.ഹർത്താലിനിടെ പ്രതിഷേധക്കാരെ പാർലമെന്റ് സമുച്ചയത്തിന്റെ ക്യാമ്പസിനുള്ളിൽ കടക്കുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. വലിയ ബാരിക്കേഡുകളും കമ്പികളും നിരത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞത്.

എന്നാൽ അതുകൊണ്ട് അണയുന്ന വീര്യമായിരുന്നില്ല പ്രതിഷേധക്കാരുടേത്. തങ്ങളെ തടയുന്നതിന് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥർ വച്ച ബാരിക്കേഡുകൾക്ക് മുകളിൽ അടിവസ്ത്രം തൂക്കിയിട്ടായിരുന്നു പിന്നീടുള്ള പ്രതിഷേധം.ഗോട്ടബയ സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ കാരണം ഇനി തങ്ങളുടെ പക്കലുള്ളത് ഈ അടിവസ്ത്രങ്ങൾ മാത്രമാണെന്നും വേണമെങ്കിൽ അതും എടുത്തോളൂ എന്ന ബോർഡും തൂക്കിയിട്ടായിരുന്നു പ്രതിഷേധം.

അണ്ടർവെയർ പ്രതിഷേധം എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ ശ്രീലങ്കയിലെ പുത്തൻ പ്രതിഷേധ മാർഗം ചർച്ചയാകുകയാണ്.അതേസമയം പ്രതിഷേധങ്ങളെ നേരിടുന്നതിനായി ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ദിവസംതോറും ശക്തിപ്രാപിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. പാർലമെന്റ് സമ്മേളനം ഈ മാസം 17 വരെ നിർത്തിവച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും സർക്കാരിനെതിരായ പ്രതിഷേധങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശക്തിപ്പെടുത്തിയിട്ടുണ്ടായിരുന്നു. വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തി പ്രാപിക്കാനും അക്രമത്തിലേക്ക് കടക്കാനുമുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ശ്രീലങ്കയിൽ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ഗോട്ടബയ സർക്കാരിന്റെ കീഴിൽ വിദേശ കരുതൽ ശേഖരത്തിൽ ഏകദേശം 50 മില്ല്യണിന്റെ കുറവാണ് കണക്കാക്കപ്പെടുന്നത്. 69 വർഷത്തിനിടെ ഇതാദ്യമായിട്ടാണ് ഇത്രയും വലിയൊരു ഹർത്താലിന് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്