ചെന്നൈ: കസ്റ്റമർ കെയർ ഏജന്റ് ഉപഭോക്താവിനോട് മോശമായി പെരുമാറിയത് തെളിവുകളടക്കം പുറത്തുവിട്ടതോടെ മാപ്പ് പറഞ്ഞ് ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സൊമാറ്റൊ. ഓർഡർ ചെയ്ത ഭക്ഷണ ഇനങ്ങളിൽ ഒരെണ്ണം കുറഞ്ഞതിനെ തുടർന്ന് അതിന്റെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട ഉപഭോക്താവിനോടാണ് മോശമായി പെരുമാറിയത്.

പണം തിരികെ ആവശ്യപ്പെട്ട് വികാസ് എന്ന ഉപഭോക്താവ് സൊമാറ്റൊ കസ്റ്റമർ കെയർ ഏജന്റിനെ സമീപിച്ചത്. ഇതിന് മറുപടി പറയുന്നതിനിടെ രാഷ്ട്രഭാഷയായ ഹിന്ദി അൽപമെങ്കിലും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് കസ്റ്റമർ കെയർ ഏജന്റ് പറയുകയായിരുന്നു. ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ വികാസ് ട്വീറ്റ് ചെയ്തതോടെ സൊമാറ്റോയ്ക്കെതിരേ പ്രതിഷേധം ശക്തമായി. #RejectZomato എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി.

 

തുടർന്ന് സൊമാറ്റൊ മാപ്പ് പറഞ്ഞ് രംഗത്തെത്തി. 'വണക്കം വികാസ്. ഞങ്ങളുടെ കസ്റ്റമർ കെയർ ഏജന്റിന്റെ മോശം പെരുമാറ്റത്തിൽ ഞങ്ങൾ മാപ്പ് പറയുന്നു. അടുത്ത തവണ മികച്ച രീതിയിൽ ഭക്ഷണമെത്തിക്കാനുള്ള അവസരം നിങ്ങൾ തരുമെന്ന് കരുതുന്നു. നിങ്ങൾ സൊമാറ്റോയെ ബഹിഷ്‌കരിക്കരുത്'-സെമാറ്റോ ട്വീറ്റിൽ പറയുന്നു.

 

കസ്റ്റർ കെയർ ഏജന്റിനെ പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കുമെന്നും സൊമാറ്റൊ ആപ്പിന്റെ തമിഴ് പതിപ്പ് ഉടൻ പുറത്തിറക്കുമെന്നും ഔദ്യോഗിക കുറിപ്പിലൂടെ സൊമാറ്റോ വ്യക്താക്കി. ഈ കുറിപ്പും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചിക്കൻ റൈസും പെപ്പർ ചിക്കനും ഓർഡർ ചെയ്ത വികാസിന് ലഭിച്ചത് ചിക്കൻ റൈസ് മാത്രമാണ്. എന്നാൽ ഈ രണ്ട് ഇനങ്ങളുടേയും പണം വികാസിൽ നിന്ന് സൊമാറ്റോ ഈടാക്കിയിരുന്നു. ഹോട്ടലിൽ വികാസ് വിളിച്ചപ്പോൾ പരാതി കൊടുക്കാനും സൊമാറ്റോയിൽ നിന്ന് പണം വാങ്ങാനുമാണ് പറഞ്ഞത്. എന്നാൽ ഹോട്ടലുകാർ ഇക്കാര്യം സൊമാറ്റോയെ അറിയിച്ചിരുന്നില്ല. തുടർന്ന് കസ്റ്റമർ കെയർ ഏജന്റ് പണം നൽകുന്ന കാര്യം സ്ഥിരീകരിക്കാൻ ഹോട്ടലുകാരെ വിളിച്ചു.

പക്ഷേ തമിഴ് ഭാഷ അറിയാത്തതിനാൽ അവർ പറഞ്ഞത് ഏജന്റിന് മനസിലായില്ല. ഇത് വികാസിനെ അറിയിച്ചപ്പോൾ തമിഴ് ഭാഷ അറിയുന്നവരെ തമിഴ്‌നാട്ടിൽ ജോലിക്കെടുക്കണമെന്നായിരുന്നു മറുപടി. ഇതോടെയാണ് രാഷ്ട്രഭാഷ ആയ ഹിന്ദി അൽപമെങ്കിലും എല്ലാവരും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് കസ്റ്റമർ കെയർ ഏജന്റ് പറഞ്ഞത്.