ടുത്ത ഒന്നു രണ്ടാഴ്ചക്കുള്ളിൽ എൻട്രൻസ് പരീക്ഷയുടെ ഫലം വരും. കേരളത്തിൽ 160 എൻജിനിയറിങ് കോളേജുകളുണ്ട്. അവയിൽ മിക്കതും ആളെ പിടിക്കാൻ വലയുമായി ഇറങ്ങിക്കഴിഞ്ഞു. ചില പരസ്യങ്ങളൊക്കെ കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിലാണോ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് തോന്നും. പലയിടത്തും ചേർന്നാൽ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയതുപോലെയാകും ഫലം. കേരളത്തലെ ഒരു കോളേജും ലോകനിലവാരത്തിലുള്ളതല്ല. എല്ലാവർക്കും വിദേശത്തോക്കെ പോകാനാവില്ലല്ലോ. അതിനാൽ ഉള്ളതിൽ നിന്ന് നിങ്ങൾ ശ്രദ്ധാപൂർവ്വം കോളേജ് തിരഞ്ഞെടുക്കണം.

ഓരോ കോളേജും ഓരോecosystem ആണെന്നന്ന് പറയാം. ചിലത് നമ്മുടെ യക്ഷിക്കാവുകളെപ്പോലെ ജൈവവൈവിധ്യമുള്ളത് ,മറ്റു ചിലത് അത്യ ൽപാദന ശേഷിയുള്ള റബർ എസ്റ്റേറ്റുപോലെയും. എവിടെ ചേർന്നാലും നിങ്ങൾക്ക് ഡിഗ്രി കാട്ടാൻ സാധ്യതയുണ്ട്.കാവി ലൊക്ക നല്ല വിഷമുള്ള മൂർഖൻ പാമ്പുകളൊക്കെ കാണും. സൂക്ഷിച്ച് നടന്നാൽ ജീവിതത്തിന്റെ ഗതി തന്നെ മാറ്റാം. റബർത്തോട്ടത്തിൽ കളനാശിനി തളിച്ച് എല്ലാത്തിനേയും ഒതുക്കി വെച്ചിട്ടുണ്ടാകും. ഇവിടെ കയറിയിറങ്ങിയാൽ പ്രത്യേകിച്ച് മണവും ഗുണവുമൊന്നും കാണില്ല. എവിടെ ചേരണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഓരോന്നിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്.
ഒരു കോളേജ് ecosystemത്തിൽ ഉള്ളത് താഴെപ്പറയുന്ന ഘടകങ്ങളാണ്.

1) മാനേജ്‌മെന്റ്
2) അദ്ധ്യാപകർ
3) വിദ്യാർത്ഥികൾ
4) കാമ്പസ്

ഈ നാല് ഘടകങ്ങളും പരിഗണിച്ചിട്ടാവണം കോളേജിന്റെ തിരഞ്ഞെടുപ്പ്. ഓരോന്നും നിങ്ങളുടെ ഭാവിയെ പല രീതിയിൽ ബാധിക്കും.

1) ആദ്യ ഘടകമായ മാനേജ്‌മെന്റിന്റെ കാര്യമെടുക്കുക. ഇടി മുറി നടത്താത്ത അക്കാദമിക്ക് കാര്യങ്ങളിൽ നേരിട്ടിടപെടാത്ത ഒരു മാനേജ്‌മെന്റിനെ വേണം തിരഞ്ഞെടുക്കാൻ . നിങ്ങൾ പഠിക്കുന്ന കോളേജ് ഒരു ബാർ മുതലാളിയുടേതാണെന്നിരിക്കട്ടെ, ബാറിൽ വരുന്ന കുടിയന്മാരെ കൈകാര്യം ചെയ്യുന്നത് പോലെയാവും നിങ്ങളെ ഇടിക്കുന്നത്. അണ്ടിക്കമ്പനി മുതലാളിക്കോ, മീൻ മുതലാളിക്കൊ ഇന്റർണൽ മാർക്കെന്തെന്ന് നിശ്ചയമുണ്ടാവില്ല. അതവർ തിരുത്തിയേക്കാം.
സർക്കാർ നടത്തുന്ന കോളേജുകളാണ് ആദ്യം പരിഗണിക്കാവുന്നത്, തുടർന്ന് സർക്കാർ എയ്ഡഡ് സ്, സർക്കാർ നിയന്ത്രിത കോളേജുകൾ എന്നിവ പരിഗണിക്കാം (1HRD , L B S, CAPE എന്നീ ക്രമത്തിൽ) സർക്കാർ / സർക്കാർ നിയന്ത്രിത കോളേജുകൾക്ക് വലിയ ഷോ ഒന്നും ഉണ്ടാകില്ല. ഹൈവേയിലൊന്നും യാതൊരു പരസ്യവും കാണില്ല. മിക്കവാറും ബോർഡു പോലും കണ്ടെന്ന് വരില്ല. പക്ഷെ അടുത്ത നാലു വർഷം അവ പ്രവർത്തിക്കും എന്ന് ഉറപ്പുണ്ട്. സർക്കാരിന് നിങ്ങളുടെ അക്കാദമിക് കാര്യത്തിൽ പ്രത്യേക താൽപര്യമൊന്നുമില്ല. നിങ്ങളായി നിങ്ങടെ പാടായി.

സർക്കാർ സ്ഥാപനങ്ങൾ ബഹുകേമമാണെന്നൊന്നും പറയാൻ ഞാനില്ല. ഇവിടെ പഠിച്ചാൽഎളുപ്പത്തിൽ തടി കേടാകില്ല. സർക്കാരിന്റെ ഇടിമുറി പൊലീസ് സ്റ്റേഷനിലാണ്. അവിടെ എത്തിപ്പെടാതിരുന്നാൽ മതി.

കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാർ കോളേജികളിൽ ടെക്വിപ് വഴിയൊക്കെ നല്ല രീതിയിൽ സൗകര്യങ്ങൾ കൂട്ടിയിട്ടുണ്ട് ഇടതു പക്ഷ സർക്കാർ ഈ സ്ഥാപനങ്ങളോട് ഇപ്പോൾ വളരെ സൗഹാർദ്ദപരമായ സമീപനമാണെടുത്തിട്ടുള്ളത്. വരും വർഷങ്ങളിൽ പൊതു വിദ്യഭ്യസ മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു ബജറ്റിൽ ഇപ്പോൾത്തന്നെ IHRD ക്ക് 42 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.ഇത് നല്ല ഒരു സൂചനയാണ്. എൻട്രൻസ് പരീക്ഷയിൽ എകദേശം10000 റാങ്കു വരെയുള്ളവർക്ക് മേൽ പറഞ്ഞ കോളേജുകളിൽ കിട്ടും.
സ്വകാര്യ സ്വാശ്രയ കോളേജുകളുടെ സ്ഥിതി പരിതാപകരമായ അവസ്ഥയിലാണ്. എ ൻ ജി നിയറിംഗിന് ഡിമാന്റ് കുറഞ്ഞതോടെ പലയിടത്തും സ്റ്റാഫ് കുട്ടികൾക്കായി കാൻവാസിങ് നടത്തുന്നുണ്ട്. ഫീസ് കുറക്കാം, വിമാനത്തിൽ കയറ്റാം എന്നിങ്ങനെ പലതരം ഓഫറുകൾ കാണും. വിഴരുത്. അടുത്ത നാല് വർഷം ഇവ നില നിൽക്കണമെന്നില്ല. പല സ്ഥലത്തും അദ്ധ്യാപകർക്ക് ശമ്പളമില്ല. ഉള്ളവർ തന്നെ രക്ഷപെടാൻ ശ്രമിക്കുന്നു.

കഴിയുമെങ്കിൽ മദ്യ മുതലാളിമാർ, ബ്ലേഡ് കൾ, വ്യക്തി കേന്ദ്രീകൃതസമുദായ സംഘടനകൾ തുടങ്ങിയവ നടത്തുന്ന സ്ഥാപനങ്ങൾ ഒഴിവാക്കണം . തമിഴ്‌നാട്ടിൽ ഹെഡോഫീസും ഇവിടെ ബ്രാഞ്ചുമുള്ള ചിലരുണ്ട്. ഇടി തമിഴ് ശൈലിയിലാകും. ജാഗ്രതൈ. പല കോളേജുകളിലും സർക്കാർ നിശ്ചയിച്ച ഫീസിന് പുറമേ ഫൈൻ, യൂണിഫോം പുസ്തകങ്ങൾ, വണ്ടി, റോക്കറ്റ്, നേർച്ച, കാഴ്ച തുടങ്ങി നൂറുകണക്കിന് പണം പിടുങ്ങൽ പദ്ധതികളുണ്ട്. നമ്മുടെ സഭക്കാരൊക്കെ ഇക്കാര്യത്തിൽ പ്രത്യേക പ്രാവിണ്യമുള്ളവരാണ്. സൂക്ഷിച്ച് വേണം തല വെക്കാൻ .സ്വകാര്യ സ്ഥാപനങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം പൊതുവേ ക്കുറവായിരിക്കും. പാഠഭാഗങ്ങൾ അരച്ചുകലക്കി വായിൽ തിരുകും. അവസാനം യാതൊരു കാര്യ വിവരവുമുണ്ടാകില്ല. ഒഴുക്കിനനുസരിച്ച് നീന്തുന്നവർക്ക്തടി കേടാകതെ കഴിച്ചിലാക്കാം .വേണമെങ്കിൽ ബാങ്ക് ടെസ്റ്റ് എഴുതാം.

കഴിഞ്ഞ വർഷം 70% എങ്കിലും സീറ്റ് ഫില്ലാ കാത്ത കോളേജുകളെ യാതൊരു കാരണവശാലും പരിഗണിക്കരുത്.നാലു വർഷം അവനിലനിൽക്കില്ല. KTU വിന്റെ സൈറ്റിൽ നോക്കിയാൽ കഴിഞ്ഞ വർഷം എത്ര കുട്ടികൾ ചേർന്നു എന്നറിയാം.

2) അടുത്തത് അദ്ധ്യാപകരാണ്. കഴിവും കമ്മിറ്റ്‌മെന്റുമുള്ള അദ്ധ്യാപകരുടെ എണ്ണം എൻ ജി നിയറിങ് വിദ്യാഭ്യാസ മേഖലയിൽ തുലോം കുറവാണ്. എം ടെക്ക് ആണ് ഒരു എൻജിനി യ റിങ് അദ്ധ്യാപകന് വേണ്ട കുറഞ്ഞ യോഗ്യത. കഴിഞ്ഞ കുറേ വർഷങ്ങളായി മിടുക്കന്മാർക്കൊക്കെ ബി ടെക് കഴിയുമ്പോൾത്തന്നെ ജോലി കിട്ടുന്നുണ്ട്. എംടെക് IIT,NIT പോലെയുള്ള സ്ഥലങ്ങളിൽ ചെയ്യുന്നവരും ഇപ്പോൾ അദ്ധ്യാപക ജോലിക്ക് വരുന്നില്ല.

നിങ്ങൾ കോളേജ് തിരഞ്ഞെടുക്കുമ്പോൾ അവിടുത്തെ അദ്ധ്യാപകരുടെ യോഗ്യതയും നിലവാരവും പരിശോധിക്കണം. ഈ വിവരം അതത് കോളേജകളുടെ വെബ്‌സൈറ്റിൽ കാണും. ഡിങ്ക ജോതി കോളേജിൽ നിന്ന് ബിടെക്കും പങ്കിലക്കാട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് MTech ഉം കർപ്പൂരം യൂണിവേർസിറ്റിയിൽ നിന്ന് PhD യും ഉള്ളവർ പഠിപ്പിക്കുന്നിടത്ത് കഴിയുമെങ്കിൽ ചേരരുത്. പൂർവ്വ വിദ്യാർത്ഥികൾ,ഇപ്പോഴത്തെ വിദ്യാർത്ഥികൾ എന്നിവരോട് ഇക്കാര്യത്തിൽ അഭിപ്രായം ചോദിക്കാം.

ഗവർമെന്റ് കോളേജിലൊക്കെഫാക്കൽ ട്ടി മെച്ചമാണ്. മേൽപറഞ്ഞ കൂട്ടർ ഇല്ലെന്നല്ല. താരതമ്യേന കുറവാണ്. സ്വകാര്യ കോളേജുകളെക്കുറിച്ച് ഒന്നും പറയുന്നില്ല. അദ്ധ്യാപകരുടെ വൈവിധ്യം ഒരു കോളജിന്റെ വിജയത്തിന് അത്യാവശ്യമാണ്. ഫാക്കാട്ടിയിൽ പുരുഷന്മാരും സ്ത്രീകളും വേണം. വിവിധ മതക്കാർ, ദേശക്കാർ ,പലയിടങ്ങളിൽ പഠിച്ചവർ, പുറത്ത് ജോലി ചെയ്തിട്ടുള്ളവർ എന്നിങ്ങനെ വിവിധ തരം ആളുകളുണ്ടെങ്കിൽ നിങ്ങൾക്ക് കിട്ടുന്ന എക്‌സ്‌പോഷർ മെച്ചപ്പെട്ടതാകും. എല്ലാ അദ്ധ്യാപകരും ഒരേ പോലെ വേഷം ധരിക്കുന്ന, ഒരേ രീതിയിൽ ഭക്ഷണം കഴിക്കുന്ന, പ്രാർത്ഥിക്കുന്ന, ചിന്തിക്കുന്ന, മനേജ്‌മെന്റ് പഞ്ഞാൽ തലകുത്തി നിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. വലിയ വില ചിലപ്പോൾ കൊടുക്കേണ്ടി വരാം. സർക്കാർ /സർക്കാർ നിയന്ത്രിത കോളേജുകളിൽ 60% സ്ഥിരം അദ്ധ്യാപകരുണ്ട്. അവർ എല്ലാവരും സമ്പൂർണ്ണജ്ഞാനികളൊന്നുമല്ല. പക്ഷെ മികച്ചവർ ഉണ്ട്. ബാക്കി ഗസ്റ്റ് ഫാക്കൾട്ടി വച്ചാണ് നടത്തുന്നത്. സ്വാകാര്യ കോളേജുകളിൽ ഫ്‌ലോട്ടിങ് ഫാക്കൽ ട്ടിയാണുള്ളത്. ഇന്ന് ഡിങ്ക ജോതിയിൽ പ്രിൻസിപ്പാളായിരിക്കുന്നയാൾ നാളെ കർപ്പൂരാഴിയിൽ എച്ച് ഓഡി ആയെന്നിരിക്കും.

3) ഇനി നോക്കേണ്ടത് നിങ്ങളുടെ കൂടെ ആരൊക്ക പഠിക്കാനുണ്ടാവും എന്നതാണ്. വൈവിധ്യമാണിവിടെയും പ്രധാനം.ഇതിനും ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളോട് അന്വോ ഷിക്കാം. വിദ്യാർത്ഥികളുടെ വൈവിധ്യം സ്ഥാപനത്തിന്റെ സൽപേരുമായി ബന്ധപ്പെട്ടാണിരിക്കുനത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാൻ വരുന്നുണ്ടെങ്കിൽ അത് ഒരു നല്ല ലക്ഷണമാണ്. നിങ്ങളുടെ പ0ന കാലത്തിലെ നല്ലൊരു സമയം സഹപാഠികളുടെയൊപ്പമാവും. നിങ്ങൾ ക്ലാസിൽ നിന്ന് പഠിക്കുന്നതിനേക്കാളേറെ അവരിൽ നിന്നാവും പഠിക്കുക. എല്ലാ കുട്ടികളും തൊപ്പി വെച്ചു നടക്കുന്ന ഒരു ക്ലാസിലാണ് നിങ്ങൾ ചേരുന്നതെങ്കിൽ കാലക്രമേണ നിങ്ങളും അങ്ങനെ തന്നെ ചെയ്യും. അൽപം രാഷ്ട്രീയവും മറ്റ് കലാപരിപാടികളുമൊകെയുള്ള കോളേജ് ക ളാ ണ് നല്ലത്. പഠനം കഴിഞ്ഞ് നിങ്ങൾ ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കേണ്ടത്. ബ്രോയിലർ കോഴികളായിട്ടല്ല ചെറുപ്പക്കാർ വളരേണ്ടത്.(അധികമായാൽ അമൃതും വിഷമാണെന്ന് മറക്കരുത്.)

4) അവസാനമായി പരിഗണിക്കേണ്ടത് കാമ്പസ് എങ്ങിനെയാണെന്നുള്ളതാണ്. കാമ്പസ് നഗരത്തിലോ നഗരപ്രാന്തത്തിലോ ഉള്ള കോളേജ് കൾക്ക് മുൻഗണന കൊടുക്കാം ( വല്ലപ്പോഴും ഒരു മാറ്റിനിയൊക്കെ കാണണ്ടെ: D) ഹോസ്റ്റൽ സൗകര്യമുണെങ്കിൽ അവിടെ ഇ ടി മുറിയില്ലെന്ന് ഉറപ്പ് വരുത്തണം.

ആൺ കുട്ടികളേയും പെൺകുട്ടികളേയും തരാതിരച്ച് കാണുന്ന കാമ്പസുകളുണ്ട്. പലയിടത്തും തമ്മിൽ സംസാരിക്കുന്നതിന് വിലക്കുണ്ടെന്ന് കേൾക്കുന്നു. കുട്ടികൾക്ക് മിനിമം വ്യക്തിസ്വാതന്ത്ര്യം ഉള്ള സ്ഥലങ്ങളാവണം തിരഞ്ഞെടുക്കേണ്ടത്. സഞ്ചാരസ്വാതന്ത്യം തിരെയില്ലാത്ത സ്ഥലങ്ങൾ, ഒരു ദിവസം താമസിച്ചാൽ സെക്യരിട്ടി കണ്ണുരുട്ടുന്നയിടങ്ങൾ, പുരോഹിതന്മാർ സദാചാര പൊലീസിന്റെ പണിയെടുക്കുന്ന സ്ഥലങ്ങൾ ഒക്കെ ഗുണത്തേക്കാൾ ദോഷമേ ചെയ്യു.(മാതാപിതാക്കളെ ഇതു പറഞ്ഞ് മനസ്സിലാക്കിക്കുന്നതിലാണ് നിങ്ങളുടെ വിജയം.)
പല പരസ്യങ്ങളിലും കോളേജുകൾ കുട്ടികൾ ഹിന്ദി സിനിമയിലെ വില്ലന്റെ മാതിരിയുള്ള യൂണിഫോം ഒക്കെ ധരിച്ച് കമ്പ്യൂട്ടറിന്റെ മുന്നിലും വിമാനത്തിന്റെ മുന്നിലും പോസ് ചെയ്യുന്നത് കാണാം. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. യൂണിഫോമിന്റെ തിളക്കമോ വടിവോ അല്ല കോളേജ് ജീവിതത്തിന്റെ കാതൽ. കോളേജ് ജീവിതം അടിച്ച് പൊളിക്കാൻ മാത്രമുള്ളതല്ല നിങ്ങളുടെ ഭാവിയുടെ അടിത്തറയിടേണ്ട സമയം കൂടിയാണത്. ചുരിക്കിപ്പറഞ്ഞാൽ ആനന്ദം സിനിമയും കോളേജുമായി വലിയ ബന്ധമൊന്നുമില്ല.

(ആറ്റിങ്ങൽ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലാണ് ആണ് ലേഖകൻ)