ഹൈദരാബാദ്: എൻജിനീയറിങ് അവസാനവർഷ വിദ്യാർത്ഥികളിൽ പലർക്കും സർവ്വകലാശാല പൂജ്യം മാർക്ക് നൽകിയതായി പരാതി. ഹൈദരാബാദ് ജവഹർലാൽ നെഹ്റു സാങ്കേതിക സർവകലാശാല(ജെഎൻടിയുഎച്ച്)യാണ് അവസാനവർഷ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക് നൽകിയത്.

പുനർമൂല്യനിർണയത്തിനായി ഓരോ പരീക്ഷാപേപ്പറിനും 1000 രൂപ വീതം ഫീസിനത്തിൽ നൽകണമെന്ന് സർവകലാശാല ആവശ്യപ്പെട്ടതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. മൂല്യനിർണയത്തിലെ പിഴവാണ് പൂജ്യം മാർക്കിന് പിന്നിലെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ടെന്നും പൂജ്യം മാർക്ക് ലഭിക്കാനിടയില്ലെന്ന് പൂർണവിശ്വാസമുണ്ടെന്നും ഗുരു നാനാക്ക് എൻജിനീയറിങ് ഇൻസ്റ്റിട്യൂട്ടിലെ ഒരു വിദ്യാർത്ഥി പ്രതികരിച്ചു. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സന്ദർഭമാണിതെന്നും വിദ്യാർത്ഥി കൂട്ടിച്ചേർത്തു.

പുനർ മൂല്യനിർണയത്തിന് ശേഷവും പാസ്മാർക്ക് ലഭിച്ചില്ലെങ്കിൽ ഒരു അധ്യയനവർഷം നഷ്ടമാകുമെന്ന വിഷമത്തിലാണ് വിദ്യാർത്ഥികൾ. വീണ്ടും പരീക്ഷയെഴുതാൻ ഇവർക്ക് ഒരു കൊല്ലം കാത്തിരിക്കേണ്ടി വരും. ആവറേജോ അതിലധികമോ മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികളിൽ ഭൂരിഭാഗത്തിനും പൂജ്യം മാർക്കാണ് ലഭിച്ചിരിക്കുന്നത്.

കോവിഡ് കാലമായതിനാൽ വിദ്യാർത്ഥികൾക്ക് 0.15 ശതമാനം ഗ്രേസ് മാർക്ക് കൂടി നൽകുമെന്ന് സർവകലാശാല അറിയിച്ചിരുന്നു. എന്നാൽ പൂജ്യം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് ഈ ഗ്രേസ് മാർക്ക് ഒരു വിധത്തിലും പ്രയോജനപ്രദമാകില്ല. പൂജ്യം മാർക്കിനൊപ്പം സർവകലാശാല നൽകുന്ന ഗ്രേസ് മാർക്ക് കൂട്ടിയാൽ പരീക്ഷ പാസാവുന്നതിനാവശ്യമായ 45 മാർക്ക് ലഭിക്കില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.

മാർക്ക് കുറഞ്ഞ കാരണത്താൽ രണ്ടോ മൂന്നോ വിഷയങ്ങളിൽ ചില വിദ്യാർത്ഥികൾ പരാജയപ്പെട്ടതായും ഗ്രേസ് മാർക്ക് കൂട്ടിച്ചേർക്കുന്നതോടെ ഈ വിദ്യാർത്ഥികൾക്ക് പരീക്ഷ പാസാവാൻ കഴിയുമെന്നുമാണ് സർവകലാശാലയുടെ ഭാഷ്യം.