ലണ്ടൻ: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുക. ജൂലൈ എട്ടിനാണ് പരമ്പര ആരംഭിക്കുക. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

പരിക്കിൽ നിന്ന് മുക്തതനായ ബെൻ സ്റ്റോക്സിന്റെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. ടി20 ബ്ലാസ്റ്റിൽ ഡർഹാമിന് വേണ്ടി കളിക്കുന്നുണ്ട് സ്റ്റോക്സ്. ടൂർണമെന്റിൽ കളിച്ച് പൂർണ കായികക്ഷമത തെളിയിച്ച ശേഷം പാക്കിസ്ഥാനെതിരെ തന്നെ നടക്കുന്ന ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര വേദിയിലേക്ക് മടങ്ങിവരാനായിരിക്കും സ്റ്റോക്സിന്റെ തീരുമാനം. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ പരിക്കേറ്റ ജോസ് ബട്ലറേയും ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

ഇംഗ്ലണ്ട് ടീം: ഓയിൻ മോർഗൻ (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ജേസൺ റോയ്, ജോ റൂട്ട്, സാം ബില്ലിങ്സ്, മൊയീൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ടോം കറൻ, ആദിൽ റഷീദ്, മാർക് വുഡ്, ലിയാം പ്ലങ്കറ്റ്, ക്രിസ് വോക്സ്, ലിയാം ഡോസൺ, ജോർജ് ഗാർട്ടൺ, ടോം ബാന്റൺ.