ലണ്ടൻ: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിന് വിജയത്തുടക്കം. വെംബ്ലിയിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് കീഴടക്കിയത്. റഹീം സ്റ്റർലിംഗിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. 

സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിലുടനീളം ഇംഗ്ലണ്ട് നിര ക്രൊയേഷ്യൻ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഫിൽ ഫോഡനും, റഹീം സ്റ്റെർലിങ്ങും മേസൺ മൗണ്ടുമെല്ലാം മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. പലപ്പോഴും ഇവരുടെ മുന്നേറ്റത്തിൽ ക്രൊയേഷ്യൻ പ്രതിരോധം ആടിയുലയുന്ന കാഴ്ചയും കാണാമായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണമായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ആറാം മിനിറ്റിൽ തന്നെ ഫിൽ ഫോഡന്റെ ഷോട്ട് നിർഭാഗ്യം കൊണ്ട് പോസ്റ്റിൽ തട്ടി തെറിച്ചു. തൊട്ടുപിന്നാലെ സ്റ്റെർലിങ്ങിന്റെ മുന്നേറ്റം കലേറ്റ കാർ തടഞ്ഞു. ഇതിനിടെ കാൽവിൻ ഫിലിപ്പ്സും ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ചിനെ പരീക്ഷിച്ചു.

വലതുവിങ്ങിലൂടെ ഫോഡനും ഇടതു വശത്തുകൂടി സ്റ്റെർലിങ്ങും നിരന്തരം ക്രൊയേഷ്യൻ ബോക്സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. ആദ്യ പകുതിയുടെ ആദ്യ 25 മിനിറ്റിലും ഇംഗ്ലണ്ടിന്റെ പ്രെസ്സിങ് ഗെയിമായിരുന്നു കാണാൻ സാധിച്ചത്. ക്രൊയേഷ്യക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും ആദ്യ പകുതിയിൽ സൃഷ്ടിക്കാനായില്ല.

രണ്ടാം പകുതിയിലും മികച്ച ആക്രമണം പുറത്തെടുത്ത ഇംഗ്ലണ്ട് 57-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിലൂടെ മുന്നിലെത്തി. വലത് വിംഗിലൂടെ മുന്നേറിയ ലീഡ്്സ് താരം കാൽവിൻ ഫിലിപ്സിന്റെ പാസ് സ്വീകരിച്ച സ്റ്റർലിങ് വല കുലുക്കുകയായിരുന്നു. ഇംഗ്ലണ്ടിന് ലീഡ് ഉയർത്താനുള്ള അവസരം ക്യാപ്റ്റൻ കൂടിയായ ഹാരി കെയ്ൻ നഷ്ടമാക്കി. മറുവശത്ത് 65-ാം മിനിറ്റിൽ അന്റെ റെബിച്ചും അവസരം തുലച്ചു. മത്സരം മുന്നോട്ട് നീങ്ങവെ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. പിന്നാലെ മൂന്ന് പോയിന്റും ഇംഗ്ലണ്ട് സ്വന്തമാക്കി.

യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഓസ്ട്രിയ വടക്കൻ മാസിഡോണിയയെ നേരിടും. റൊമാനിയയിലെ ബുക്കാറസ്റ്റിലെ നാഷണൽ അരീനയിൽ ഇന്ത്യൻ സമയം 9:30-നാണ് മത്സരം.

യോഗ്യതാ മത്സരങ്ങളിൽ നേരത്തെ രണ്ടു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. രണ്ടിലും ഓസ്ട്രിയക്കായിരുന്നു ജയം. വടക്കൻ മാസിഡോണിയയുടെ ആദ്യ യൂറോ കപ്പാണിത്.