ന്യൂഡൽ​ഹി: കേരളത്തിലെ ക്രൈസ്തവ സഭാ തർക്കത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് നാളെ തുടക്കം. ഓർത്തഡോക്സ് സഭാ പ്രതിനിധികൾ നാളെയും യാക്കോബായ പ്രതിനിധികൾ മറ്റന്നാളും പ്രധാനമന്ത്രിയെ കാണും. മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്ക്കൊപ്പമാകും കൂടിക്കാഴ്ച. ഇരു വിഭാഗത്തിന്റെയും മൂന്ന് പ്രതിനിധികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. അടുത്തയാഴ്ച കത്തോലിക്ക സഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടപെടൽ വേഗത്തിലാക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർത്ഥിക്കും. പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും തേടണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടും. ന്യൂനപക്ഷ സ്കോളർഷിപ്പ്, ലൗ ജിഹാദ്, അടക്കമുള്ല വിഷയങ്ങളിലെ ഇടപെടൽ ആവശ്യപ്പെട്ട് നേരത്തെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള പള്ളി തർക്കം രൂക്ഷമായി തുടരുന്നതിനിടെയിലാണ് പ്രധാനമന്ത്രി ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തുന്നത്. ഇരു കൂട്ടരേയും ഒരുമിച്ചിരുത്തി പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ശ്രമിച്ചിരുന്നു. ഇത് ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടു കൂട്ടരേയും വെവ്വേറെ പ്രധാനമന്ത്രി ചർച്ചയ്ക്ക വിളിക്കുന്നത്. പി എസ് ശ്രീധരൻ പിള്ളയുടെ നിർദ്ദേശം കണക്കിലെടുത്താണ് ഇത്. വേണമെങ്കിൽ ചർച്ചകൾക്ക് ശേഷം ഇരു കൂട്ടരേയും ഒരുമിച്ചും പ്രധാനമന്ത്രി കാണം. വ്യക്തമായ ഫോർമുല ഇക്കാര്യത്തിൽ ശ്രീധരൻ പിള്ള തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

ഡിസംബർ 28 നാണ് പ്രധാനമന്ത്രി ഓർത്തോഡോക്‌സ് സഭയുടെ വൈദികരുമായി ചർച്ച നടത്തുന്നത്. ഓർത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡൽഹി ഭദ്രാസന മെത്രോപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക. യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക

ആദ്യ ഘട്ട ചർച്ചയിൽ സഭകളുടെ ആശങ്കകൾ പ്രധാനമന്ത്രി കേൾക്കും. പ്രശ്‌ന പരിഹാരത്തിന് ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാർശകൾ കൂടി കണക്കിലെടുത്താകും തുടർ നടപടികൾ. സുപ്രീം കോടതി വിധി നിലനിൽക്കുന്നതിനാൽ അതും പരിഗണിച്ച് പ്രശ്‌ന പരിഹാര നിർദ്ദേശങ്ങൾ തയ്യാറാക്കും. ഇത് സഭകളെ അറിയിക്കും. ഇതിന് ശേഷം മാത്രമേ രണ്ട് കൂട്ടരേയും ഒരുമിച്ച് ഇരുത്തി ചർച്ച നടത്തൂ. രണ്ടു കൂട്ടരേയും ഒരുമിച്ച് ഇരുത്തിയാൽ ചർച്ച ആദ്യ ഘട്ടത്തിൽ തന്നെ പൊളിയുമെന്ന വിലയിരുത്തൽ ശക്തമാണ്. അതുകൊണ്ടാണ് രണ്ട് കൂട്ടരേയും കണ്ട് ആദ്യം കാര്യങ്ങൾ മനസ്സിലാക്കുന്നത്.

കേരളത്തിലെ സഭാ തർക്കം പരിഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമ്പോൾ പ്രശ്ന പരിഹാരത്തിന് സാധ്യത ഏറെയെന്ന് സൂചന. വ്യക്തമായ പദ്ധതിയുമായാണ് വിഷയത്തിൽ മോദി ഇടപെടുന്നതെന്നാണ് സൂചന.  കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശ്രീധരൻ പിള്ള സഭാ വിഷയം ഉന്നയിച്ചിരുന്നു. ക്രൈസ്തവ സഭാനേതാക്കൾ അഭ്യർത്ഥിച്ചതു പ്രകാരമാണു താൻ പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഭകളുമായി അടുത്ത ബന്ധം പിള്ളയ്ക്കുണ്ട്. ഇതുപയോഗിച്ച് പ്രശ്നപരിഹാരത്തിനുള്ള ഏകദേശ രൂപം പിള്ള ഉണ്ടാക്കിയിട്ടുണ്ട്. അത് സഭാ നേതൃത്വം അംഗീകരിച്ചാൽ എല്ലാം പരിഹരിക്കപ്പെടും.

ഇതിന്റെ വിശദാംശങ്ങൾ സഭാ നേതൃത്വവുമായി ഗവർണ്ണർ പങ്കുവച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി മോദിയേയും അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനുള്ള ഫോർമുലയാണ് പരിഗണിക്കുന്നത്. അഭിഭാഷകൻ കൂടിയായ പിള്ള എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് വിഷയത്തിൽ ഇടപെടുന്നത്. ക്രൈസ്തവ സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കന്ന തരത്തിലാണ് മോദിയുടെ ഇടപെടൽ. കേന്ദ്ര മന്ത്രി ്അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിഷയങ്ങളിൽ കൂടിയാലോചന നടത്തുന്നുണ്ട്. കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ ക്രൈസ്തവ പിന്തുണ അനിവാര്യമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് മിസോറാം ഗവർണ്ണറെ പ്രശ്ന പരിഹാരത്തിന് നിയോഗിച്ചത്. ക്രൈസ്തവർക്ക് ഉള്ള മറ്റ് പരാതികളും കേന്ദ്ര സർക്കാർ പരിശോധിക്കും. മറ്റ് ക്രൈസ്തവ സഭകളുമായി ജനുവരിയിൽ മോദി ചർച്ച നടത്തുമെന്ന് പി.എസ് ശ്രീധരൻപിള്ള അറിയിച്ചു. ചർച്ചക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. മതപരമായ ലക്ഷ്യങ്ങളോടെയല്ല സഭാതർക്കത്തിൽ ഇടപെടുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടലിൽ രാഷട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് ആവർത്തിക്കുമ്പോഴും, സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

സഭാ തർക്കം രമ്യമായി പരിഹരിക്കാനായാൽ അത് ബിജെപിക്ക് നേട്ടമാകും എന്ന കാര്യത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും തർക്കമില്ല. കേരളത്തിലെ പ്രബലമായ രണ്ട് ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാനായാൽ കേരളത്തിൽ മുന്നോട്ട് പോകാമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു. വിവിധ പരാതികൾ ഉന്നയിച്ച് കേരളത്തിലെ സഭാ നേതൃത്വങ്ങൾ നൽകിയ നിവേദനം ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ നേരിൽ കണ്ട് കൈമാറിയിരുന്നു. ക്രിസ്തുമസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കും എന്ന് ശ്രീധരൻ പിള്ള സൂചന നൽകുകയും ചെയ്തിരുന്നു.