ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലാണ് ബ്രിട്ടൻ. ഇന്നലെ സെന്റ് പോൾസ് ചർച്ചിലെ കുർബാനയ്ക്ക് രാജ കുടുംബാംഗങ്ങൾ എത്തിയ കാഴ്ച ലോക ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. രാജ കൊട്ടാരം ഉപേക്ഷിച്ചു പോയ ഹാരിയും മേഗനും കൈകോർത്ത് ദേവാലയത്തിന്റെ ഇടനാഴിയിലൂടെ നടന്ന കാഴ്ച ആരാധകർ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുകയായിരുന്നു. ദേവാലയത്തിൽ അവർക്ക് അനുവദിച്ച സീറ്റുകളിൽ ഇരിക്കാതെ രാജകുടുംബത്തിന്റെ അണിയറക്കാർക്കൊപ്പം രണ്ടാം നിരയിലാണ് ഇരുവരും സ്ഥാനമുറപ്പിച്ചത്.

അതിനു പിന്നാലെയാണ് ചാൾസ് രാജകുമാരനെയും കാമിലയേയും അനുഗമിച്ചുകൊണ്ട് വില്യം രാജകുമാരനും കേയ്റ്റും എത്തിയത്. ഹാരിയും വില്യമും തമ്മിൽ ഇത്തവണ എങ്കിലും പരസ്പരം അടുത്തിരുന്ന് സംസാരിക്കുന്നത് കാണുവാൻ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. അനുവദിച്ച സീറ്റിൽ നിന്നും മാറിയിരുന്ന് രാജകീയ ക്രമം തെറ്റിച്ച ഹാരി വില്യമിനോട് സംസാരിക്കാനുള്ള അവസരമാണ് ഒഴിവാക്കിയത്. ദശലക്ഷക്കണക്കിന് ആരാധകർ നോക്കി നിൽക്കെയാണ് ഇരുവരും തമ്മിലുള്ള പിണക്കം വളരെ ലളിതമായി ആരാധകർക്ക് കാണുവാൻ കഴിഞ്ഞത്.

ഇരുവരും രണ്ടു ദിശകളിലായി സ്ഥാനം ഉറപ്പിച്ചതോടെ ഒരു ഹസ്തദാനത്തിനോ കെട്ടിപ്പിടുത്തത്തിനോ ഉണ്ടായിരുന്ന അവസരങ്ങളെയാണ് തള്ളിക്കളഞ്ഞത്. രാജകുമാരന്മാർ തമ്മിലുള്ള വിള്ളലിന്റെ ആഴം അമ്പരപ്പിക്കും വിധം വ്യക്തമായിരുന്നു. അവിടെ അവർക്ക് പരസ്പരം നോക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അവസ്ഥയിലേക്ക് ആ സഹോദരബന്ധം എത്തിയെന്നത് ആരാധകർക്കു കൺമുന്നിൽ തന്നെ വ്യക്തമായി.

വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ഒരു കോമൺവെൽത്ത് സേവനത്തിൽ മുൻനിര റോയൽസ് എന്ന പദവി ഹാരിയും മേഗനും ഉപേക്ഷിച്ച് ഇറങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. ആ നിമിഷം മുതൽ കാര്യങ്ങൾ വഷളായി വരികയാണ്. അവരുടെ ഓപ്ര വിൻഫ്രി സിറ്റ്-ഡൗൺ മുതൽ യുഎസ് ടിവി നെറ്റ്‌വർക്കുകളുമായുള്ള അഭിമുഖങ്ങളും സൗഹൃദ പോഡ്കാസ്റ്റുകളും എല്ലാം ഹാരിയും മേഗനും രാജകുടുംബത്തിനും രാജവാഴ്ചയ്ക്കും എതിരായ ആക്രമണത്തിന് ഉപയോഗിച്ചു.

കുടുംബത്തിലെ ഒരു മുതിർന്ന അംഗം മേഗനെ വംശീയമായി അധിക്ഷേപിച്ചെന്നും തുടർന്നുള്ള സംഭവങ്ങൾ മേഗനെ തന്റെ ആദ്യ ഗർഭകാലത്ത് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലേക്ക് വരെ എത്തിച്ചുവെന്നും ഇരുവരും തുറന്നു പറഞ്ഞിരുന്നു. ഈ സംഭവങ്ങളെല്ലാം ബക്കിങ്ഹാം കൊട്ടാരം അവഗണിച്ചെന്നും ചാൾസ് രാജകുമാരൻ ഹാരിയെ സാമ്പത്തികമായി വെട്ടിലാക്കിയെന്നുമൊക്കെയുള്ള അവകാശവാദങ്ങൾ ഹാരിയും മേഗനും രാജകൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഓപ്ര വിൻഫ്രി സിറ്റ്-ഡൗൺ അഭിമുഖത്തിലൂടെ ലോകജനതയെ അറിയിച്ചു.

രാജകുടുംബത്തിനെതിരെ ഇരുവരും ഉന്നയിച്ച വംശീയ ആരോപണങ്ങൾക്കെതിരെ പരസ്യമായി പ്രതിരോധിക്കാൻ വില്യവും നിർബന്ധിതനായി. കഴിഞ്ഞ വർഷം ജൂലൈയിൽ അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായാണ് സഹോദരങ്ങൾ അവസാനമായി പരസ്പരം കണ്ടത്. അവിടം മുതൽ ഇന്നലെ വരെ ഇരുവരും തമ്മിലുള്ള ബന്ധത്തിന് യാതൊരു മാറ്റങ്ങളും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാകുന്ന കാഴ്ചകളാണ് കണ്ടു കൊണ്ടിരിക്കുന്നത്.