തിരുവനന്തപുരം: മാറ്റിവെച്ച പരീക്ഷകൾ മാർച്ച് 15ന് നടക്കുമെന്ന് സാങ്കേതിക സർവകലാശാല. മാർച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക് ആയിരുന്നതിനാൽ മാറ്റിവച്ച പരീക്ഷകളാണ് ഈ ദിവസം നടക്കുക. ഏപ്രിൽ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിൽ 5 മുതൽ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുമുണ്ട്.

പല കോളേജുകളിലും കൃത്യസമയത്ത് സിലബസ് പൂർത്തിയാക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര (എംബിഎ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. കൂടാതെ ലാറ്ററൽ എൻട്രി വിദ്യാർത്ഥികളുടെ അഭ്യർത്ഥനകൾ പരിഗണിച്ച് മൂന്നാം സെമസ്റ്റർ (റെഗുലർ) പരീക്ഷകളും ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. പുനഃക്രമീകരിച്ച ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.