കണ്ണൂർ: വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 126 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. കടന്നപ്പള്ളി പാണപ്പുഴ സ്വദേശി കല്ലെടുത്ത് വീട്ടിൽ കെ.ഷമ്മാസി(23)നെയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത്കുമാറിന്റെ നേതൃത്വത്തിൽ ഏര്യം തെന്നത്ത് വച്ച് പിടികൂടിയത്.

പെരുമ്പടവ് ഭാഗത്തു നിന്നും വന്ന കെ.എൽ 01 സെഡ് 7710 നമ്പർ മാരുതി സെൻ കാറിൽ കടത്തുകയായിരുന്ന ഒമ്പത് കെയ്സുകളിലായി സൂക്ഷിച്ച 81 ലിറ്റർ മാഹി മദ്യമാണ് പിടികൂടിയത്. കണ്ണൂർ എക്സൈസ് ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർ കെ.ടി സുധീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

വാഹന പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ ടി.കെ തോമസ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് വിവി ബിജു, സിവിൽ എക്സൈസ് ഓഫിസർ നികേഷ്, ഡ്രൈവർ ഷജിത് എന്നിവരുമുണ്ടായിരുന്നു. വാഹനം അധികൃതർ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.