കോതമംഗലം: വ്യാജരേഖ ചമച്ച് പ്രവാസി വനിതയുടെ സ്വത്തുക്കളും, തടിമില്ലും സ്വന്തമാക്കാൻ ശ്രമം. നാട്ടിലെ തടിമില്ല് നോക്കാൻ ഏൽപ്പിച്ചവർ ആദ്യം മില്ലിന്റെ ലൈസൻസ് കൈക്കലാക്കി. പടിപടിയായി ഇവരുടെ 15 ഏക്കറോളം സ്ഥലവും വീടും കൈക്കലാക്കാനും സംഘം പദ്ധതിയിട്ടിരുന്നതായാണ് ആരോപണം. അമേരിക്കയിൽ 44 വർഷമായി കഴിയുന്ന കോതമംഗലം തെക്കെക്കര ജോസിസിന്റെ ഭാര്യയായ 68 കാരി ഫിലു എന്ന ഫിലോമിന ഇതിന്റെ പേരിൽ സംഘത്തിൽ നിന്ന് വധഭീഷണിയും നേരിടുന്നു. ഫിലോമിന നാട്ടിലില്ലാത്ത തക്കം നോക്കി തടി മില്ലിന്റെ ലൈസൻസ് ഇവർ സ്വന്തമാക്കിയപ്പോൾ, അത് റദ്ദാക്കാൻ ഡിഎഫ്ഒയെ സമീപിക്കേണ്ടി വന്നു.

തന്റെയും ഭർത്താവിന്റെയും പേരിൽ വാങ്ങിയ കോതമംഗലം മലയിൻകീഴിലെ തെക്കെക്കര സോമിൽ കൈവശപ്പെടുത്താൻ മുൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു പോൾ, ഇയാളുടെ സുഹൃത്തുക്കളായ സാന്റി സെബാസ്റ്റ്യൻ, മത്തായി എന്നിവർ ചേർന്ന് ആസൂത്രിത നീക്കം നടത്തിയെന്നാണ് ഫിലോമിനയുടെ ആരോപണം. ഇക്കൂട്ടത്തിൽ ബാബുപോൾ തന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയതിനാൽ മരണഭീതിയോടെയാണ് കഴിയുന്നതെന്നും ഫിലോമിന മറുനാടനോട് പറഞ്ഞു. വാടകകരാറിൽ കൃത്രിമം കാണിച്ചും, ബ്ലാങ്ക് പേപ്പറിൽ ഒപ്പിടീച്ചും ഒക്കെയായിരുന്നു സംഘത്തിന്റെ ഓപ്പറേഷൻ. തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ നടന്നുവരികയാണ്.

'എന്റെ കാലം കഴിഞ്ഞാൽ ഉള്ളതൊക്കെ നഷ്ടപ്പെടുമോ എന്ന ആശങ്ക മനസ്സിലുണ്ട്. സ്ഥലവും ലൈസൻസും എല്ലാം എന്റെ പേരിലാണ്. അതുകൊണ്ട് എനിക്ക് നീതി കിട്ടണം. ഇപ്പോൾ എന്നെ പ്രതിയാക്കി ഡി എഫ് ഒ യുടെ ഉത്തരവിനെതിരെ അവർ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്താണ് ഇനി നടക്കാൻ പോകുന്നതെന്ന് വേവലാതിയുമായിട്ടാണിപ്പോൾ കഴിയുന്നത്...ഒരു സ്വസ്ഥതയുമില്ല, ഫിലു പറഞ്ഞു.

എനിക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരാളെ ഞാൻ എങ്ങനെ തടിമില്ലിന്റെ ലൈസൻസ് എൽപ്പിക്കും. അവർ കള്ളത്തടി കൊണ്ടുവന്ന് അറുത്താൽ ഞാൻ ജയിലിലാവില്ലെ..എനിക്ക് നീതി ലഭിക്കണം. അതുമാത്രമെ ഞാൻ ആവശ്യപ്പെടുന്നുള്ളു. വിശ്വാസമില്ലാത്തവരെ ഒപ്പം നിർത്തണമെന്ന് പറയുന്നതിൽ ന്യായമുണ്ടോ ..അങ്ങനെ ഏതെങ്കിലും കോടതിക്ക് പറയാനാവുമോ ..തൊണ്ടയിടറി വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവർ വിതുമ്പി.

44 വർഷമായി അമേരിക്കയിലായിരുന്നു. 1978-ൽ ഇന്ത്യ വിട്ടു. 18 വയസിൽ ജന്മനാടിനോടും വിടപറഞ്ഞു. ഇപ്പോൾ നാട്ടിലെത്തിയപ്പോൾ ഞാൻ പണം കൊടുത്തുവാങ്ങിയ തടിമില്ല് വ്യാജരേഖകൾ ചമച്ച് മറ്റൊരാൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് വല്ലാതെ വിഷമിപ്പിക്കുന്നു. വിശ്വസിച്ച് ഏൽപ്പിച്ചവർ ഇങ്ങിനെ ഒരു ചതി ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഫിലു വിശദമാക്കി. കോതമംഗലം തെക്കെക്കര ജോസിസിന്റെ ഭാര്യയാണ് 68 കാരിയായ ഫിലു എന്ന ഫിലോമിന. ഏറെ നാളായി ഇവർ ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികത്സയിലാണ്.

നാട്ടിലെത്തിയ ശേഷം താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഒപ്പമുണ്ടായിരുന്നവർ നടത്തിയ ചതിയെക്കുറിച്ചുമെല്ലാം അവർ മറുനാടനോട് മനസ്സുതുറന്നു. 

വൈക്കം തലയോലപ്പറമ്പ് ഐക്കരത്ത് ചാണ്ടി -അച്ചാമ്മ ദമ്പതികളുടെ മകളാണ് ഫിലോമിന. കോതമംഗലം തെക്കെക്കര ജോസാണ് ഭർത്താവ്. ജോസിന്റെ സഹോദരൻ ചാക്കപ്പന്റെ മകൻ ഷാജി നടത്തിയിരുന്ന തെക്കെക്കര സോമിൽ 1998 കാലഘട്ടത്തിൽ ഫലോമിനയുടെ രണ്ട് സഹോദരിമാർ ചേർന്ന് വാങ്ങി. 2002 ആയപ്പോഴേയ്ക്കും അവരിൽ നിന്നും ജോസ് -ഫിലോമിന ദമ്പതികൾ മില്ല് ഏറ്റെടുത്തു.

ഈ സമയം ബാബുപോളും കൂട്ടരും ഇവിടെ തടി വിൽക്കുന്നതിനും മറ്റും എത്തിയിരുന്നു. മില്ല് നടത്തിയിരുന്ന ഷാജി തന്നെയാണ് ബാബുപോളിനെ ഫിലോമിനയ്ക്ക് പരിചയപ്പെടുത്തിയത്. മില്ലിനെക്കുറിച്ച് ഒന്നു അറിയില്ലാത്തതിനാൽ ബാബുപോളിന്റെ ഇടപെടൽ വലിയൊരളവിൽ ജോസിനും ഫിലോമിനയ്ക്കും ആശ്വാസമായിരുന്നു. പിന്നീട് നടന്ന ചതിപ്രയോഗങ്ങളെക്കുറിച്ചും ലക്ഷങ്ങളുടെ നഷ്ടത്തിന് വഴിതെളിച്ച സംഭവപരമ്പരകളെ കുറിച്ചും ജീവനിൽ ഭയന്നുപോലും കഴിയേണ്ടി വന്ന നാളുകളെക്കുറിച്ചുമെല്ലാം ഫിലോമിന മറുനാടനോട് മനസ്സുതുറന്നു.

വാടക കരാർ മുതൽ തട്ടിപ്പ് തുടങ്ങി

ഭർത്താവ് ജോസിന്റെ വീട് കോതമംഗലത്താണ്. തെക്കെക്കര കുടുംബാംഗമാണ്. ചേട്ടന്റെ മകന്റെ ഒരു തടിമില്ല് ഇവിടെ പ്രവർത്തിച്ചിരുന്നു. അവന് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ എന്റെ സഹോദരിമാരെക്കൊണ്ട് ആ സ്ഥലവും മില്ലും എഴുതി വാങ്ങിപ്പിച്ചു. പിന്നീട് അവർക്ക് പണം കൊടുത്തിട്ട് ആസ്ഥലവും മില്ലും എന്റെയും ഭർത്താവിന്റെയും പേരിൽ എഴുതി വാങ്ങിച്ചു. ഈ സമയത്ത് ബാബു പോൾ സാന്റി ,മത്തായിച്ചേട്ടൻ എന്നിങ്ങനെ മൂന്നുപേർ അവിടെ തടിവിൽക്കാനും മറ്റുമായി എത്തിയിരുന്നു.

അവർ അവിടെത്തന്നെ തുടർന്നിരുന്നു. മില്ല് കൈയിലേയ്ക്ക് വന്നെങ്കിലും മില്ലിനെക്കുറിച്ചോ തടിയെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആരുടെയെങ്കിലും സഹായമില്ലാതെ ഇത് നടത്തിക്കൊണ്ടുപോകാനും പറ്റില്ല. അവർ വിശ്വസസ്തരാന്ന് തോന്നിയിരുന്നു. അന്ന് വിശ്വസ്തതയോടെയൊക്കെ പെരുമാറിയിരുന്നു. അതുകൊണ്ട് മില്ല് അവരെ നടത്താൻ ഏൽപ്പിച്ചു. ലീസ് എഴുതണമെന്ന കാര്യം പോലും എനിക്കറിയില്ല. 2004-ൽ ഇവർ തന്നെ എഴുതിക്കൊണ്ട് വന്ന് ഒരു കടലാസ് എന്നെ ഏൽപ്പിച്ചു, ഞാനതിൽ ഒപ്പിട്ടുകൊടുത്തു. എന്താ എഴുതിയിരിക്കുന്നതെന്ന് നോക്കിയതുപോലുമില്ല. അത്രയ്ക്കുള്ള അറിവെ ഇവിടുത്തെ കാര്യങ്ങളെക്കുറിച്ച് ഉണ്ടായിരുന്നുള്ളു.

പിന്നെ കാലങ്ങൾ കടന്നുപോയി. ഇത് പുതുക്കണമെന്നുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. അവർ എന്നോടൊന്നും പറഞ്ഞുമില്ല. അവധിക്ക് വരുമ്പോഴെല്ലാം എന്റെ കാര്യങ്ങളെല്ലാം ശ്രദ്ധയോടുകൂടി ഇവർ ചെയ്യുമായിരുന്നു. അതുകൊണ്ട് ഇവരോടുള്ള വിശ്വസം നശിച്ചിരുന്നില്ല. ആവശ്യപ്പെടുമ്പോഴെല്ലാം അവർക്ക് പണവും നൽകിയിട്ടുണ്ട്.

കുറെക്കാലങ്ങൾ നീണ്ടുപോയപ്പോൾ പുറത്തുനിന്നും ചില വിവരങ്ങൾ കേട്ടുതുടങ്ങി. മില്ല് അവർക്ക് കൊടുത്തോ, അവരുടെയാണോ ,അവരുടെ പേരിൽ പേപ്പർ ഒപ്പിട്ടുകൊടുത്തിട്ടുണ്ടോ, അവർക്ക് പവർ ഓഫ് അറ്റോണി കൊടുത്തോ എന്നൊക്കെയള്ള ചോദ്യങ്ങളും പലരും ഉന്നയിച്ചു.
ഈ സാഹചര്യത്തിൽ സ്ഥലം വിൽക്കാൻ പോകുകയാണെന്ന് അവരോടുപറഞ്ഞു. പുറത്ത് അന്വേഷിച്ച് വില മനസ്സിലാക്കി. ആ വില ലഭിച്ചാൽ കൊടുക്കാമെന്ന് അവരോട് പറയുകയും ചെയ്തു. പലരും മില്ല് കണ്ടെങ്കിലും വിൽപ്പന നടന്നില്ല.

വരുന്നവരൊക്കെ അതെപോലെ തന്നെ തിരിച്ച് പോകുകയായിരുന്നു. കച്ചവടങ്ങൾ നടക്കാതെ വന്നപ്പോഴും ഞാൻ ഇവരെ സംശയിച്ചില്ല. ഇങ്ങനെ വന്നപ്പോൾ മില്ലിന്റെ മുമ്പിൽ 10 സെന്റിൽ ഒരു കെട്ടിടം പണിയാമെന്ന് കരുതി. ഇത് മില്ലിന് ഒരു ലുക്ക് കിട്ടുന്നതിന് സഹായിക്കും എന്നുകരുതി. അപ്പോൾ വിൽക്കാൻ സഹായകമാവുമെന്നും കരുതി.

ഭീഷണിപ്പെടുത്തി, കഴുത്തിന്കുത്തിപ്പിടിച്ചും ക്രൂരത

ഇതുപ്രകാരം കെട്ടിടം പണിയാൻ ഒരാളെ ചുമതലപ്പെടുത്തി. ഇതിനിടയിൽ ബാബുപോളിനെ വിസിറ്റിങ് വിസയിൽ അമേരിക്കയ്ക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിളിച്ച് പറഞ്ഞ് ഇവിടുത്തെ കാര്യങ്ങൾ അവൻ മുടക്കി. ഇതിന്റെ തെളിവുകൾ എനിക്ക് കിട്ടി. ഒരിക്കൽ 'ഇവിടെ പണിയാതെ അങ്ങോട്ട് മാറ്റിപ്പണിയാൻ 'അവൻ എന്നോട് നേരത്തെ നിർദ്ദേശിച്ചിരുന്നു. അവനെന്താ അങ്ങനെ പറയാൻ അവകാശമെന്ന് അപ്പോൾ മനസിൽ തോന്നി. രണ്ടുസ്ഥലവും എന്റെതാണല്ലോ..അപ്പോൾ പുറത്തുനിന്നും കേട്ടത് ഏതാണ്ടൊക്കെ ശരിയായിവരുന്നതുപോലെ തോന്നി. അപ്പോഴും ഇവിടെ ആരും സഹായത്തിനില്ല എന്ന തിരിച്ചറിവും ഉണ്ടായിരുന്നു. എന്നാൽ ഇവന് ഇവിടെ രാഷ്ട്രീയക്കാരുമൊക്കെയായി നല്ല പിടിപാടുണ്ടായിരുന്നു. എന്റെ വീടിന്റെ കീ വരെ അവന്റെ കൈയിലായി. ആ സമയത്ത് ഒത്തിരി രാഷ്ട്രീയക്കാർ ഇവിടെ വരികയും ബന്ധം തുടർന്നിരുന്നതുമൊക്കെ എനിക്കറിയാം.

ഇതോടെ എന്നോട് ഒരു തരം ദേഷ്യപ്പെട്ട സമീപനമാണ് ഇവൻ സ്വീകരിച്ചിരുന്നത്. ഒരു തവണ വീട്ടിൽ വച്ച് കണ്ടമാനം കയർത്തു. ഒരു സമയത്ത് കഴുത്തിനുകയറിപ്പിടിച്ചു. കൂടെ ഒരാൾ വന്നത് ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. എനിക്ക് അതിൽ ഒത്തിരി വിഷമമുണ്ടായി. അപ്പോ ആരോടാ പറയുന്നെ എന്താ പറയണ്ടെ എന്നെല്ലാമുള്ള ആശയക്കുഴപ്പവും ഉണ്ടായി. വലിയവീട്ടിൽ ഞാൻ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ആരും സഹായത്തിനില്ല. എന്നെ വല്ലവരും തല്ലിക്കൊന്നിട്ടാലും ആരും അറിയില്ല. ഒരു പരിധിവരെ പേടിച്ചിട്ട് മിണ്ടാതിരിക്കേണ്ടിവന്നു.

പുറത്ത് പലരോടും കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ആരും ഇറങ്ങി വരാറില്ല. ഭർത്താവ് അമേരിക്കയിലെ ടീച്ചിങ് ഹോസ്പിറ്റലിലെ ഡോക്ടറാണ്. അവധി കിട്ടാറില്ല. വല്ലപ്പോഴും അവധി കിട്ടി വന്നാലും എട്ടോ ഒൻപതോ ദിവസം നിന്നിട്ട് മടങ്ങും. ഇടയ്ക്ക് ജോലി ഉപേക്ഷിച്ച് ,അവധി കിട്ടുമ്പോഴെല്ലാം ഇവിടെ വന്നോണ്ടിരുന്നു. 15 ഏക്കോളം സ്ഥലവും വീടുമെല്ലാമുണ്ട്. ഇത് നശിച്ചുപോകാതെ നോക്കണമല്ലോ..അതിനായിട്ടാണ് ഞാൻ വന്നിരുന്നത്. ഇനി അവർ വരില്ല, ഇതൊക്കെ മറ്റവർക്ക് പോകുകയെ ഉള്ളു എന്നൊക്കെ ഒരു ഘട്ടത്തിൽ ആളുകൾ പറഞ്ഞുതുടങ്ങിയിരുന്നു.

ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ടുവാങ്ങിയും ചതി

ഇതിനിടയ്ക്ക് ഇവിടെ വന്നപ്പോൾ ആധാർകാർഡിന് അപേക്ഷിച്ചിരുന്നു. അത് അനുവദിച്ചെന്ന് അറിയിപ്പ് കിട്ടി. ഞാൻ ഇവിടെ ഇല്ലാത്ത സമയത്താണ് അയച്ചുകിട്ടുക എന്നും അറിഞ്ഞു. ഈ സാധനം തിരിച്ചുപോയാൽ ഇനി കിട്ടില്ലന്നും ആന്റി ഒരു കടലാസ് ഒപ്പിട്ടുതന്നാൽ ഞാനത് വാങ്ങിച്ചുവച്ചോളാമെന്ന് ബാബു പോൾ പറഞ്ഞു.സ്നേഹത്തോടെ നിൽക്കുന്ന സമയമായിരുന്നു.

ബ്ലാങ്ക പേപ്പർ എടുത്തുകൊണ്ട് വന്നപ്പോൾ എന്താ എഴുതേണ്ടത്..ഞാൻ എഴുതീട്ട് ഒപ്പിട്ടുതരാമെന്ന് പറഞ്ഞു. അതുവേണ്ടെന്നും പോസ്റ്റാഫീസിൽ നിന്നും അവർ പറയും പോലെ എഴുതിക്കൊടുത്തോളാമെന്നും അവൻ പറഞ്ഞു. അതുപ്രകാരം ആ പേപ്പറിൽ ഒപ്പിട്ടുകൊടുത്തു. എന്റെ സ്വപ്നത്തിൽപ്പോലും ഞാൻ വിചാരിച്ചിട്ടില്ല, ഇതെന്നെ ചതിക്കാൻ വേണ്ടിയുള്ള ടൂളാണെന്ന്.

പലപ്പോഴും ചെക്കുകൾ ഒപ്പിട്ട് നൽകിയിട്ടുണ്ട്. ചതിക്കുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അവരുടെ സഹായത്തിലാണ് ഞാൻ ഇവിടെ വരുമ്പോൾ ഓരോകാര്യങ്ങളും നടത്തിയിരുന്നത്. പുറത്തുപോയി ഒരു പ്ലംമ്പറെയോ ഇലക്ട്രീഷ്യനെയോ വിളിക്കാൻ എനിക്ക് അറിയില്ലായിരുന്നു. പൈസ കൊടുത്താലും ഇവർ ഇവരെയൊക്കെ എത്തിക്കുമല്ലോ എന്നാണ് കരുതിയിരുന്നത്. അന്ന് അത് വലിയൊരുസഹായമായിരുന്നു. അന്ന് അവൻ പറയുന്നതെല്ലാം അതെപടി ഞാൻ വിശ്വസിച്ചുപോന്നു.

10 സെന്റിൽ കെട്ടിടം പണിയുന്നതിനുള്ള ശ്രമം തടസ്സപ്പെട്ടതിന് പിന്നാലെ പ്രാർത്ഥന ഗ്രൂപ്പിലുള്ള കുറച്ചുപേരെ കൂട്ടുകിട്ടി. അവർ പറഞ്ഞു, നിങ്ങൾക്ക് തന്നത്താനെ എല്ലാം ചെയ്യാൻ പറ്റുമെന്ന്. അത് ആത്മവിശ്വാസമായി. പിന്നെ ഓരോ കാര്യങ്ങളും തനിയെ ചെയ്യാൻ തുടങ്ങി. അങ്ങനെ ഇരി്ക്കുന്ന സമയത്ത് ലൈസൻസ് പുതുക്കേണ്ട സമയം വന്നു. 2019-ൽ ഭർത്താവ് സർവ്വീസിൽ നിന്നും റിട്ടയർ ആയി. പിന്നെ ഞങ്ങളൊരുമിച്ച് നാട്ടിലെത്തി. കോവിഡ് കാരണം തിരിച്ചുപോകാനും കഴിഞ്ഞില്ല.

2019 മുതൽ മില്ലിന്റെ വാടക ലഭിച്ചിരുന്നില്ല. സ്ഥലം വിൽക്കുന്നതിനെക്കുറിച്ചും മില്ലിൽ നിന്നും മാറിത്തരുന്നതിനെക്കുറിച്ചും അവരോട് സംസാരിക്കുന്നിനും തീരുമാനിച്ചായിരുന്നു ഞങ്ങൾ നാട്ടിൽ എത്തിയത്. അതിനായി ബാബുപോളിനെയും മറ്റും വീട്ടിലേക്ക് വിളിപ്പിച്ചു. അവരും ഞാനും നോട്ട് ബുക്കിൽ കണക്കെഴുതി സൂക്ഷിച്ചിരുന്നു. ഇത് നോക്കി അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുതീർക്കാറായിരുന്നു പതിവ്. ഇത്തവണയും കണക്കുനോക്കി, പറഞ്ഞുതീർത്തു.

അതുകഴിഞ്ഞ് 35000 രൂപ വച്ച് വാടക തരണമെന്ന് ഞാൻ ആവശ്യപ്പെട്ടു.അപ്പോൾ ഒച്ചപ്പാടായി. 2019 വരെ 30000 രൂപ വച്ചാണ് തീർത്തിരിക്കുന്നതെന്നും ഇപ്പോൾ 2022 ആയല്ലോ, 35000 വലിയ തുക അല്ലല്ലോ എന്നൊക്കെ പറഞ്ഞ് അവരെ സമാധാനിപ്പിക്കാൻ നോക്കി. 50000 രൂപയ്ക്ക് മില്ല് വാടകയ്ക്കെടുക്കാൻ ആളുണ്ടെന്നും ഞാൻ പറഞ്ഞു.

എന്നിട്ടും അവർ വഴക്കുണ്ടാക്കി, ഇതിൽ ഭർത്താവ് ഇടപെട്ടു. ബാബു..മിണ്ടാതിരിക്ക് ഞാൻ സംസാരിക്കാമെന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. എന്നാൽ ബാബു പോൾ അദ്ദേഹത്തിന് സംസാരിക്കാൻ അവസരം നൽകിയില്ല. രണ്ട് മൂന്നുതവണ സംസാരിക്കുന്നതിനുള്ള ശ്രമം ബാബു പോൾ തടഞ്ഞതോടെ ഭർത്താവ് ദേഷ്യപ്പെട്ടു. വീട്ടിന്ന് പുറത്തിറങ്ങടാ..എന്ന് പറഞ്ഞ് ബലമായി ഇറക്കി വിടേണ്ട സാഹചര്യവും ഉണ്ടായി.

വാഗ്ദാനം നൽകി അഭിഭാഷകരും കബളിപ്പിച്ചു

അന്ന് വൈകിട്ട് അവർ പോയി കോടതിയിൽ നിന്നും ഇഞ്ചക്ഷൻ ഓർഡർ വാങ്ങിച്ചു. ഞങ്ങൾ ഗുണ്ടകളുമായി എത്തി അവരെ ഇറക്കിവിടാൻ ശ്രമിച്ചെന്നും നിയമാനുസൃതമല്ലാതെ ഇറക്കി വിടരുതെന്നും പറഞ്ഞാണ് അവർ ഇഞ്ചക്ഷൻ ഓർഡർ വാങ്ങിയതെന്ന് പിന്നീട് അറിഞ്ഞു.
പിന്നെ അതിന്റെ പിന്നാലെ കുറെക്കാലം നടന്നു. അഭിഭാഷകനെ കണ്ട് കേസ് ഏൽപ്പിച്ചു. രണ്ട് സിറ്റിങ് കൊണ്ട് ഇഞ്ചക്ഷൻ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞു. ഇവർക്ക് കൊടുക്കാത്ത ഒരു മുറി അവിടെയുണ്ടായിരുന്നു. ആ മുറിയും ഏറ്റെടുത്ത് നൽകുന്ന കാര്യത്തിലുള്ള നിയമനപടികൾക്കും ഇതെ അഭിഭാഷകനെ ചുമതലപ്പെടുത്തി. വാഗ്്ദാനങ്ങളല്ലാതെ കാര്യമായ ഗുണം അഭിഭാഷകന്റെ ഇടപെടലിൽ നിന്നും ലഭിച്ചില്ല.

ഈ കേസ് നടക്കുമ്പോൾ മില്ലിരിക്കുന്ന സ്ഥലത്തിരുന്ന മോട്ടോർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടായി. മോട്ടോർ മാറ്റി സ്ഥാപിച്ചോളാൻ വക്കീൽ പറഞ്ഞിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് തർക്കം വന്നപ്പോൾ ഇതെ വക്കീൽ മോട്ടോർ എടുത്തുകൊണ്ടുപോയ പണിക്കാരനെ കുറ്റം പറയുകയായിരുന്നു.അതോടെ ആ വക്കീലിന്റെ ഭാഗത്തുനിന്നും സഹായങ്ങളൊന്നും ലഭിക്കില്ലന്ന് ബോദ്ധ്യമായി. മാത്രമല്ല എതിർകക്ഷികൾക്കൊപ്പമാണ് അദ്ദേഹമെന്ന് എനിക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.

തുടർന്നുള്ള നടപടികൾക്കിടെ ഞാൻ ഒപ്പിട്ട ഒരു പേപ്പർ കോടതിയിൽ എത്തിയതായി ബോദ്ധ്യപ്പെട്ടു. 2011 ലോ 12 ലോ ഒപ്പിട്ടു നൽകിയ ബ്ലാങ്ക് പേപ്പറാണ് അതെന്ന് മനസ്സിലായി. 2019-20 വർഷത്തെ വാടക കൈപ്പറ്റിയതായി പേപ്പറിൽ എഴുതി ചേർക്കുകയും ചെയ്തിരുന്നു. ഇതുപോലെ നിരവധി രേഖകൾ അവൻ കൃത്രിമമായി സൃഷ്ടിച്ചിരിക്കാമെന്ന് സംശയവും ബലപ്പെട്ടു.

ഇതോടെ മില്ലുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോടതിയിൽ ഹാജരാക്കണമെന്നും ഹജരാക്കാത്ത രേഖകൾ അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് വക്കീൽ മുഖേന കോടതിയിൽ ആവശ്യപ്പെട്ടു.ഈ വിവരം കാണിച്ച് അയാൾക്ക് നോട്ടീസും അയച്ചു.

വിവരാവകാശത്തിനുള്ള മറുപടി കച്ചിത്തുരുമ്പായി

വിവരാവകാശം വച്ചാൽ സർക്കാർ ഓഫീസുകളിൽ നിന്നും മുൻസിപ്പാലിറ്റിയിൽ നിന്നുമെല്ലാം കൃത്യമായ വിവരങ്ങൾ ലഭി്ക്കുമെന്ന് അറിഞ്ഞു.
അതുപ്രകാരം മുൻസിപ്പാലിറ്റിയിൽ എത്തി, ലൈസൻസിലെ വിവരങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി. ഇതുപ്രകാരം ഓഫീസിലുള്ള രേഖകൾ കാണാൻ പറ്റി. നോക്കിയപ്പോൾ അപേക്ഷയിൽ ഇവർ എന്റെ ഒപ്പ് ഇട്ടിരിക്കുന്നതായി കണ്ടു.അപ്പോൾ തന്നെ ഓഫീസിലുള്ളവരോട് ഈ വിവരം പറയുകയും ചെയ്തു. പിന്നാലെ ഡി എഫ് ഒ ഓഫീസിലും പോയി. അവിടെയും വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി.

മറുപടി കിട്ടിയപ്പോൾ അവിടെ നൽകിയിട്ടുള്ള അപേക്ഷയിലും എന്റെ ഒപ്പ് അവർ ഇട്ടിട്ടുള്ളതായി മനസ്സിലായി. ഡി എഫ് ഒയോട് വിവരം പറഞ്ഞപ്പോൾ അദ്ദേഹത്തിന് കാര്യം വ്യക്തമായി. പിന്നീട് ഫയലുകളെല്ലാമായി വരാൻ അദ്ദേഹം പറഞ്ഞു. പിന്നീട് രേഖകളെല്ലാം വിശദമായി പരിശോധിച്ചു. ഇതിനിടയിൽ 2011-ലെയോ 12 ലെയോ മറ്റോ ആണ്. ഒരു പേപ്പർ കാണിച്ച് അതിലെ ഒപ്പ് എന്റെതാണോ എന്ന് ചോദിച്ചു. ഒപ്പുകണ്ടപ്പോൾ എന്റെ ഒപ്പാണെന്ന് തോന്നുവെന്ന് അദ്ദേഹത്തെ അറിയിച്ചു.

2015 ,2018 ലും നൽകിയട്ടുള്ള അപേക്ഷകളിൽ എന്റെ ഒപ്പും പേരും ശരിയല്ലന്ന് ബോദ്ധ്യമായി. ഈ രണ്ട് ഒപ്പും എന്റെ അല്ലന്ന് ഡി എഫ് ഒ യോട് പറഞ്ഞു. നേരത്തെ അവരുടെ വക്കീലിന്റെ അടുത്തുകൊണ്ടുപോയി എന്നെക്കൊണ്ട് കുറെ പേപ്പറുകൾ ഒപ്പിടീച്ചിരുന്നു .മില്ലിന്റെ ഉയരം കൂട്ടുന്ന വിഷയത്തിലായിരുന്നു ഇത്. ഉയരം കൂട്ടിയിട്ടില്ലന്നാണ് അവർ രേഖകളിൽ കാണിച്ചിരുന്നത്. സത്യത്തിൽ മില്ലിന്റെ ഉയരം കൂട്ടിയിരുന്നു. പക്ഷെ അവർ പറയുന്നതിന് അപ്പുറം ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

അവർ പറഞ്ഞ പേപ്പറിലൊക്കെ ഒപ്പിട്ടുനൽകി. ഈ സമയം രേഖകളുടെ കൂടെ ഒരു ലീസ് പേപ്പർ കണ്ടു. 2008-ലെ ഒരു ലീസ് പേപ്പറായിരുന്നു അത്. അതും കള്ള ഒപ്പിട്ട് തയ്യാറാക്കിയതായിരുന്നു. ഇത് എന്റെ ഒപ്പല്ല, കള്ള ഒപ്പാണെന്നും ഇത് സമ്മതിച്ചുതരാൻ നിർവ്വാഹമില്ലന്നും വക്കീലിനോട് പറയുകയും ചെയ്തു. വക്കീൽ അവരെ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയും മേലിൽ ആവർത്തിക്കരുതെന്നും നിർദ്ദേശിച്ചു.

ആന്റി ഇവിടെ ഇല്ലാത്തിതിനാൽ പിടിച്ചുനിൽക്കാൻ തൽക്കാലം ഇട്ടതാണെന്നായിരുന്നു അവരുടെ പ്രതികരണം. എന്നെ വിളിച്ച് ചോദിക്കാതെ എന്റെ കള്ള ഒപ്പിട്ടത് ശരിയായില്ലെന്ന് ഞാനും പറഞ്ഞു. കള്ള ഒപ്പിട്ട രേഖകൾ കൈയിൽ കിട്ടിയതോടെ വിഷയത്തിന്റെ ഗൗരവം മനസ്സിലായി. അടുത്തുതാമസിച്ചിരുന്ന സി ഐ യെക്കണ്ട് അഭിപ്രായം ചോദിച്ചപ്പോൾ പൊലീസിൽ പരാതിപ്പെടാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പൊലീസിലും പരാതി നൽകി.

വീണ്ടും വക്കിലിനെ മാറ്റി പരീക്ഷണം

ഇതിനിടയിൽ വക്കീലിനെ മാറ്റി. ഹൈക്കോടതി അഭിഭാഷകനെ കേസിന്റെ ചുമതല ഏൽപ്പിച്ചു. ആദ്യമൊക്കെ നല്ലരീതിയിൽ ഇടപെട്ടിരുന്ന ഈ വക്കീൽ പിന്നീട് കൃത്യമായി കാര്യങ്ങൾ അറിയിക്കാതെയായി. കേസ് കോടതിയിൽ വരുന്ന ദിവസം ചോദിച്ചാലും എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നു പോലും അദ്ദേഹം പറയാറില്ല. കേസ് നടത്തിപ്പിൽ മനപ്പൂർവ്വം കാലതാമസം വരുത്തുന്നതായും തോന്നി. 68 വയസ്സായ ഞങ്ങളുടെ കാലം കഴിഞ്ഞാലും കേസ് തീരുമോ എന്നുപോലും ആ വക്കീലിനോട് ചോദിക്കേണ്ടിവന്നു.

ഞാൻ സി ഒ പി ഡി രോഗിയാണ്, 30 ശതമാനം മാത്രം ശ്വാസകോശ പ്രവർത്തനമുള്ള വ്യക്തിയാണ്. ഭർത്താവാണെങ്കിൽ കൊളസ്ട്രോളും പ്രഷറും ഷുഗറുമെല്ലാം ഉയർന്ന നിലയിലുള്ള വ്യക്തിയാണ്. ഈ സാഹചര്യത്തിൽ ഡി എഫ് ഒ വിളിപ്പിച്ചു. ഒപ്പിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ആരാഞ്ഞു. വ്യാജ ഒപ്പുകൾ തിരച്ചറിഞ്ഞെന്നും അതിനാൽ തടിമില്ലിന്റെ ലൈസൻസ് റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.

താമസിയാതെ ഞാൻ അമേരിക്കയിലേയ്ക്ക് പോയി. അവിടെ നിന്നും വക്കിലീനെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. ഇനി എന്ത് ചെയ്യണം എന്നൊക്കെ ചോദിച്ചു. അവർ തടി വിൽക്കട്ടെ എന്നാണ് വക്കീൽ പറഞ്ഞത്. ഞാൻ സംസാരിക്കുമ്പോൾ ഇഷ്ടപ്പെടാത്ത രീതിയിലായി പിന്നീട് വക്കിലിന്റെ പ്രതികരണം. പിന്നീട് ഉള്ളിലുള്ളത് തുറന്ന് ചോദിക്കാനും പറ്റാത്ത അവസ്ഥയായി. ഭർത്താവിന് ഇവിടുത്തെ ഒരു കാര്യം അറിയില്ല. സ്ഥലത്തിന്റെ സർവ്വെ നമ്പർ പോലും അദ്ദേഹത്തിനറിയില്ല. പഠിത്തം പൂർത്തിയായി ഉടനെ വിവാഹം കഴിച്ച് അമേരിക്കയിലേയ്ക്ക് പോയതാണ് അദ്ദേഹം.

പിന്നീട് വീണ്ടും വക്കിലിനെ മാറ്റി. വീട്ടുകാരും അയൽക്കാവും നാട്ടുകാരും എന്നുവേണ്ട ഒരാൾ പോലും ഞങ്ങളെ സഹായിക്കാനില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ ജീവിതം. 'നിങ്ങൾ അമേരിക്കയിലേയ്ക്ക് പോകും ഞങ്ങൾ ഇവിടെ ജീവിക്കേണ്ട വരാ..ഞങ്ങൾക്ക് അവർ പണി തരും' എന്നൊക്കെയാണ് സഹായം തേടിച്ചെല്ലുമ്പോൾ ഇവരുടെയെല്ലാം മറുപിടി.

ലൈൻസൻസ് റദ്ദാക്കിയ മില്ല് രാത്രിയിൽ പ്രവർത്തിപ്പിക്കുന്നു

മില്ലിന്റെ ലൈസൻസ് റദ്ദുചെയ്തിട്ടും രാത്രിയിൽ മില്ലിൽ തടിയറക്കലും വിൽപ്പനയുമെല്ലാം ഇപ്പോഴും നടക്കുന്നുണ്ട്. തടി അറുത്ത് വച്ചിട്ടുള്ള ചിത്രങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും കമ്മീഷൻ വന്നുനോക്കുമ്പോൾ തടിയുടെ പൊടി കാര്യമായൊന്നും ഇല്ലായിരുന്നു. ഇപ്പോൾ അവിടെയെല്ലാം പൊടി കിടക്കന്നുണ്ട്. മില്ലിന്റെ ലൈസൻസ് റദ്ദാക്കിയ സാഹചര്യത്തിലും തടി അറക്കുകയും മറ്റും ചെയ്യുന്നത് ഇവരുടെ പിടിപാടുകൾ ഉപയോഗപ്പെടുത്തിയാണെന്ന് വ്യക്തമാണ്. ഇവർ പലരോടും പറഞ്ഞിട്ടുണ്ട്, ആ തള്ള രണ്ട് കൊല്ലം കഴിയുമ്പോൾ ചത്തുപോകുമെന്ന്..പിന്നെ ഇതെല്ലാം ഞങ്ങളുടേതാവുമെന്ന്. ഇത് ഞങ്ങൾക്ക് എഴുതി തന്നിട്ടുള്ളതാണ് എന്നൊക്കെ.

ഇത്രയുമൊക്കെ കാണിക്കാമെങ്കിൽ ഈ പറയും പോലെയുള്ള രേഖകൾ ഒക്കെ അവരുടെ അടുത്ത് ഉണ്ടാവാം. അങ്ങനെ തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ എത്രകാലം ഇങ്ങിനെ മുന്നോട്ട് പോകുമെന്നറിയില്ല. എന്റെ മക്കൾ ഇവിടേയ്ക്ക് വരില്ലന്ന് അവർക്ക് നന്നായിട്ടറിയാം. അവർ അമേരിക്കയിൽ ജനിച്ചുവളർന്നവരാണ്. മലയാളം നന്നായി സംസാരിക്കാൻ പോലും അറിയില്ല.അവർ അവിടെ ജോലിയെടുത്താണ് കഴിയുന്നത്.

ഇവിടെ വന്നുനിന്ന് കേസ് നടത്താൻ അവർ തയ്യാറാവില്ല ,അവരെക്കൊണ്ട് പറ്റില്ല. അതാണ് അവസ്ഥ. ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ് അവർ ഇത്തരത്തിൽ പ്രവർത്തിക്കാൻ ധൈര്യപ്പെടുന്നത്. മില്ലിന്റെ കാര്യത്തിൽ മാത്രമാണ് ഇതുവരെ ഇവരുടെ ഭാഗത്തുനിന്നുള്ള സത്യത്തിനും നീതിക്കും നിരക്കാത്ത ഇടപെടൽ ഉണ്ടായിട്ടുള്ളു എന്നാണ് മനസ്സിലാക്കുന്നത്. കുറച്ച് കാലം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഇവർ ഞങ്ങളുടെ വസ്തുവകകൾ കൂടി സ്വന്തമാക്കാനുള്ള കൃത്രിമ രേഖകൾ സംഘടിപ്പിക്കുമായിരുന്നെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്തരം രേഖകൾ ഇപ്പോൾ തന്നെ ഇവർ തയ്യാറാക്കി സൂക്ഷിച്ചിട്ടുണ്ടോ എന്നുപോലും എനിക്ക് സംശയമുണ്ട്.ഫിലോമിന വാക്കുകൾ ചുരുക്കി.

ലൈസൻസ് റദ്ദാക്കിയത് ഒപ്പുകൾ വ്യാജമെന്ന് ബോദ്ധ്യപ്പെട്ടതിനാൽ-ഡി എഫ് ഒ

തെക്കെക്കര സോമില്ലിന്റെ ലൈസൻസ് റദ്ദാക്കിയത് അപേക്ഷയിലെ ഒപ്പ് വ്യാജമെന്ന് ബോദ്ധ്യപ്പെട്ടതിനാലെന്ന് കോതമംഗലം ഡി എഫ് ഒ. ലൈസൻസിലെ ഒപ്പ് തന്റെതല്ലന്ന് കാണിച്ച് ഫിലോമിന ജോസ് പരാതി നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻകാല അപേക്ഷയും അനുബന്ധ രേഖകളും പരിശോധിച്ചു.അപ്പോൾ ഏറ്റവും ഒടുവിൽ ലഭിച്ച ഏതാനും അപേക്ഷയിലെ ഒപ്പുകൾ വ്യാജമെന്ന് ബോദ്ധ്യമായി.

ഇതെത്തുടർന്ന് നിയമ നടപടികൾ പൂർത്തിയാക്കി ലൈസൻസ് റദ്ദാക്കുകയായിരുന്നു.ഡി എഫ് ഒ പറഞ്ഞു.

പ്രതികരിക്കാനില്ല ,ബാബുപോൾ

ഇത് സംബന്ധിച്ച് കേസ് കോടതികളിൽ നടന്നുവരികയാണെന്നും പ്രതികരിക്കാനില്ലന്നും ബാബു പോൾ അറിയിച്ചു.