കാസർകോട്:മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ലീഗ് എംഎൽഏ പാറയ്ക്കൽ അബ്ദുള്ള എന്നിവർക്കെതിരെ കുമ്പള നായിക്കാപ്പ് സ്വദേശി പൊലീസിൽ കൊടുത്ത പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ പൊലീസ്. മുസ്ലിംലീഗ് മുൻ മഞ്ചേശ്വരം ജോയിന്റ് സെക്രട്ടറി കണ്ണൂർ അബ്ദുള്ള മാസ്റ്ററുടെ മകനും ഖത്തറിൽ ബിസിനസ്സുകാരനുമായ മുഹമ്മദ് ഇർഷാദാണ് (28), 2021 ഫെബ്രുവരി 19-ന് പി.കെ. കുഞ്ഞാലിക്കുട്ടി, ലീഗ് എഎൽഏ പാറയ്ക്കൽ അബ്ദുല്ല എന്നിവരടക്കമുള്ളവർക്കെതിരെ കുമ്പള പൊലീസിൽ പരാതി കൊടുത്തത്.

പാറയ്ക്കൽ അബ്ദുള്ളയുടെ ബന്ധു ഉൾപ്പെട്ട സംഘം ഖത്തറിൽ മുഹമ്മദ് ഇർഷാദിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് കുഞ്ഞാലിക്കുട്ടിക്കും, പാറയ്ക്കൽ അബ്ദുള്ളയ്ക്കുമെതിരെയുള്ള പരാതിയിൽ കലാശിച്ചത്. ഖത്തറിൽ ഫയർ ഓഫീസറായി ജോലി ചെയ്തു വന്നിരുന്ന മുഹമ്മദ് ഇർഷാദ് ഇന്ന് യൂണിവേഴ്‌സൽ സെക്യൂരിറ്റി സിസ്റ്റം സ്ഥാപനത്തിൽ ഹെൽപ്പർ ആയി ജോലി ചെയ്തു വരികയാണ്.

ഖത്തറിൽ ജോലി ചെയ്തു വരികെ ബിസിനസിൽ പങ്കാളിയാകാം എന്നു പറഞ്ഞു പാറക്കൽ അബ്ദുള്ളയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ വടകരയിലെ സിറാജ്, മാഹിയിലെ ഫസലു റഹ്മാൻ അഴിയൂരിലെ മമ്മു മാസ്റ്റർ, വടകരയിലെ ഷംസീർ എന്നിവരടങ്ങുന്ന ഏഴംഗസംഘമാണ് മുഹമ്മദ് ഇർഷാദിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തത്. സംഭവത്തിൽ യുവാവ് 2014-ൽ കുമ്പള പൊലീസിൽ കൊടുത്ത പരാതിയിൽ 31/1/14 നമ്പറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഇതിൽ അന്വേഷണം നടന്നു വരിക പാറക്കൽ അബ്ദുള്ള സന്ധിസംഭാഷണത്തിനായി വിളിക്കുകയും 25 ലക്ഷം രൂപ തരാം എല്ലാം സെറ്റിൽമെന്റ് ആക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും ചെക്കുകൾ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടു.

ഇതിന് ഇർഷാദ് വഴങ്ങാത്തപ്പോൾ ഭീഷണി സ്വരമുയർത്തിയതോടെ വടകര സന്ധിസംഭാഷണത്തിൽ നിന്നും ഇർഷാദ് ഇറങ്ങി വരികയായിരുന്നു, ഇതിനിടയിലാണ് 2019-ൽ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുഹമ്മദ് ഇർഷാദിന്റെ പിതാവും മുൻ മഞ്ചേശ്വരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായ കണ്ണൂർ അബ്ദുള്ള നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്. തന്റെ മകനെ പറ്റിച്ച് ലീഗ് നേതാക്കൾക്കെതിരെ പ്രതിഷേധമായാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

നോമിനേഷൻ അംഗീകരിച്ചതോടെ കാസർകോട് ജില്ലാ സെക്രട്ടറി അബ്ദുറഹ്മാൻ ഇർഷാദിന്റെ പിതാവിനെ ഫോണിൽ വിളിക്കുകയും കുഞ്ഞാലിക്കുട്ടി സന്ധിസംഭാഷണത്തിന് ആഗ്രഹിക്കുന്നുവെന്നും നാലര മണിയോടുകൂടി റെയിൽവേ സ്റ്റേഷനിൽ എത്താനും അറിയിച്ചു. കുഞ്ഞാലിക്കുട്ടി നാമനിർദ്ദേശപത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും നിങ്ങളുടെ പണം ഉടനെ തിരിച്ചു കിട്ടുമെന്നും അറിയിച്ചു.

നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ വിമുഖത കാണിച്ചപ്പോൾ ഞാൻ കുഞ്ഞാലിക്കുട്ടിയാണ് പറയുന്നതെന്നും ഞാൻ ഒരു കാര്യം ഏറ്റാൽ അത് നടപ്പിലാക്കിയിരിക്കുമെന്നും എന്നെ വിശ്വസിക്കാമെന്ന് ഇർഷാദിന്റെ പിതാവിനെ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുകയും പിന്നീട് 2019 ഒക്ടോബർ 16-ന് കാസർകോട് ഹൈവേ കാസ്റ്റർ ഹോട്ടലിൽ കണ്ണൂർ അബ്ദുള്ളയും കുഞ്ഞാലിക്കുട്ടിയും പാറയ്ക്കൽ അബ്ദുള്ള തുടങ്ങി ലീഗിലെ നേതാക്കൾ ഒത്തുചേർന്നു. കണ്ണൂർ അബ്ദുല്ലയുടെ പണം ഉപതെരഞ്ഞെടുപ്പിന് മുമ്പായി നൽകിയിരിക്കുമെന്നും അറിയിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവർ കാലുമാറി.

15 മാസത്തോളമായി ഇർഷാദ് കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരിക്കൽ പോലും ഫോൺ അറ്റൻഡ് ചെയ്യാൻ പോലും കുഞ്ഞാലിക്കുട്ടി തയ്യാറായിരുന്നില്ലെന്ന് ഇർഷാദ് പറയുന്നു. കഴിഞ്ഞമാസം കുഞ്ഞാലിക്കുട്ടിയുടെ ഫോൺ അറ്റൻഡ് ചെയ്ത വ്യക്തി ഇനി ഫോൺ വിളിച്ചാൽ ഇർഷാദിന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പാറക്കൽ അബ്ദുള്ള എംഎൽഎയും സമാനരീതിയിലുള്ള ഭീഷണിയുമായി വന്നുവെന്ന് ഇർഷാദ് ആരോപിക്കുന്നു. മാത്രമല്ല നാമനിർദ്ദേശപത്രിക പിൻവലിക്കാൻ ഞങ്ങൾ കളിച്ച നാടകമാണെന്നും എൽഡിഎഫ് ഭരണം തീരാറായി ഇനി ഞങ്ങളാണ് വരാൻ പോകുന്നതെന്നും ഇനിയും വിവാദം ഉണ്ടാക്കിയാൽ തന്നെ തീർത്തു കളയും ഭീഷണിപ്പെടുത്തിയതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു

കണ്ണൂർ അബ്ദുള്ളയെയും മകനെയും പി.കെ. കുഞ്ഞാലിക്കുട്ടി സമർത്ഥമായി വഞ്ചിക്കുകയായിരുന്നവെന്ന് മനസിലാക്കി ഇവർ അഡ്വക്കേറ്റ് ആളൂർ മുഖേനെ എതിർ വിഭാഗത്തിന് നോട്ടീസ് അയച്ചു. ഫെബ്രുവരി 19 ആം തീയതി കുമ്പള പൊലീസ് സ്റ്റേഷനിൽ പുതിയൊരു പരാതി നൽകുകയും ചെയ്തു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും മനപ്പൂർവ്വം വഞ്ചിക്കുകയായിരുന്നുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കുമ്പള പൊലീസിൽ പരാതി കൊടുത്തിരിക്കുന്നത്. എന്നാൽ പരാതി ഇതുവരെ പൊലീസ് എഫ്‌ഐആർ ആയി രജിസ്റ്റർ ചെയ്തിട്ടില്ല.

തന്റെ ജീവിതം വഴിമുട്ടി കിടക്കുകയാണെന്നും തന്നെയും കുടുംബത്തെയും നശിപ്പിച്ചവരെ ഇല്ലാതാക്കി താനും മരിക്കും എന്നാണ് നൗഷാദ് ഇപ്പോൾ പറയുന്നത്. ഒന്നരക്കോടി രൂപ സുഹൃത്തുക്കൾ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സമാഹരിച്ചാണ് പാറക്കൽ അബ്ദുള്ളയുടെ സംഘത്തിന് നൽകിയത്. പണം സമാഹരിച്ചവർ വീട്ടിൽ വന്ന് പണം തിരിച്ച് ആവശ്യപ്പെടുന്നതും പണം നൽകാൻ സാധിക്കാത്തതും കാരണം മാനസികവും സാമ്പത്തികമായി തകർന്നുപോയ ഈ കുടുംബം ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്.