ടൊറന്റോ: എക്സ്‌പ്രസ് എൻട്രി സെലക്ഷൻ സംവിധാനത്തിലൂടെ കനേഡിയൻ ഇമിഗ്രേഷനുള്ള നറുക്കെടുപ്പിൽ 1505 പേർക്ക് പുതുതായി ക്ഷണം ലഭിച്ചു. കഴിഞ്ഞ ദിവസം സിറ്റിസൺ ആൻഡ് ഇമിഗ്രേഷൻ കാനഡ നടത്തിയ പത്താമത് നറുക്കെടുപ്പിലാണ് പിആറിനായി 1505 പേരെ ക്ഷണം നൽകിയിരിക്കുന്നത്. കോംപ്രെഹെൻസീവ് റാങ്കിങ് സിസ്റ്റത്തിൽ 459-ഓ അതിലധികമോ നേടിയവർക്ക് കനേഡിയൻ പെർമനന്റ് റെസിഡൻസിക്കായി അപേക്ഷ നൽകാം.

ഇതിനു മുമ്പ് ജനുവരിയിൽ നടത്തിയ ഡ്രോയിൽ 1468 ഉദ്യോഗാർഥികൾക്കാണ് ക്ഷണം ലഭിച്ചിരുന്നത്. കൂടാതെ മുമ്പു നടത്തിയ നറുക്കെടുപ്പിനെക്കാൾ കട്ട് ഓഫ് സ്‌കോറിൽ രണ്ട് പോയിന്റ് വർധനയും ഇമിഗ്രേഷൻ കാനഡ വരുത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ തൊഴിലാളികളെ കാനഡയിൽ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാൻ വേണ്ടി സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ കാനഡ ഈ വർഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്‌പ്രസ് എൻട്രി പ്രോഗ്രാം. കാനഡയുടെ ഫെഡറൽ എക്കണോമിക് പ്രോഗ്രാമുകളായ ദി കനേഡിയൻ എക്‌സ്പീരിയൻസ് ക്ലാസ്, ദി ഫെഡറൽ സ്‌കിൽഡ് വർക്കർ ക്ലാസ് ,ഫെഡറൽ സ്‌കിൽഡ് ട്രേഡ്‌സ് ക്ലാസ് എന്നിവയിലേക്കുള്ള കാനഡയുടെ ഇമിഗ്രേഷൻ മാനേജ്‌മെന്റ് സിസ്റ്റമാണ് എക്സ്‌പ്രസ് എൻട്രി.

കോംപ്രഹെൻസീവ് റാങ്കിങ് സിസ്റ്റ(സിആർഎസ്)ത്തിലേക്ക് അപേക്ഷ നൽകുന്ന അപേക്ഷകർക്ക് പോയിന്റ് സംവിധാനത്തിലൂടെയാണ് റാങ്ക് നിശ്ചയിക്കുന്നത്. അപേക്ഷകരുടെ പ്രൊഫൈൻ അനുസരിച്ചും അതിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും ഇവർക്ക് പോയിന്റുകൾ നൽകുന്നു. കൂടുതൽ പോയിന്റ് നേടുന്ന അപേക്ഷകർക്ക് ഇമിഗ്രേഷൻ കാനഡ ഇൻവിറ്റേഷൻ നൽകുകയാണ് പതിവ്. ഇവർക്ക് കാനഡയിൽ പെർമനന്റ് റെസിഡൻസിക്ക് പിന്നീട് അപേക്ഷ നൽകാവുന്നതാണ്.