കൊച്ചി: പൂണെയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കൈവശമുണ്ടായിരുന്ന നിലക്കടല പായ്ക്കറ്റ് മൂലം കൊച്ചി വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവം ഫേസ്‌ബുക്കിലൂടെ തുറന്ന് പറഞ്ഞ് യുവതി. തിരുവല്ല മഞ്ചാടിയിലെ തോംസൺ ബേക്കറിയിൽ നിന്നും പൂണെയിലേക്ക് കൊണ്ടുപോകാൻ വാങ്ങിയ നിലക്കടല കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചതാണ് യാത്രയ്ക്കിടെ പ്രശനം സൃഷ്ടിച്ചതെന്ന് ആൻ അനീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

'വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്ക്-ഇൻ സമയത്ത് എന്നെ പിടികൂടി, എന്റെ ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു, സ്‌കാൻ മെഷീൻ ചില ലോഹ ഇനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അത് എവിടെയാണെന്ന് അവർക്ക് കണ്ടെത്താനായില്ല, എന്നെ ചോദ്യം ചെയ്തു. ഏകദേശം 40 മിനിറ്റ് അവർ ഈ ലോഹം എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിച്ചു. ബാഗിലെ ഓരോ ഇനവും സ്‌കാൻ ചെയ്യാൻ അവർ തീരുമാനിച്ചു. ഒടുവിൽ സംശയം നിലക്കടല പാക്കറ്റിലായി. വീണ്ടും അവർ എന്നെ സംശയത്തോടെ നോക്കി, അതിൽ ഞാൻ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ചു. മുദ്രയിട്ട പാക്കറ്റ് തുറക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. തുറന്നപ്പോൾ 50 ഗ്രാം വരെ വരുന്ന ഒരു ലോഹ ഭാഗം' ഫേസ്‌ബുക്കിൽ യുവതി പറയുന്നു.

നിരപരാധിയാണെന്ന് എയർപോർട്ട് സ്റ്റാഫ് തിരിച്ചറിഞ്ഞപ്പോൾ വിട്ടയച്ചു, തോംസൺ ബേക്കറിയെതിരെ പരാതി നൽകാൻ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചുവെന്നും യുവതി പറയുന്നു. അശ്രദ്ധ മൂലം സംഭവിച്ചതാകാം അല്ലെങ്കിൽ ഉൽപ്പന്നത്തിന്റെ ഭാരം വർദ്ധിപ്പിക്കാൻ ബോധപൂർവം ചെയ്തതാണോ എന്ന് ഉറപ്പില്ലെന്നും യുവതി വ്യക്തമാക്കുന്നു.

ബേക്കറിയിൽ നിന്നും വാങ്ങിയ ഭക്ഷണസാധനത്തിൽ ഉണ്ടായിരുന്ന ലോഹ ഭാഗം കാരണം വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന അപമാനവും നിരാശയും യുവതി ഫേസ്‌ബുക്ക് കുറിപ്പിൽ തുറന്നു പറയുന്നുണ്ട്. കുറ്റവാളിയെന്ന രീതിയിൽ സംശയത്തോടെയാണ് എല്ലാവരും നോക്കിയത്. ഒരു കുറ്റവാളിയാണെന്ന രീതിയിലയിരുന്നു 40 മിനുറ്റോളം നീണ്ട പരിശോധന. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കെ ബാഗിലെ എല്ലാ വസ്തുക്കളും പുറത്തെടുത്ത് പരിശോധിക്കേണ്ടി വന്നുവെന്നും ഇവയൊക്കെ വീണ്ടും ശുചീകരിക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് 6 മണിക്ക് പുറപ്പെടുന്ന ഫ്ളൈറ്റിൽ ഏറ്റവും ഒടുവിലാണ് കയറാൻ സാധിച്ചത്. പരിശോധനയ്ക്കായി 5.45 വരെ അധികൃതർ തടഞ്ഞുവച്ചു. സഹയാത്രികർ താൻ എന്തോ തെറ്റു ചെയ്തെന്ന രീതിയിൽ ചർച്ച ചെയ്യുന്നത് കണ്ടതായും യുവതി പറയുന്നു. തനിക്ക് നേരിട്ട ദുരനുഭവത്തിന്റെ മാനസിക ആഘാതം മറികടക്കാൻ ഇപ്പോഴും കഴിയുന്നില്ലെന്ന് യുവതി പറയുന്നു.

അവർക്ക് ലോഹം കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ താൻ വലിയ കുഴപ്പത്തിലാകുമായിരുന്നു. ഒരു പക്ഷേ കരിയറിനെ ബാധിക്കുകയും ചെയ്യുമായിരുന്നു. ബേക്കറി അധികൃതരുമായി വിഷയം സംസാരിച്ചപ്പോൾ മോശമായ രീതിയിലാണ് പ്രതികരിച്ചത്.

പ്രൊഡക്ഷൻ മാനേജരുമായി സംസാരിച്ചപ്പോൾ പരാതി നൽകരുത്. ഉടമ നഷ്ടപരിഹാരം നൽകില്ല ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കും, പാവങ്ങളാണ് ജോലി പോകും എന്നായിരുന്നു മറുപടി.പിന്നീട് അയ്യായിരം രൂപ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞു, പിന്നിടീ 20000 രൂപ വരെ നൽകാമെന്ന് പറഞ്ഞു. തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുമെന്നും അറിയിച്ചു.

കോവിഡ് കാലത്തും മികച്ച രീതിയിൽ പ്രവർത്തിച്ച സ്ഥാപനമാണ്, നാലിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള സ്ഥാപനമാണ് ഉയർച്ചയ്ക്ക് കാരണം സ്ഥാപനത്തിലെ തൊഴിലാളികളാണ്. അവരുടെ ശമ്പളത്തിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുക എന്നതാണ് ഇവർ പറയുന്ന പരിഹാരം എന്നത് തന്നെ അതിശയിപ്പിച്ചെന്നും യുവതി പറയുന്നു.

സ്ഥാപന ഉടമയോട് സംസാരിച്ച ശേഷം മറുപടി അറിയിക്കാമെന്ന് പറഞ്ഞ പ്രൊഡക്ഷൻ മാനേജരുടെ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. മറ്റൊരു പ്രൊഡക്ഷൻ മാനേജരെ വിളിച്ചപ്പോഴും ഉടമയോട് സംസാരിച്ച് അറിയിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോൺ വിളിച്ചില്ല, തിരിച്ചു വിളിച്ചപ്പോൾ ഫോൺ ഓഫ് ചെയ്ത് വച്ചതായി മനസിലായി.

നിലക്കടല പായ്ക്കറ്റിൽ നൽകിയിരിക്കുന്ന കസ്റ്റമർ കെയർ മെയിൽ ഐഡിയിൽ വിവരങ്ങൾ വ്യക്തമാക്കി മെയിൽ ചെയ്തെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി സ്ഥാപനം ഉടമയ്ക്ക് സന്ദേശങ്ങൾ അയച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന് യുവതി പറയുന്നു.

പിന്നീട് വിളിച്ചപ്പോൾ ആദ്യം ഫോൺ എടുത്തത് ഡ്രൈവർ ആയിരുന്നു. ഉടമ പള്ളിയിലാണ് എന്ന് അറിയിച്ചു. പിന്നീട് വിളിച്ചപ്പോൾ മലയാളത്തിൽ സംസാരിക്കണം. ഇംഗ്ലീഷ് വശമില്ലെന്ന് ഉടമ പറഞ്ഞു. വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം അറിയിച്ചപ്പോൾ ഇതൊക്കെ സംഭവിക്കും. ഇത് എല്ലാവർക്കും സംഭവിക്കുന്നതാണ്. തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന മറുപടിയാണ് സ്ഥാപനം ഉടമയുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് നിസാരവൽക്കരിക്കുന്ന രീതിയിലാണ് ഉടമ സംസാരിച്ചത്. തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണ്. തനിക്ക് അതിൽ ഉത്തരവാദിത്തമില്ല എന്ന രീതിയിലായി പിന്നീട് ഉടമയുടെ സംസാരം.

നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയാണ് ഫോൺ വിളിച്ചെതെന്ന രീതിയിൽ ഉടമ പ്രതികരിച്ചതോടെ തനിക്ക് ആവശ്യത്തിന് സമ്പത്ത് ഉണ്ടെന്നും നിങ്ങളുടെ പണം ആവശ്യമില്ലെന്നും അറിയിച്ചു.

നിങ്ങൾ എന്താണെന്നുവച്ചാൽ ചെയ്തോളു എന്ന രീതിയിലായി പിന്നീട് ഉടമയുടെ സംസാരം. പിന്നീട് ഫോൺ കട്ട് ചെയ്തു. തനിക്ക് വിമാനത്താവളത്തിൽ നേരിട്ട അപമാനത്തിന് ക്ഷമ ചോദിക്കാൻ പോലും സ്ഥാപന ഉടമ തയാറായില്ലെന്നും യുവതി പറയുന്നു.

വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവത്തിന് പുറമെ കാരണക്കാരായ സ്ഥാപനത്തിന്റെ ഉടമയുടെ ഭാഗത്ത് നിന്നും ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണവും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ യുവതി തുറന്നുപറയുന്നുണ്ട്.

സ്ഥാപനത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതടക്കം ആലോചിക്കുന്നതായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആൻ അനീഷ് പറയുന്നു.