ന്യൂയോർക്ക്: മ്യാന്മാർ സൈന്യത്തിന്റെ ഔദ്യോഗിക പേജ് ഡിലീറ്റ് ചെയ്ത് ഫേസ്‌ബുക്ക്. മ്യാന്മാറിലെ പട്ടാള അട്ടിമറിയെ തുടർന്ന് സംഘർഷ സാധ്യതകൾ പരിഗണിച്ചാണ് നടപടി എന്നാണ് ഫേസ്‌ബുക്ക് വിശദീകരണം. ഫെബ്രുവരി ഒന്നിന് മ്യാന്മാറിൽ നടന്ന പട്ടാള അട്ടിമറിയെ തുടർന്ന് കഴിഞ്ഞ ദിവസം രണ്ട് പൗരന്മാർ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് ഫോസ്ബുക്ക് പട്ടാളത്തിന്റെ പേജിനെതിരെ നടപടി എടുത്തത്.

ടട്ട്മഡ എന്ന് അറിയപ്പെടുന്ന മ്യാന്മാർ സൈന്യത്തിന്റെ 'ട്രൂ ന്യൂസ്' എന്ന പേജാണ് ഇപ്പോൾ ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്തിരിക്കുന്നത്. 'ആഗോളനയത്തിന്റെ അടിസ്ഥാനത്തിൽ, സംഘർഷ സാധ്യത കണക്കിലെടുത്താണ് പേജിനെതിരെ നടപടി എടുത്തത്'- ഫേസ്‌ബുക്ക് പ്രതിനിധിയുടെ പത്രകുറിപ്പ് പറയുന്നു. എന്നാൽ‍ സംഭവത്തോട് പ്രതികരിക്കാൻ മ്യാന്മാർ സൈന്യം തയ്യാറായില്ല. ശനിയാഴ്ച പ്രക്ഷോഭകാരികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പ്രക്ഷോഭകാരികള് കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം മ്യാന്മാറിലെങ്ങും സംഘർഷാവസ്ഥയാണ് എന്നാണ് റിപ്പോർട്ട്.

സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച മണ്ടാലെയിൽ പ്രകടനം നടത്തിയവർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേറ്റു. തലയ്ക്ക് വെടിയേറ്റ ഒരാൾ സംഭവസ്ഥലത്തും നെഞ്ചിന് വെടിയേറ്റ മറ്റൊരാൾ ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചത്. മ്യാന്മാറിലെ സ്ഥിതിഗതികൾ രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലോകരാജ്യങ്ങളുടെ ആഹ്വാനം അവഗണിച്ചാണ് പട്ടാളഭരണകൂടം മുന്നോട്ടുപോകുന്നത്. യു.എസ്., കാനഡ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകംതന്നെ മ്യാന്മാറിന് ഉപരോധമേർപ്പെടുത്തി. റഷ്യയുടെയും ചൈനയുടെയും പിന്തുണമാത്രമാണ് മ്യാന്മാർ സൈനിക സർക്കാരിനുള്ളത്.

മ്യാന്മർ നേതാവും സമാധാനത്തിനുള്ള നൊബൽ പുരസ്‌കാര ജേതാവുമായ ഓങ്ങ് സാൻ സൂ ചിക്കൊപ്പം മറ്റു ഭരണാധികാരികളെയെല്ലാം വീട്ടുതടങ്കിലാക്കിയായിരുന്നു പട്ടാള അട്ടിമറി. ഫെബ്രുവരി ഒന്നിന് അതിരാവിലെ അപ്രതീക്ഷിതമായി നടത്തിയ ഒരു ആക്രമണത്തിലൂടെയാണ് സൂ ചി ഉൾപ്പടെയുള്ള നേതാക്കളെ തടവിലാക്കിയതെന്ന് നാഷണൽ ലീഗ് ഫോർ ഡെമോക്രസി വക്താവ് അറിയിച്ചു. തികച്ചും വ്യാജമെന്ന് പട്ടാളം പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടായിരുന്നു അഭിപ്രായവ്യത്യാസം പൊട്ടിമുളച്ചത്. സൂ ചിക്കൊപ്പം പ്രസിഡണ്ട് വിൻ മൈന്റും തടവിലാണെന്നാണ് പാർട്ടി വക്താക്കൾ അറിയിച്ചത്.

ബർമ്മയുടെ ആദ്യകാല ചരിത്രം ഒറ്റനോട്ടത്തിൽ

ക്രിസ്തുവിന് ശേഷം 849 മുതൽക്കാണ് ബർമ്മ എന്ന രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അയൽരാജ്യങ്ങളുമായി നിതാന്ത യുദ്ധത്തിൽ ഏർപ്പെട്ടിരുന്നവരായിരുന്നു അക്കാലത്തെ ബർമ്മൻ രാജാക്കന്മാർ. എന്നിരുന്നലും തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവുംവലിയ സാമ്രാജ്യമായിരുന്നു അക്കാലത്ത് ബർമ്മ. 1885-ലെ മൂന്നാം ആംഗ്ലോ-ബർമ്മീസ് യുദ്ധത്തോടെയാണ് ബർമ്മയിൽ രാജഭരണത്തിന് അറുതി വരുന്നത്. നൂറിലധികം വ്യത്യസ്ത വംശജർ ഉള്ള ബർമ്മയിലെ പക്ഷെ 68 ശതമാനത്തോളം വരുന്ന ബാമർ വംശജരനാണ് ഭൂരിപക്ഷം.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവർ ജപ്പാനോടൊപ്പം ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ന്യുനപക്ഷമായ മറ്റു വംശജർ ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു. യുദ്ധത്തിനുശേഷം 1948-ൽ ബർമ്മ സ്വതന്ത്രയായപ്പോൾ ഈ വംശീയ വിരോധം അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. ബ്രിട്ടീഷുകാർ ബർമ്മ വിട്ടുപോയപ്പോൾ സ്വാഭാവികമായും അധികാരം ഭൂരിപക്ഷ വംശജരായ ബാമർ വംശക്കാരുടെ കൈകളിലെത്തി.

എന്നാൽ, സ്വാതന്ത്ര്യ സമര പോരാളികൂടിയായ ഓങ്ങ് സാൻ മറ്റു വംശക്കാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായി പിൻ-ലോംഗ് അഗ്രിമെന്റ് എന്ന ബർമ്മീസ് ഭരണഘടനയുടെ ശില്പികളിൽ പ്രമുഖനും ഇദ്ദേഹമായിരുന്നു. എന്നാൽ, അധികം താമസിയാതെ അദ്ദേഹം മരണപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. ഇതോടെ സമാധാനം ബർമ്മക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു.

ജനാധിപത്യ ഭരണകൂടമെന്ന പേരിൽ സർക്കാരുകൾ നിലവിൽ വന്നെങ്കിലും അവയിലൊക്കെയും ജനാധിപത്യം പേരിനു മാത്രമായിരുന്നു. 1962-ലെ അട്ടിമറിക്ക് ശേഷം പേരിനു മാത്രമുണ്ടായിരുന്ന ജനാധിപത്യവും ഇല്ലാതെയായി. ബർമ്മ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി എന്ന അതിതീവ്ര ദേശീയതയുടെ വക്താക്കൾ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയതോടെ ഏക പാർട്ടി സംവിധാനം ആവിഷ്‌കരിക്കപ്പെടുകയായിരുന്നു. എന്നാൽ 1988-ൽ മറ്റൊരു അട്ടിമറിയിലൂടെ സ്റ്റേർ പീസ് ആൻഡ് ഡെവെലപ്മെന്റ് കൗൺസിൽ (എസ് പി ഡി സി) അധികാരം പിടിച്ചെടുത്തതോടെ ഈ സമ്പ്രദായം അവസാനിച്ചു.

പിന്നീട് അവിടെ നടന്നത് അഭ്യന്തര അടിച്ചമർത്തലുകളും വേട്ടയാടലുകളുമായിരുന്നു. കരേൻ, കരേന്നി, മോൻ തുടങ്ങിയ ന്യുനപക്ഷ വംശങ്ങളിൽ പെട്ട ധാരാളം പേർക്ക് അയൽരാജ്യമായ തായ്ലാൻഡിൽ അഭയം തേടേണ്ടതായി വന്നു. രാജ്യം വിട്ടോടാൻ മടിച്ച വാ, ഷാൻ തുടങ്ങിയ ന്യുനപക്ഷ വംശങ്ങളിലെ ആളുകളുടേ സ്വത്തുക്കൾ പിടിച്ചെടുക്കുകയും അവരെ നിർബന്ധിത തൊഴിലിന് വിടുകയും ചെയ്തു.

പുതിയ ഭരണഘടനയും തെരഞ്ഞെടുപ്പും

പിന്നീട് 2008 ലാണ് അപ്പോഴേക്കും മ്യാന്മാർ ആയിക്കഴിഞ്ഞിരുന്ന ബർമ്മയ്ക്ക് പുതിയ ഭരണഘടന ഉണ്ടാകുന്നത്. മ്യാന്മാർ സൈന്യമായിരുന്നു ഈ ഭരണഘടന രൂപപ്പെടുത്തിയത്. 2008 മെയ്‌ 10ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പിൽ 99 ശതമാനം മ്യാന്മാർ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. അതിൽ 92.4% പേരുടെ അംഗീകാരത്തോടെയാണ് ഇത് നിലവിൽ വന്നത്. ഇതോടെ ബഹുപാർട്ടി സമ്പ്രദായത്തിലുൾല തെരഞ്ഞെടുപ്പും നിലവിൽ വന്നു.

2020-ലെ തെരഞ്ഞെടുപ്പ്

2010-ലെ തെരഞ്ഞെടുപ്പിൽ നാഷണൽ ലീഗ് ഓഫ് ഡെമോക്രസിക്കായിരുന്നു വിജയം. എന്നാൽ അവർക്ക് അധികാരത്തിൽ ഏറാനായില്ല. സൈനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയും പാശ്ചാത്യ രാജ്യങ്ങളും ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. എന്നാൽ, റഷ്യയും ചൈനയും ഇവർക്ക് അനുകൂലമായ നിലപാടുകളാണെ എടുത്തത്.

പിന്നീട് 2012 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച 44 മണ്ഡലങ്ങളിൽ 43 ലും ജയിച്ച് നാഷണൽ ലീഡ് ഫോർ ഡെമോക്രസി വീണ്ടും ശക്തിതെളിയിച്ചു. പിന്നീട് 2015-ൽ നടന്ന തെരഞ്ഞെടുപ്പ് അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ഇതിൽ വ്യക്തമായ ഭൂരിപക്ഷം നാഷണൽ ലീഗ് ഫോർ ഡെമോക്രസി കൈവരിച്ചു. എന്നിരുന്നാലും ഭരണഘടനാ വിലക്കുണ്ടായിരുന്നതിനാൽ പാർട്ടി നേതാവ് ഓങ്ങ് സാൻ സൂ ചി ക്ക് പ്രസിഡന്റ് സ്ഥാനത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ മറ്റൊരു നേതാവായ വിൻ മൈന്റ് പ്രസിഡണ്ടായും ഓങ്ങ് സാൻ സൂ ചി സ്റ്റേറ്റ് കൗൺസിലറായും പുതിയ സർക്കാർ നിലവിൽ വന്നു.

സർക്കാരും സൈന്യവും തമ്മിലുള്ള സംഘർഷം

ജനാധിപത്യ സമ്പ്രദായം നടപ്പിലായെങ്കിലും അധികാരം പൂർണ്ണമായും വിട്ടുകൊടുക്കാൻ സൈന്യം തയ്യാറായിരുന്നില്ല. മ്യാന്മാർ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫിന് ഇപ്പോഴും പാർലമെന്റിലേക്ക് 25 ശതമാനം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരമുണ്ട്. മാത്രമല്ല രാജ്യത്തിന്റെ സൈന്യത്തെ നിയന്ത്രിക്കുന്ന പ്രതിരോധ വകുപ്പിന് മേൽ സമ്പൂർണ്ണ അധികാരമുള്ള പ്രതിരോധ വകുപ്പ് മന്ത്രിയെ നിയമിക്കാനുള്ള അധികാരവും സൈനീക മേധാവിക്കാണ്. അതുപോലെ തന്നെ, പൊലീസിനെ നിയന്ത്രിക്കുന്ന അഭ്യന്തര വകുപ്പിന്റെയും, അതിർത്തി സുരക്ഷാ വകുപ്പിന്റെയും മന്ത്രിമാരെ നിശ്ചയിക്കുന്നതും പട്ടാള മേധാവിയാണ്.

നവംബർ തെരഞ്ഞെടുപ്പിനു ശേഷം പുതിയ പാർലമെന്റിന്റെ യോഗം ചേരാനിരിക്കവേയാണ് ഇപ്പോൾ അട്ടിമറി നടന്നിരിക്കുന്നത്. സൂ ചിയുടെ പാർട്ടിക്ക് വൻഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് സൈന്യം ആരോപിച്ചിരുന്നു. അവിടെ നിന്നാണ് സർക്കാരും സൈന്യവുമായുള്ള അഭിപ്രായവ്യത്യാസം ആരംഭിക്കുന്നത്. എന്നാൽ, ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, വിദേശ നയതന്ത്ര വക്താക്കൾ അനാവശ്യമായി മ്യാന്മാറിനെതിരെ കഥകൾ മെനയുകയാണെന്നായിരുന്നു മ്യാന്മാർ സൈന്യം പ്രതികരിച്ചത്.