തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ അത്യപൂർവ്വ സംഭവങ്ങളിലൊന്നിന് സാക്ഷിയാകേണ്ടി വന്ന ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരും അധികൃതരും. ഇന്ത്യയിൽ ഇതുവരെ ഔദ്യോഗികമായി നാല് പേരാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഇ സാഹചര്യത്തിൽ പാമ്പുകളിലെ രാജാവായ രാജവെമ്പാലയുടെ സവിശേഷതകൾ അറിയാം.പ്രധാനമായും വനമേഖലയിൽ കാണുന്ന രാജവെമ്പാല സൗമ്യപ്രകൃതക്കാരനാണ്. പ്രതിയോഗികളെ ഭയപ്പെടുത്തുന്നതല്ലാതെ അക്രമിക്കുന്ന രീതി പൊതുവേ രാജവെമ്പാലക്കുണ്ടാകാറില്ല.

ആവാസവ്യവസ്ഥ ഉൾവനത്തിലായതിനാൽ ഉപദ്രവകാരിയുമല്ല. മനുഷ്യസാന്നിധ്യം ഉണ്ടായാൽ അവിടെനിന്നും മാറിനിൽക്കും. ജനവാസ കേന്ദ്രങ്ങളിലെത്തിപ്പെട്ടാൽ ആളുകൾ ശല്യംചെയ്താലും നീളത്തിന്റെ മൂന്നിലൊരു ഭാഗം തറയിൽ നിന്നുയർന്ന് പത്തി വിടർത്തി പേടിപ്പിക്കുകയല്ലാതെ കടിക്കാറില്ല. ഇങ്ങനെ ഒരു പ്രകൃതക്കാരൻ എങ്ങിനെ കടിച്ചു എന്നതിന്റെ ഞെട്ടലിലാണ് ഇനിയും മൃഗശാലയിലെ അധികൃതർ.അപകടകാരികളായ മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ ബിഗ് ഫോർ വിഭാഗത്തിൽപ്പെട്ട പാമ്പുകളെ പോലെ ഉപദ്രവകാരിയല്ല രാജവെമ്പാല.

എങ്കിലും മറ്റു പാമ്പുകളെ അപേക്ഷിച്ച് ശേഖരിച്ച് വെക്കുന്ന വിഷത്തിന്റെ അളവാണ് രാജവെമ്പാലയുടെ പ്രതിയോഗികൾക്ക് ഭീഷണിയാകുന്നത്. മറ്റു വിഷപ്പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാലയുടെ വിഷത്തിന് വീര്യവും കുറവാണ്. എന്നാൽ ഇതിന്റെ വിഷസഞ്ചിയിൽ 6-7 മില്ലി വരെ വിഷമുണ്ടാകും. മറ്റു പാമ്പുകൾക്ക് ഇതിന്റെ പത്തിലൊന്ന് വിഷം മാത്രമേ സംഭരിക്കാൻ സാധിക്കു.ഒരു കടിയിൽ 20 മനുഷ്യനെ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാൻ രാജവെമ്പാലയ്ക്ക് സാധിക്കും. മനുഷ്യശരീരത്തിലെ നാഡീവ്യൂഹത്തെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക. വിഷത്തിന്റെ അളവ് കൂടുതലായതിനാൽ ഒരു കടിയേൽക്കുമ്പോൾ തന്നെ കൂടുതൽ വിഷം മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കും. നിമിഷ നേരത്തിനുള്ളിൽ ജീവൻ നഷ്ടപ്പെടാൻ ഇതാണ് കാരണമെന്നും വിദഗ്ദ്ധർ പറയുന്നു.

പരമാവധി അഞ്ചര മീറ്റർ വരെയാണ് ഇവയുടെ നീളം. ഒമ്പത് കിലോഗ്രാം വരെ ഭാരവുണ്ടാകും. 18-20 വയസ് വരെ ഇവ ജീവിക്കും. മുഖ്യമായും മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ഭക്ഷണം. മറ്റു ചെറുജീവികളേയും ഇവ ഭക്ഷണമാക്കാറുണ്ട്. ഇത്തരം പ്രത്യേകകൾ ഉള്ളത്‌കൊണ്ട് തന്നെ രാജവെമ്പാലയുടെ വിഷത്തിന് പ്രതിവിധിയായുള്ള ആന്റീവനം ഉത്പാദിപ്പിക്കുന്നതിലും നമ്മൾ അത്ര ഗൗരവം കാണിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതിന്റെ ഉദാഹരമാണ് പ്രതിവിധിയായി തായ്‌ലന്റിൽ നിന്നുള്ള ആന്റീവനം ഉപയോഗിക്കേണ്ടിവരുന്നത്.

ഇതുതന്നെ എത്രത്തോളം ഫലപ്രദമാണെന്ന് ധാരണയില്ല. കാരണം തായ്ലാൻഡിൽ കാണുന്ന രാജവെമ്പാലകൾക്കുള്ള ആന്റിവെനമാണിത്. ഇന്ത്യയിലുള്ള രാജവെമ്പാലകൾക്ക് ഇതിൽനിന്ന് വ്യത്യാസമുണ്ടാകും. അതിനാൽ ഇവ നമ്മുടെ നാട്ടിൽ എത്രത്തോളം ഫലപ്രദമാണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. ഇത്തരം പഠന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. രാജവെമ്പാലയുടെ കടിയേൽക്കുന്ന സംഭവങ്ങൾ ഇന്ത്യയിൽ വളരെ കുറവാണ്. അപൂർവമായി മാത്രമേ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഉപയോഗം വരാത്തതിനാലാണ് ഇതിനുള്ള ആന്റിവെനം നിർമ്മിക്കാത്തതെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.

അടിയന്തര സാഹചര്യങ്ങളിൽ പാമ്പുകളെ തിരിച്ചറിയാനും കടിയേറ്റാൽ പ്രഥമ ശുശ്രൂഷ നൽകാനും സൗകര്യപ്രദമായുള്ള ആപ്പാണ് സ്‌നേക്ക് പീഡിയ. ആന്റിവെനം എവിടെയെല്ലാം ലഭിക്കും എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ഡോക്ടർമാരും ഗവേഷകരും ചേർന്ന് നിർമ്മിച്ച ആപ്പാണിത്. റെസ്‌ക്യൂ ഓപ്പറേഷനായി വനം വകുപ്പിന്റെ സർപ്പ എന്ന മൊബൈൽ ആപ്പും ലഭ്യമാണ്.

വ്യാഴാഴ്ച ഉച്ചയോടെ പാമ്പിൻകൂട് വൃത്തിയാക്കുന്നതിനിടെയാണ് കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. 13 വർഷത്തോളമായി മൃഗശാലയിൽ വന്യജീവികൾക്കൊപ്പമായിരുന്നു ഹർഷാദിന്റെ ജീവിതം. മൃഗശാലയിലുണ്ടായിരുന്ന രാജവെമ്പാലകൾ ചത്തതിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് പുതിയതായി മൂന്ന് രാജവെമ്പാലകളെ മംഗളൂരുവിൽനിന്നും എത്തിച്ചത്. മൂന്ന് മാസമായതിനാൽ ഹർഷാദുമായി രാജവെമ്പാല ഇണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. കടിയേറ്റ ഉടൻ ഹർഷാദിന് ആന്റി വെനം കുത്തിവെപ്പ് നൽകിയില്ലെന്നും ജീവനക്കാർ ആരോപിച്ചിരുന്നു.മരണപ്പെട്ട ഹർഷാദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നാൽ മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാവൂ.